ബർദ്വാൻ: സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ.എം നേതാവും അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റുമായ അമൽ ഹൽദറിന് നേരെ ബി.ജെ.പി ആക്രമണം.
പ്രതിഷേധ റാലിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ ബി.ജെ.പി ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നവംബർ 26-ന് ബർദ്വാൻ നഗരത്തിൽ നടന്ന പ്രക്ഷോഭത്തിനിടെ ബി.ജെ.പി ഗുണ്ടകൾ നടത്തിയ ഈ ഭീരുത്വപരമായ ആക്രമണത്തെ ആക്രമണത്തെ അഖിലേന്ത്യാ കിസാൻ സഭ പ്രതികരിച്ചു.
അക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടെയും ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താനും രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.ഐ.കെ.എസ് പ്രസ്താവനയിൽ വിമർശിച്ചു. ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രവണതകളുടെ മറ്റൊരു പ്രകടനമാണിതെന്നും, ജനാധിപത്യ പോരാട്ടങ്ങളോടും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള മുന്നേറ്റങ്ങളോടും ബി.ജെ.പിക്കുള്ള കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സംഘടന വ്യക്തമാക്കി.
കർഷകരുടെ അവകാശങ്ങളും ഉപജീവനമാർഗവും സംരക്ഷിക്കുന്നതിനും കർഷക സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു നവംബർ 26-ലെ എസ്.കെ.എം പ്രതിഷേധം. ഇത്തരം ജനാധിപത്യ പ്രസ്ഥാനങ്ങളെ ശാരീരിക ആക്രമണങ്ങളിലൂടെയും ഭീഷണിപ്പെടുത്തലുകളിലൂടെയും തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്നും അതിനെ ശക്തമായി ചെറുത്തുതോൽപ്പിക്കണമെന്നും എ.ഐ.കെ.എസ് ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് ഉത്തരവാദികളായ എല്ലാവരെയും ഉടൻ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നും, സംഭവത്തിൽ സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും എ.ഐ.കെ.എസ് ആവശ്യപ്പെട്ടു.
ഭീഷണിപ്പെടുത്തൽ രാഷ്ട്രീയത്തിന് കർഷക പ്രസ്ഥാനത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്നും, ഇത്തരം ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാൻ കർഷകരും കർഷകത്തൊഴിലാളികളും മറ്റ് തൊഴിലാളികളും എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും സംഘടന ആഹ്വാനം ചെയ്തു.
കർഷകരുടെ അവകാശങ്ങൾക്കും ജനാധിപത്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം കൂടുതൽ നിശ്ചയദാർഢ്യത്തോടെ തുടരുമെന്നും എ.ഐ.കെ.എസ് വ്യക്തമാക്കി.
Content Highlight:BJP attack on All India Kisan Sabha leader Amal Haldar in Bengal.
