തിയേറ്റര്‍ കളക്ഷനൊപ്പം തന്നെ നിര്‍മാതാക്കള്‍ക്ക് ലാഭം നല്‍കുന്ന കാര്യങ്ങളാണ് ഡിജിറ്റല്‍- സാറ്റലൈറ്റ് ഡീലുകള്‍. വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വലിയ തുക നല്‍കി സ്വന്തമാക്കാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുന്‍പന്തിയില്‍ നില്‍ക്കാറുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ ചാനല്‍ പ്രീമിയറിന് അധികമാരും പ്രാധാന്യം നല്‍കാറില്ലെങ്കിലും സാറ്റലൈറ്റ് റൈറ്റ്‌സും സിനിമാവ്യവസായത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ചില സിനിമകള്‍ തിയേറ്ററില്‍ വലിയ കളക്ഷന്‍ നേടി, വമ്പന്‍ തുകയ്ക്ക് ഒ.ടി.ടിക്ക് വിറ്റുപോയാലും സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകാറില്ല. അത്തരത്തിലൊന്നാണ് തെലുങ്ക് ചിത്രം ദേവര. തെലുങ്കിലെ സൂപ്പര്‍താരങ്ങളിലൊരാളായ ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത് 2024ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം കഷ്ടിച്ച് ഹിറ്റാവുകയായിരുന്നു.

ദേവര Photo: T Series Telugu
300 കോടിക്ക് ചെലവഴിച്ച് ഒരുക്കിയ ചിത്രം 400 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഒ.ടി.ടി വമ്പന്മാരായ നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തെ സ്വന്തമാക്കിയത്. എന്നാല്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒറ്റ ചാനലും ദേവരയെ ഏറ്റെടുത്തിട്ടില്ല. തെലുങ്കിലെ സൂപ്പര്‍താരത്തിന്റെ സിനിമയെ ഒരു ചാനലും സ്വന്തമാക്കാത്തത് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞദിവസം ദേവരയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് സോണി തെലുഗു സ്വന്തമാക്കിയെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സോണി ഇതുവരെ തെലുങ്ക് ചാനല്‍ ആരംഭിച്ചില്ല എന്നതാണ് ഈ റിപ്പോര്‍ട്ടിലെ ഹൈലൈറ്റ്. 2027ല്‍ ചാനല്‍ ലോഞ്ച് ചെയ്‌തേക്കുമെന്നും ആ സമയം ദേവര പ്രീമിയര്‍ ടെലികാസ്റ്റ് ചെയ്യുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേവര Photo: Cine track/ X.com
തെലുങ്കിലെ ടോപ് ചാനലുകളായ മാ ടി.വി, സ്റ്റാര്‍ തെലുഗു തുടങ്ങി ടോപ് ചാനലുകള്‍ ചിത്രം ഏറ്റെടുക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. തെലുങ്കില്‍ ഒട്ടും സ്വീകാര്യതയില്ലാത്ത ഇ.ടി.വി പോലും ദേവരയുടെ റൈറ്റ്‌സ് സ്വന്തമാക്കാത്തത് ട്രോള്‍ പേജുകളില്‍ കണ്ടന്റായി. ചാനല്‍ പ്രീമിയര്‍ നടത്താത്ത ബ്ലോക്ക്ബസ്റ്ററെന്നാണ് ദേവരയെ ട്രോളന്മാര്‍ വിശേഷിപ്പിക്കുന്നത്.
ലോഞ്ചാകാത്ത ചാനലില്‍ ദേവര പ്രീമിയര്‍ ചെയ്യുമെന്ന വാര്‍ത്ത പോലും ഇപ്പോള്‍ ട്രോള്‍ മെറ്റീരിയലാണ്. ഇത്രയും കളക്ഷന്‍ കിട്ടിയ ചിത്രത്തെ ഒരു ചാനലും ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് പലരും ചോദിക്കുന്നുണ്ട്. ദേവര റിലീസ് ചെയ്ത് രണ്ട് വര്‍ഷത്തിനിപ്പുറവും ജൂനിയര്‍ എന്‍.ടി.ആറിന്റെ മറ്റൊരു ചിത്രം റിലീസാകാത്തതും ആരാധകരില്‍ നിരാശയുണ്ടാക്കുന്നുണ്ട്.
#GulteExclusive: #Devara FINALLY FINDS A SATELLITE PARTNER! SONY Telugu has acquired the satellite telecast rights of the film. https://t.co/WVmg8htrOu
— Gulte (@GulteOfficial) November 23, 2026
Content Highlight: Trolls on Devara’s satellite rights viral in social media
