റിയാദ്: സൗദി അറേബ്യയിലെ ജസാനില്‍ എണ്ണ ശുദ്ധീകരണശാലയിലുണ്ടായ (ഓയില്‍ റിഫൈനറി) ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഊര്‍ജ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘ശത്രുതാപരമായ ഒരു വ്യോമ പ്രഹര വസ്തു’ കൊണ്ടുള്ള ആക്രമണമാണ് എണ്ണശുദ്ധീകരണ ശാലക്ക് നേര്‍ക്കുണ്ടായതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വസ്തു ശുദ്ധീകരണശാലയില്‍ പതിച്ചതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടായി. ഇതിനെതുടര്‍ന്ന് ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നു.

നേപ്പാള്‍ സ്വദേശിയായ ഒരു തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. വിവിധ രാജ്യക്കാരായ മറ്റ് നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ, പരിക്കേറ്റവരുടെ കൃത്യമായ എണ്ണമോ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയുടെ ചില പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നതായും തീപിടുത്തമുണ്ടായതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജസാന്‍ പ്രവിശ്യയില്‍ അപകടസാധ്യതയുണ്ടെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് യെമനില്‍ അവര്‍ക്കെതിരെ പോരാടുന്ന സൗദി സഖ്യ സേന ആരോപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ അടുത്തിടെ ആക്രമണങ്ങള്‍ നടത്തിയിരുന്ന. സൗദിയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും ക്രൂഡ് ഓയില്‍ കയറ്റുമതി കേന്ദ്രവുമായ റാസ് തനൂറയിലും, ചെങ്കടല്‍ തീരത്തുള്ള ജിദ്ദ, ജസാന്‍ തുറമുഖങ്ങളിലും തങ്ങള്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

ആക്രമണത്തെ സൗദി സഖ്യം അപലപിച്ചു. ഈ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സാധാരണക്കാരെയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന നടപടികള്‍ക്ക് ശക്തമായ സൈനിക തിരിച്ചടി നല്‍കുമെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍-മാലിക്കി എക്‌സില്‍ കുറിച്ചു.

തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപം ചെങ്കടല്‍ തീരത്താണ് ജിസാനിലെ എണ്ണ ശുദ്ധീകരണ ശാല. ശുദ്ധീകരണ ശാലയ്ക്ക് ദിവസേന 400,000 ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജസാന്‍ റിഫൈനറിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ വ്യവസായ സമുച്ചയം അടച്ചിടേണ്ടി വന്നിരുന്നു.

അതേസമയം, യെമനിലെ ഹൊദൈദ ഗവര്‍ണറേറ്റില്‍ ഹൂതികള്‍ ഉപയോഗിച്ചിരുന്ന ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രം തങ്ങളുടെ സേന തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് റിഫൈനറി ആക്രമണത്തിന് പിന്നാലെയാണ് സഖ്യ സേന ഈ കാര്യം അവകാശപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസാന്‍ റിഫൈനറിക്ക് നേരെ ആക്രമണം നടത്താന്‍ ഹൂതികള്‍ ഈ കേന്ദ്രമാണ് ഉപയോഗിച്ചിരുന്നത് എന്ന് അല്‍-മാലിക്കി പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ഹൂതികളുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

യമനില്‍, സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സേന വ്യാഴാഴ്ച ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ 767 ആക്രമണങ്ങള്‍ നടത്തിയതായി അവകാശപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളിലൂടെ 117 ഹൂത്തി പോരാളികളെ ‘നിഷ്‌ക്രിയരാക്കിയതായും’ 87 വാഹനങ്ങളും യുദ്ധോപകരണങ്ങളും നശിപ്പിച്ചതായും സേനാ വക്താവ് മാജിദ് അബ്ദുള്ള അല്‍-നുസൈലി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വടക്കന്‍, പടിഞ്ഞാറന്‍ മാരിബ് ഗവര്‍ണറേറ്റുകളിലെ മുന്‍നിര പോരാട്ട മേഖലകളിലും, കൂടാതെ അല്‍-ജൗഫ്, തൈസ്, ലഹ്ജ്, ഷബ്വ, ഹജ്ജ എന്നീ ഗവര്‍ണറേറ്റുകളിലും സര്‍ക്കാര്‍ സേന ഹൂതി വിഭാഗങ്ങളുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് അല്‍-നുസൈലി കൂട്ടിച്ചേര്‍ത്തു. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വ്യാഴാഴ്ച വ്യോമാക്രമണങ്ങള്‍ നടന്നതായി ഹൂത്തികളുമായി ബന്ധമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൂത്തികളുടെ നിയന്ത്രണത്തിലാണ് സന്‍ആ നഗരം.

Content  Highlight: Attack on Saudi’s Jazan refinery kills one person