ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് അനലിസ്റ്റുമായ ക്രിസ് ശ്രീകാന്ത്. വൈഭവ് മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ കഴിവുള്ള താരമാണെന്നും 2027ലെ ഏകദിന ലോകകപ്പില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരങ്ങള്‍ ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള കഴിവ് വൈഭവിനുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്‌

‘അവന്‍ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ കഴിവുള്ള താരമാണ്. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമില്ലെങ്കില്‍ വേണ്ട, പക്ഷേ കുറഞ്ഞത് 15 അംഗ ടീമിലെങ്കിലും അവനുണ്ടാകണം. ഇക്കാര്യത്തില്‍ ഇനി സംശയങ്ങളൊന്നുമില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര വരാനിരിക്കുകയാണ്. ആ പരമ്പരയില്‍ അവന് അവസരം നല്‍കണം. ടീമില്‍ ഉള്‍പ്പെടുത്തി കളിപ്പിക്കണം.

വൈഭവ് സൂര്യവംശിയെ വളര്‍ത്തിയെടുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, 2027 ലോകകപ്പിനുള്ള ടീമിലും അവനെ ഉള്‍പ്പെടുത്തണം. ഒരു ദിവസം അവന്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കുന്ന താരമായി മാറും. അവന്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന രീതി നോക്കൂ. ബാറ്റിങ്ങില്‍ കരുത്ത് മാത്രം പോരാ, മികച്ച ടൈമിങ്ങും ആവശ്യമാണ്. അതിശയപ്പിക്കുന്ന താരമാണ് അവന്‍,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യ എ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ദോഹയില്‍ നടന്ന മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 86 പന്തിലാണ് ജയം സ്വന്തമാക്കിയത്.

Photo-x.com/ BCCI

സൂപ്പര്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ ഡബിള്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തുകളില്‍ നിന്നും 204 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. സുര്യവംശിയുടെ ബാറ്റില്‍ നിന്നും ഏഴ് ഫോറും 28 സിക്സറുകളാണ് പിറന്നത്. 384.91 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് യുവ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

16 പന്തില്‍ അമ്പതും 28 പന്തില്‍ നൂറും കടന്ന വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചുകൊണ്ട് ലോക ചരിത്രം തിരുത്തിയിരുന്നു. പത്താം ഓവറില്‍ വൈഭവ് 150 കടന്നു. 13ാം ഓവറിന്റെ അഞ്ചാം പന്തില്‍ പുറത്താവുമ്പോള്‍ ഡബിള്‍ സെഞ്ച്വറിയിലും വൈഭവ് റെക്കോഡ് സ്വന്തമാക്കി.

അതേസമയം ടൂര്‍ണമെന്റില്‍ ഇന്ന് സെമി ഫൈനല്‍ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയാണ് എതിരാളി. ദോഹയിലെ ഏഷ്യന്‍ ടവര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Former Indian captain Kris Srikkanth has suggested that Vaibhav Suryavanshi should be included in the 2027 ODI World Cup