ടെല്‍അവീവ്: ഫലസ്തീനികളെയും മുസ്‌ലിങ്ങളെയും വംശീയമായി അധിക്ഷേപിച്ച് സ്ഥാനമൊഴിയുന്ന ഇസ്രഈല്‍ പൈതൃക മന്ത്രി അമിച്ചായ് എലിയാഹു. ഫലസ്തീനികളും മുസ്‌ലിങ്ങളും അപരിഷ്‌കൃതരും ഒട്ടകസവാരിക്കാരുമാണെന്നായിരുന്നു എലിയാഹുവിന്റെ പരാമര്‍ശം.

ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ നടത്തിയ സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഇസ്രഈലിലെ അറബ് സമൂഹത്തിനിടയിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ഒരു പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘ഓട്‌സ്മ യെഹൂദിത്’ അംഗമായ എലിയാഹുവിന്റെ വിവാദ പ്രസംഗം.

അറബ് നിയമസഭാംഗങ്ങള്‍ സഭയിലുള്ളപ്പോഴായിരുന്നു മന്ത്രിയുടെ ഈ അധിക്ഷേപ പരാമര്‍ശങ്ങള്‍.
അറബ് നിയമസഭാംഗങ്ങള്‍ക്ക് ‘വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്’ എന്ന് പ്രസംഗത്തിനിടെ എലിയാഹു പറഞ്ഞു.

ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ സിറിയന്‍ പൈതൃകം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മന്ത്രി, അറബികളുടെ പിന്നാക്കാവസ്ഥ ജനിതകമല്ലെന്നും മറിച്ച് സാംസ്‌കാരികമാണെന്നും അവകാശപ്പെട്ടു. കൂടാതെ, സെപ്റ്റംബര്‍ 11 ഭീകരാക്രമണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മുസ്‌ലിങ്ങള്‍ ആഗോളതലത്തില്‍ നാശം വിതയ്ക്കുകയാണെന്നും ‘യൂറോപ്പിനെ നശിപ്പിക്കുകയാണെന്നും’ അദ്ദേഹം ആരോപിച്ചു.

‘പരസ്പരം കൊന്നൊടുക്കുന്നതിനും മറ്റ് ജനവിഭാഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനും പകരം സ്വന്തം കാലില്‍ നിന്ന് പോരാടൂ,’ എന്ന് ഗസയില്‍ അണുബോംബിടാന്‍ നിര്‍ദേശിച്ച മന്ത്രി പറഞ്ഞു.

ഫലസ്തീനികള്‍ക്ക് തങ്ങളുടെ തെരുവുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ ‘ഇസ്രഈലിന്റെയും പാശ്ചാത്യ ലോകത്തിന്റെയും മൂല്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നും അയാള്‍ വാദിച്ചു.

എന്നാല്‍ ഇസ്രഈലി വാര്‍ത്താ മാധ്യമമായ ‘വൈനെറ്റ്’ റിപ്പോര്‍ട്ട് അനുസരിച്ച്, നെസെറ്റില്‍ പി.എച്ച്.ഡി ബിരുദമുള്ള 11 അംഗങ്ങളില്‍ ഒമ്പത് പേരും ഫലസ്തീന്‍ നേതൃത്വത്തിലുള്ള ‘ജോയിന്റ് ലിസ്റ്റ്’ ‘റാം’ എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള രണ്ട് പേരും എലിയാഹുവിന്റെ പാര്‍ട്ടിയായ ‘ഓട്‌സ്മ യെഹൂദിത്തില്‍’ നിന്നുള്ളവരുമല്ല.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ റാം, ജോയിന്റ് ലിസ്റ്റ് പാര്‍ട്ടികള്‍ ചരിത്രത്തിലാദ്യമായി 19 സീറ്റുകള്‍ നേടിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും സഖ്യകക്ഷികളുടെയും നേതൃത്വത്തില്‍ ഇസ്രഈലിലെ ഫലസ്തീന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന രൂക്ഷമായ വിദ്വേഷ പ്രചാരണങ്ങള്‍ക്കിടയിലാണ് എലിയാഹുവിന്റെ ഈ പരാമര്‍ശങ്ങള്‍.

ഫലസ്തീന്‍ നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ ‘ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരാണ്’ എന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ആരോപിച്ചിരുന്നു.
നിയമസഭാംഗങ്ങള്‍ക്ക് സഹപ്രവര്‍ത്തകരെ ‘ഭീകരവാദത്തിന്റെ പിന്തുണക്കാരന്‍’ എന്ന് വിളിക്കാന്‍ അനുവാദമുണ്ടെന്ന് നെസെറ്റിന്റെ നിയമോപദേഷ്ടാവ് സാഗിത് അഫിക് ചൊവ്വാഴ്ച വ്യക്തമാക്കി.

‘നമ്മുടെ സമൂഹത്തിനെതിരെ നിയന്ത്രണമില്ലാത്തതും ക്രൂരവുമായ വിദ്വേഷ പ്രചാരണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്,’ എന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബരീന്‍ പറഞ്ഞു.

വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നെതന്യാഹു ആക്കം കൂട്ടുകയാണെന്ന് ആരോപിച്ച ജബരീന്‍, ഫലസ്തീന്‍ പാര്‍ട്ടികളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജൂത പ്രതിപക്ഷ നേതാക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

സംവാദത്തിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പാര്‍ലമെന്ററി പ്രസംഗങ്ങളിലെ അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ച് നെസെറ്റ് നിയമോപദേഷ്ടാവ് സാഗിത് അഫിക് നവംബര്‍ 24-ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. അറബ് നിയമസഭാംഗങ്ങള്‍ക്കെതിരെയുള്ള ഒറ്റപ്പെട്ട പരാമര്‍ശങ്ങളെയും, സഹപ്രവര്‍ത്തകരെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ പ്രചാരണങ്ങളെയും വേര്‍തിരിച്ചുകാണുന്നതാണ് ഈ നിയമോപദേശം.

26-ാമത് നെസെറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ഇസ്രഈലില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം. പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഫലസ്തീന്‍ ഭൂരിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനം ലഭിച്ച സാഹചര്യമാണിത്. ഗാസയില്‍ ആണവായുധം പ്രയോഗിക്കുന്നത് ഒരു സാധ്യതയാണെന്ന് നേരത്തെ പ്രസ്താവിച്ചതിലൂടെയും അമിച്ചായ് എലിയാഹു അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

 

Content Highlight: Palestinians and Muslims are uncivilized camel-riders, claims Israeli minister; response comes with statistics on PhD holders.