നസ്‌ലെനും, മാത്യു തോമസും, സംഗീത് പ്രതാപുമെല്ലാം അടങ്ങുന്ന മലയാളത്തിലെ യുവതാരനിരയില്‍ തന്റെതായ സ്ഥാനം സൃഷ്ടിക്കാനും ഒരുകൂട്ടം ആരാധകരെ സൃഷ്ടിച്ചെടുക്കാനും സാധിച്ച അഭിനേതാവാണ് സന്ദീപ് പ്രദീപ്. ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സന്ദീപ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മോളിവുഡില്‍ സന്ദീപ് തന്റെ സ്‌പേസ് അരക്കിട്ടുറപ്പിച്ചിരുന്നു.

മനു സ്വരാജ് രചനയും സംവിധാനവും നിര്‍വഹിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പടക്കളത്തിലെ ജിതിന്‍ എന്ന കഥാപാത്രമായിട്ടുള്ള പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ട് മാനറിസങ്ങള്‍ അവതരിപ്പിച്ച താരത്തിന്റെ പെര്‍ഫോമന്‍സിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്. എന്നാല്‍ അടുത്തിടെ ‘പടക്കളം സന്ദീപ്’ എന്ന് താരത്തെ പരിഹാസ രൂപേണ വിളിക്കുന്ന പോസറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. താരത്ത മോശമായി ചിത്രീകരിക്കുന്ന വിധത്തിലായിരുന്നു ഈ പോസ്റ്റുകളെല്ലാം പ്രത്യക്ഷപ്പെട്ടത്.

പടക്കളം. Photo: Movie Talkies

ഇപ്പോഴിതാ പലരും തന്നെ ഈ പേരില്‍ വിളിക്കുന്നതിനെ കുറിച്ച് സന്ദീപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രമായ കോസ്മിക് സാംസണുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

‘പടക്കളം സന്ദീപ് എന്ന് വിളിക്കുന്നത് സ്‌നേഹമായിട്ടാണ് ഞാന്‍ കാണുന്നത്. എല്ലാ സിനിമകളും നമുക്ക് അങ്ങനെയൊരു ബ്രേക്ക് ത്രൂ തരണമെന്നില്ല. ഒരു പര്‍ട്ടിക്കുലര്‍ സിനിമയായിരിക്കും നമുക്കൊരു മാറ്റം തരുന്നത്. എന്റെ കരിയറിന്റെ ഗ്രാഫ് കുറച്ചധികം ഉയര്‍ത്തി തന്ന സിനിമയായിട്ടാണ് എനിക്ക് പടക്കളം തോന്നിയിട്ടുള്ളത്.

പടക്കളം ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ ബിജു ചേട്ടനോട് നമ്മുടെ പടം ഇറങ്ങുന്നത് അധികം ആര്‍ക്കും അറിയത്തില്ല, അത് ഞങ്ങളെല്ലാം അഭിനയിച്ചത് കൊണ്ടായിരിക്കും എന്ന് പറഞ്ഞിരുന്നു. ആകെ സുരാജേട്ടനെയും ഷറഫുക്കയെയും മാത്രമേ അറിയുള്ളൂ. ബാക്കി ഞങ്ങളെല്ലാം പുതിയ പിള്ളേര്‍ ആണല്ലോ. പക്ഷേ പടം ഇറങ്ങുമ്പോള്‍ നന്നാവും എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ റിലീസായി ആദ്യത്തെ മൂന്ന് നാല് ദിവസം കാര്യമായി റെസ്‌പോണ്‍സ് ഒന്നും ഉണ്ടായിരുന്നില്ല. ഒരാഴ്ച കഴിയാനായപ്പോഴാണ് അത് പിക്കപ്പ് ആയി തുടങ്ങിയത്.

തിയേറ്ററില്‍ നിന്നും അത്യാവിശ്യം കൊമേഷ്യലി സക്‌സസ് ആയി പോയി. അത് കഴിഞ്ഞ് ഒ.ടി.ടി.യില്‍ വന്നപ്പോഴാണ് ഈ ബൂം സംഭവിച്ചത്. ആര്‍ക്കും ഈ സിനിമ അറിയില്ലല്ലോ എന്ന എന്റെ ധാരണയില്‍ നിന്നും ഇന്ന് കേരളത്തിലെ എല്ലാവര്‍ക്കും അത് അറിയുന്നുണ്ടെങ്കില്‍ അതാണ് ഞാന്‍ അതില്‍ നിന്നും എടുക്കുന്ന സക്‌സസ് ആയിട്ടുള്ള പോയിന്റ്.

പടക്കളം. Photo: Movie Talkies

ഫാലിമി ഇറങ്ങിയപ്പോള്‍ എനിക്കധികവും അനിയന്‍ ക്യാരക്ടര്‍, മകന്‍, അമ്മാവന്റെ പേരക്കുട്ടി, തുടങ്ങിയ റോളെല്ലാം ആണ് ലഭിച്ചത്. പടക്കളം കഴിഞ്ഞപ്പോഴാണ് കുറച്ചുകൂടി ലീഡ് സ്‌പേസിലേക്കും ആക്ഷന്‍ ഒറിയന്റഡും നോക്കാം, മാസ് പുള്ളോഫാക്കാന്‍ പറ്റും എന്നെല്ലാം ഉള്ള ചിന്ത നല്‍കിയത്. ആ ഒരു ട്രാന്‍സിഷന്‍ കൊണ്ടുവരുന്ന ഷേഡ്‌സാണിതെല്ലാം,’ സന്ദീപ് പറഞ്ഞു.

 

Content Highlight: Sandeep Pradeep talks about title Padakkalam Sandeep