ന്യൂദൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന് നൽകിയ പരിഗണന തനിക്കും നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ് വധക്കേസിലെ പ്രതി ബൽവന്ത് സിങ് രാജോന സുപ്രീം കോടതിയെ സമീപിച്ചു.
മുപ്പത് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന തന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നാണ് പ്രതിയുടെ ആവശ്യം. സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് അയാൾ ഒരു വഴിതെറ്റിയ യുവാവായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അദ്ദേഹം അങ്ങനെയല്ല ഒരുപാട് പരിഷ്കരിക്കപ്പെട്ടുവെന്നും രജോണയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു.
രാജീവ് ഗാന്ധി ഘാതകൻ പേരറിവാളന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയും 30 വർഷം ജയിലിൽ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ശിക്ഷ ഇളവ് നൽകുകയും ചെയ്ത കാര്യം റോഹ്തഗി വാദിച്ചു.
തന്റെ കക്ഷിയും മുപ്പത് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് ഇതേ ഇളവ് അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ലെന്ന് കുറ്റവാളിതന്നെ പറഞ്ഞിട്ടുണ്ടെന്നും ആയതിനാൽ അദ്ദേഹത്തിന് യാതൊരു ഇളവും നൽകേണ്ടതില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ എ.എസ്.ജി കെ.എം നടരാജ് വാദിച്ചു.
എന്നാൽ 30 വർഷം മുമ്പ് വിചാരണയ്ക്കിടെയാണ് ഈ പ്രസ്താവന നടത്തിയതെന്നും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹത്തിന് സ്വാതന്ത്ര്യം നിഷേധിക്കാൻ അത് ഒരു കാരണമാകരുതെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു.
Content Highlight:Assassin of former Punjab Chief Minister Beant Singh approaches Supreme Court, citing the remission of Perarivalan’s sentence.
