മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് അമരം. മലയാളത്തിലെ അതുല്ല്യ കലാകാരന്‍ ഭരതന്‍ രചിച്ച ചലച്ചിത്രകാവ്യത്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും മുരളിയും ജീവന്‍ നല്‍കിയപ്പോള്‍ പകരംവെക്കാനില്ലാത്ത സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് ചിത്രം സമ്മാനിച്ചത്. അമരത്തിലെ പ്രകടനത്തിന് കെ.പി.എ.സി ലളിതക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറ് തവണയും നേടിയ മധു അമ്പാട്ടായിരുന്നു അമരത്തിന് ക്യാമറ ചലിപ്പിച്ചത്. മാര്‍ക്ക് പ്രൊഡക്ഷന്റെയും സിംഫണി ക്രിയേഷന്റെയും ബാനറില്‍ ചിത്രം ചിത്രം നിര്‍മിച്ചത് ബാബു തിരുവല്ലയായിരുന്നു. മാതു, അശോകന്‍, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

അമരം. Photo: BTV

2024ല്‍ 4കെ ദൃശ്യമികവോടെ ചിത്രം റീ റിലീസിനെത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു രണ്ടാം വരവില്‍ ചിത്രത്തിന് ലഭിച്ചത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ പഴയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചും കടലിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചും നിര്‍മാതാവ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘അന്നത്തെ കാലത്ത് 15-20 ലക്ഷം വരെയുണ്ടെങ്കില്‍ ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാന്‍ കഴിയും. അതിന്റെ ഒക്കെ ഇരട്ടിയായിരുന്നു അമരത്തിന് ചെലവായത്. ആര്‍ടിസ്റ്റുകള്‍ മാറി അഭിനയിക്കേണ്ടി വന്നതടക്കം ഒരുപാട് പ്രശ്‌നങ്ങള്‍ സിനിമയ്ക്കുണ്ടായിരുന്നു. ചിത്രത്തിലെ കടലിലെ സീനുകളെല്ലാം റിയലായി ഷൂട്ട് ചെയ്തതാണ്. വേറെ ഒരു ടെക്‌നിക്കും ചെയ്യാന്‍ പറ്റില്ലായിരുന്നു.

അമരം. Photo: TOI

ഷൂട്ടിന് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകളൊന്നും ഇല്ലായിരുന്നു. കടലില്‍ പോയി ഷൂട്ട് ചെയ്യുക എന്നത് മാത്രമായിരുന്നു ഏകവഴി. ഞാനും ഭരതനും കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിനിന്നിട്ടുണ്ട്. ഒന്ന് ഇളകുമ്പോള്‍ തന്നെ ക്യാമറ ചെരിഞ്ഞ് പോകുന്നത് കൊണ്ട് ഒരുപാട് എക്‌സ്‌പോസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇനി അങ്ങനെ കടല്‍ പശ്ചാത്തലമാക്കിയൊരു സിനിമ വന്നാല്‍ ആര്‍ട്ടിഫിഷ്യലായിട്ടേ ഷൂട്ട് ചെയ്യുകയുള്ളൂ,’ ബാബു തിരുവല്ല പറഞ്ഞു.

Content Highlight: Amaram producer Babu Thiruvalla talks about cost for making Amaram movie