ന്യൂദൽഹി: ചരിത്രപ്രസിദ്ധമായ 2020-ലെ കർഷക പ്രക്ഷോഭത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് സംയുക്ത കിസാൻ മോർച്ചയുടെയും (എസ്.കെ.എം) അഖിലേന്ത്യാ കിസാൻ സഭയുടെയും (എ.ഐ.കെ.എസ്) നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത് സംഘർഷത്തിന് ഇടയാക്കി.

2020 നവംബർ 26-ന് ആരംഭിച്ച സമരത്തിന്റെ ആറാം വാർഷിക ദിനത്തിൽ ന്യൂദൽഹിയിൽ കാളിബാരിയിൽ നിന്ന് ജന്തർ മന്തറിലേക്ക് കർഷകർ മാർച്ച് നടത്തി. പൊലീസ് മാർച്ച് തടഞ്ഞെങ്കിലും കർഷകർ പ്രതിഷേധം തുടർന്നു.

തിക്രി അതിർത്തിയിൽ ഒത്തുകൂടാനുള്ള എസ്.കെ.എം ആഹ്വാനത്തെ തുടർന്ന് ദൽഹിയിലേക്ക് നീങ്ങുകയായിരുന്ന കർഷക നേതാക്കളെയും പ്രവർത്തകരെയും ഹരിയാനയിലെ ഹിസാറിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി 11 മണി മുതൽ ലഡ്വ, ഖരാർ, നയാന, ചിരോദ്, നാർനൗന്ദ്, ബഗ്ല, ജഖോൾ ഖേര, കനോഹ്, ഖേദാർ തുടങ്ങിയ ഗ്രാമങ്ങളിലെ കർഷക നേതാക്കളുടെ വീടുകൾക്ക് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ലഡ്വ, ഭാഗാന ഗ്രാമങ്ങൾക്കിടയിൽ വെച്ച് കർഷക നേതാവ് ഷംഷേർ സിംഗ് ലഡ്വയെ പൊലീസ് തടയുകയും ആദംപൂർ പൊലീസ് കപൂർ സിംങ് ബഗ്ലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിൽ പ്രതിഷേധ പരിപാടികൾക്കിടെ അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് അമൽ ഹൽദറിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമുണ്ടായി.

മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഉറപ്പ് നൽകുക, 2021 ഡിസംബർ ഒമ്പതിന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ നടപ്പിലാക്കുക, കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുക, വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണ നീക്കങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യ–അമേരിക്ക വ്യാപാര കരാർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. തുടർന്ന് രാഷ്ട്രപതിക്കുള്ള നിവേദനം അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡി.സി.പി) ഏറ്റുവാങ്ങി.

ഇതിനുപുറമെ, വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ നടപടി (എസ്.ഐ.ആർ) പിൻവലിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നടപടി സ്വീകരിക്കുക, മുൻ പ്രക്ഷോഭത്തിൽ മരിച്ച 750 കർഷകർക്ക് രക്തസാക്ഷി പദവി നൽകുകയും തിക്രി അതിർത്തിയിൽ സ്മാരകത്തിനായി ഭൂമി അനുവദിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളും കർഷകർ മുന്നോട്ടുവെച്ചു.

ഭരണകൂടത്തിന്റേത് ധാർഷ്ട്യമാണെന്ന് ആരോപിച്ച കർഷക സംഘടനകൾ, പൊലീസ് നടപടിക്കെതിരെ നിശബ്ദരാകില്ലെന്നും വലിയൊരു സമരത്തിനുള്ള തന്ത്രങ്ങൾ ഉടൻ ആവിഷ്കരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Content Highlight:During the farmers’ protest, police took leaders and activists into custody in various parts of the country.