ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനു സിതാര. ഒരുസമയത്ത് ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നിന്നിരുന്ന താരം ഇടക്ക് സിനിമയില്‍ നിന്ന് ഇടവേളെയടുത്തിരുന്നു. തിരിച്ചുവരവില്‍ താരം ആദ്യം ഭാഗമാകുന്ന ചിത്രങ്ങളിലൊന്നാണ് ഹെയ്ല്‍ മേരി. നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ഹെയ്ല്‍ മേരിക്ക് ലഭിക്കുന്നത്.

അനു സിതാരയും കുഞ്ചാക്കോ ബോബനും Photo: Screen grab/ Cue Studio

ഒമ്പത് വര്‍ഷത്തിന് ശേഷം അനു സിതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുട്ടിക്കാലം മുതല്‍ താന്‍ കുഞ്ചാക്കോ ബോബന്റെ സിനിമകള്‍ കണ്ടുവളര്‍ന്നയാളാണെന്ന് അനു സിതാര പറയുന്നു. താരത്തിന്റെ ഡാന്‍സ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അനു സിതാര പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നും താരം.

‘കുട്ടിക്കാലത്ത് ചാക്കോച്ചന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡാന്‍സാണ് ഞാന്‍ കൂടുതലും ശ്രദ്ധിച്ചിട്ടുള്ളത്. അന്ന് ചാക്കോച്ചന്‍ എന്ന് പറയാന്‍ അറിയില്ലായിരുന്നു. ‘കുഞ്ചാക്കോ കോവന്‍’ എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അന്ന് ഞാന്‍ വിചാരിച്ചത്, ആള് ഭയങ്കര സീരിയസായിരിക്കും എന്നായിരുന്നു. പക്ഷേ, ഒരുമിച്ച് അഭിനയിച്ചപ്പോള്‍ അത് മാറി.

രാമന്റെ ഏദന്‍തോട്ടം Photo: Theatrical poster

രാമന്റെ ഏദന്‍തോട്ടത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് വര്‍ക്ക് ചെയ്തത്. ഷൂട്ടില്ലാത്തപ്പോള്‍ തമാശകളൊക്കെ പറഞ്ഞ്, കളിച്ച് ചിരിച്ച് നടക്കുന്ന ആളാണെന്ന് മനസിലായി. എന്നെ എപ്പോഴും കംഫര്‍ട്ടാക്കി നിര്‍ത്താന്‍ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്. ആ സിനിമയില്‍ നിന്ന് ഹെയ്ല്‍ മേരിയിലേക്ക് എത്തിയപ്പോഴും ചാക്കോച്ചന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതേ ആള് തന്നെയാണ്,’ അനു സിതാര പറഞ്ഞു.

രാമന്റെ ഏദന്‍തോട്ടത്തിന്റെ ഷൂട്ട് വാഗമണ്ണിലായിരുന്നെന്നും ആ സമയത്ത് രാത്രി നല്ല തണുപ്പുള്ളപ്പോഴായിരുന്നു ഷൂട്ടെന്നും താരം പറയുന്നു. തുടര്‍ച്ചയായ നൈറ്റ് ഷൂട്ട് തനിക്ക് മടുപ്പ് സമ്മാനിച്ചെന്നും ആ സമയത്തും കുഞ്ചാക്കോ ബോബന്‍ ഫ്രഷായി നില്‍ക്കുകയായിരുന്നെന്നും അനു സിതാര കൂട്ടിച്ചേര്‍ത്തു. അത്രയും പ്രൊഫഷണലായ ആളാണ് അദ്ദേഹമെന്ന് തനിക്ക് മനസിലായെന്നും താരം പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ Photo: Screen grab/ Mathrubhumi

അതേസമയം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ഹെയ്ല്‍ മേരി ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇമോഷണല്‍ ത്രില്ലറാണ്. 23 വര്‍ഷം മുമ്പ് നടന്ന മിസ്സിങ് കേസും അതിന്റെ തുടരന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഹെയ്ല്‍ മേരിയുടെ നിര്‍മാണം.

Content Highlight: Anu Sithara shares the shooting experience with Kunchacko Boban