ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയാണ് ഇസ്രഈല്‍ അധികൃതര്‍ ശിക്ഷ വിധിക്കുന്നതെന്ന് ഇസ്രഈല്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്.

‘പബ്ലിക് കമ്മിറ്റി എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ ഇന്‍ ഇസ്രഈല്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിനും നീതിന്യായ വ്യവസ്ഥയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്.

2016 മുതല്‍ 2026 വരെയുള്ള കാലയളവില്‍ സംഘടന പരിശോധിച്ച 42 പീഡന പരാതികളില്‍ 33 എണ്ണത്തിലും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് കുറ്റസമ്മതം നടത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശാരീരിക മര്‍ദനം, ഉറക്കമൊഴിക്കല്‍, കഠിനമായ രീതിയിലുള്ള ഇരിപ്പ് തുടങ്ങിയ പീഡനമുറകളാണ് ഇതിനായി ഉപയോഗിച്ചത്. സംഘടന നിരീക്ഷിച്ച 29 കേസുകളില്‍ 25 എണ്ണത്തിലും തടവുകാര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഇതില്‍ ഭൂരിഭാഗവും കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒത്തുതീര്‍പ്പുകളിലൂടെയായിരുന്നു. 2021ലെ ഒരു കേസില്‍, പീഡനത്തിലൂടെ നല്‍കിയ കുറ്റസമ്മത മൊഴി തെറ്റാണെന്ന് പിന്നീട് വീഡിയോ തെളിവുകളിലൂടെ വ്യക്തമായതിനെ തുടര്‍ന്ന് തടവുകാരനെ കോടതി വെറുതെ വിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2001 മുതല്‍ 2024 വരെ ഷിന്‍ ബെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ച 1,680 പരാതികളില്‍ ബഹുഭൂരിപക്ഷത്തിലും ഇസ്രഈല്‍ നീതിന്യായ മന്ത്രാലയത്തിന്റെ മേല്‍നോട്ട വിഭാഗമായ ‘മാവ്താന്‍’ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വിചാരണ വേളയില്‍ തടവുകാരുടെ പീഡന ആരോപണങ്ങള്‍ അവഗണിക്കുന്നതിലൂടെ ഇസ്രഈലി കോടതികള്‍ ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാരി ബാഷി ആരോപിച്ചു.

അതേസമയം, റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇസ്രഈല്‍ നീതിന്യായ മന്ത്രാലയം പൂര്‍ണമായും തള്ളിക്കളഞ്ഞു. നിയമനടപടികള്‍ അട്ടിമറിക്കാന്‍ വേണ്ടി ഭീകരവാദ കേസുകളിലെ പ്രതികള്‍ കെട്ടിച്ചമയ്ക്കുന്ന പരാതികളാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചോദ്യം ചെയ്യലുകള്‍ നിയമവിധേയമായി മാത്രമാണ് നടക്കുന്നതെന്നും, വിശ്വാസയോഗ്യമായ പരാതികളില്‍ കൃത്യമായ അന്വേഷണം നടത്താറുണ്ടെന്നുമാണ് ഇസ്രഈല്‍ അധികൃതരുടെയും ജയില്‍ വകുപ്പിന്റെയും ഔദ്യോഗിക നിലപാട്.

Content Highlight: Palestinian prisoners tortured into making confessions: Human rights organization makes serious allegations against Israel