ഗംഭീര കണ്ടന്റുകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് കേരളത്തിലെ സിനിമാപ്രേമികളെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. റിലീസിന് മുമ്പ് കേരളത്തില്‍ വലിയ ചലനമുണ്ടാക്കാതിരുന്ന രാമായണ കേരള ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതി. ഒരു ബോളിവുഡ് ചിത്രം കേരളത്തില്‍ നിന്ന് നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തം പേരിലാക്കി.

റിലീസ് ചെയ്ത് 23ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് രാമായണ നേടിയത്. ആദ്യദിനം വെറും മൂന്ന് കോടി മാത്രം നേടിയ ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് മുന്നേറിയത്. പല സ്‌ക്രീനുകളിലും രണ്ടാം വാരം മുതല്‍ ഹൗസ്ഫുള്‍ ഷോകളുമായി നിറഞ്ഞുനിന്ന രാമായണ 13ാം ദിനം 50 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു.

ഇപ്പോഴിതാ മൂന്ന് വാരം പിന്നിട്ടപ്പോള്‍ 75 കോടി എന്ന റെക്കോഡും ചിത്രം സ്വന്തമാക്കി. കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ 13ാം സ്ഥാനമാണ് രാമായണക്ക്. ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ ഹിറ്റായ ആവേശം (76.4 കോടി), നിവിന്‍ പോളിയുടെ സര്‍വ്വം മായ (78 കോടി), പൃഥ്വിയുടെ ബ്ലോക്ക്ബസ്റ്റര്‍ ആടുജീവിതം (79 കോടി) എന്നീ ചിത്രങ്ങളാണ് രാമായണയുടെ മുന്നിലുള്ളത്.

ഇനി അഞ്ച് കോടി കൂടി നേടാനായാല്‍ ജയിലര്‍ 2നെ മറികടന്ന് കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രമായി രാമായണക്ക് മാറാന്‍ സാധ്യതയുണ്ട്. 80 കോടിയാണ് ജയിലര്‍ 2 കേരളത്തില്‍ നിന്ന് നേടിയത്. രണ്ട് അന്യഭാഷാ ചിത്രങ്ങള്‍ കേരള ബോക്‌സ് ഓഫീസില്‍ ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് അപൂര്‍വ കാഴ്ചയാണ്.

പുത്തന്‍ റിലീസുകള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ എല്ലാ ദിവസവും ഒരു കോടിക്ക് മുകളില്‍ നേടാന്‍ രാമായണക്ക് സാധിക്കുന്നുണ്ട്. 22ാം ദിവസമായ ഇന്നലെ 1.20 കോടിയായിരുന്നു ചിത്രം നേടിയത്. ലോങ് റണ്ണിന്റെ എല്ലാ സാധ്യതകളും മുന്നിലുള്ളതിനാല്‍ ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും ഉയരാനാണ് സാധ്യത. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരള ബോക്‌സ് ഓഫീസിലെ ടോപ് 10ല്‍ രാമായണയും ഇടംപിടിച്ചേക്കും.

ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം പ്രൊമോഷന്‍ നടത്തിയെങ്കിലും കേരളത്തില്‍ മാത്രം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു ഇവന്റും നടത്തിയിരുന്നില്ല. മറ്റ് ഇന്‍ഡസ്ട്രികളെ ഞെട്ടിച്ചുകൊണ്ട് ഇത്രയും വലിയ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ചരിത്രവിജയം സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

Content Highlight: Ramayana collected 75 crores from  Kerala Box Office