യാതൊരു കലാപാരമ്പര്യവുമില്ലാതെ മിനിസ്ക്രീനിലേക്ക് വന്ന് തെന്നിന്ത്യയിലുൾപ്പടെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ ഇടം നേടിയെടുത്ത അഭിനേത്രിയാണ് സ്വാസിക. ആകാശംലോ ഒക താര എന്ന തെലുങ്ക് ചിത്രത്തിന്റെ തിയേറ്റർ വിസിറ്റിനിടെ മലയാള സിനിമയിൽ നിന്ന് തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലായെന്നുള്ള താരത്തിന്റെ പ്രസ്താവന സിനിമാ പേജുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് തമിഴ്, തെലുങ്ക് ഇന്ഡസ്ട്രികളിലെ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് നടി പറഞ്ഞത്.
പരിചയമുള്ള ഡയറക്ടേഴ്സിനോട് അവസരങ്ങൾ ചോദിക്കുമ്പോൾ തനിക്ക് പറ്റിയ ക്യാരക്ടർ ഇല്ലെന്നാണ് അവർ പറയാറുള്ളത് എന്നാണ് സ്വാസിക പറയുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
‘നമുക്ക് കുറച്ച് പരിചയമുള്ള ഡയറക്ടേഴ്സിനോട് ചോദിക്കുമ്പോൾ അവർ പറയും ‘അതിൽ സ്വാസികക്ക് പറ്റിയ ക്യാരക്ടർ ഇല്ല’ എന്ന്. അങ്ങനെ പറയുന്നത് എന്തിനാ കാരണം ഇപ്പോൾ നിങ്ങൾ എടുത്ത സിനിമയിലെ ക്യാരക്ടറൊക്കെ എനിക്ക് ചെയ്യാൻ പറ്റുന്നത് തന്നെയാണ്. അല്ലാതെ അങ്ങനെ ഒന്നുമില്ല.

അയാളും ഞാനും തമ്മിൽ.Photo. Screen Grab/ Youtube.com
അത് വെറുതെ നിങ്ങൾ ഒഴിവ് പറയുന്നതാണ് എന്നൊക്കെ ഞാനപ്പോൾ പറയും. ഞാൻ അവരോട് തന്നെ അത് തുറന്നു പറയാറുമുണ്ട്. അത് ഒഴിവാക്കുന്നതിന്റെ ഒരിതാണ്. ‘സ്വാസിക വിളിക്കുമ്പോൾ എന്തെങ്കിലും ഭയങ്കരമായിട്ട് തരണ്ടേ’ എന്നാണ് അവർ പറയുന്നത്. ഭയങ്കരമായിട്ട് തരണ്ട നല്ലൊരു സാധനം തന്നാൽ മതിയെന്നും, നിങ്ങളുടെ ഈ സിനിമയിലുള്ള ഈ ക്യാരക്ടേഴ്സിലെ ഒരെണ്ണം തന്നാൽ മതിയെന്നും ഞാൻ പറയാറുണ്ട്,’ നടി പറഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ താനാദ്യം ഇല്ലായിരുന്നുവെന്നും അതിലെ രമ്യ നമ്പീശനോ റീമ കല്ലിങ്കലോ ചെയ്ത വേഷങ്ങൾ തനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
‘പണ്ട് ലാൽ ജോസ് സാറിന്റെ സിനിമയായ അയാളും ഞാനും തമ്മിലിലേക്ക് അദ്ദേഹം എന്നെ വിളിച്ചു, ഞാൻ ആ ക്യാരക്ടർ ചെയ്തു. പക്ഷേ അതിനു മുമ്പ് ആ സിനിമ തുടങ്ങിയ സമയത്ത് ഞാൻ ആ സിനിമയിൽ ഇല്ലായിരുന്നു. അതിൽ ഓൾറെഡി റീമ, രമ്യ നമ്പീശൻ, സംവൃത സുനിൽ ഉണ്ടല്ലോ. അപ്പോൾ ഞാൻ ആദ്യം ചോദിച്ചിരുന്നു ‘സാർ അതിലെ ഏതെങ്കിലും ഒരു ക്യാരക്ടർ’ തരുമോയെന്ന്. ‘ഇല്ല ഇതിൽ സ്വാസികക്ക് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ഒന്നുമില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വാസിക.Photo. Screen Grab/ Youtube.com
അന്നെനിക്ക് അതൊരു പ്രശ്നമായിട്ട് തോന്നിയില്ല. പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അതങ്ങനെ അല്ലെന്ന് എനിക്ക് തോന്നി. രമ്യ ചെയ്ത ആ ഡോക്ടറിന്റെ ക്യാരക്ടർ അല്ലെങ്കിൽ റീമ ചെയ്ത ആ ക്യാരക്ടർ എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ. അല്ലാതെ അത് എനിക്ക് ചെയ്യാൻ പറ്റാത്ത ക്യാരക്ടറോ അല്ലെങ്കിൽ അങ്ങനെയൊന്നില്ല. പക്ഷേ എന്തോ അതൊന്നും എനിക്ക് കിട്ടിയില്ല,’ സ്വാസിക പറഞ്ഞു.
അദ്ദേഹത്തിന്റെ റിയാലിറ്റി ഷോയിലൂടെയാണ് താൻ വന്നതെന്നും ആ സമയത്ത് അദ്ദേഹം നല്ലൊരു ക്യാരക്ടർ വരുമ്പോൾ തന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അതിനുശേഷം ഏഴ് സുന്ദരരാത്രികൾ ഉൾപ്പടെ കുറേ സിനിമകൾ അദ്ദേഹം ചെയ്തുവെന്നും എന്നാൽ എന്തുകൊണ്ടോ ആ സിനിമകളിലേക്കൊന്നും തന്നെ വിളിച്ചില്ലെന്നും നടി വ്യക്തമാക്കി.
Content Highlight: Swasika says Lal Jose never considered for his films.
