കേരളം ക്രൈം ഫയൽസ് 2വിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെനി മെനി ഹാപ്പി റിട്ടേൺസ്. കാളിദാസ് ജയറാമും പുതുമുഖമായിട്ടുള്ള ലക്ഷ്മി ജ്യോതിഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക്- കോമഡി ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രം ഡിസംബർ  നാലിന് തിയേറ്ററുകളിലെത്തും.

താൻ സംവിധായകനോട് അങ്ങോട്ട് പോയി അപ്രോച്ച് ചെയ്താണ് ഈ സിനിമ ചെയ്തതെന്നും അഹമ്മദിന്റെ കൂടെ വർക് ചെയ്യണമെന്നുള്ളത് തന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരാഗ്രഹമായിരുന്നുവെന്നുമാണ് കാളിദാസ് പറയുന്നത്. ക്ലബ്ബ് എഫ്. എമ്മുമായുള്ള അഭിമുഖത്തിലാണ് സിനിമയെ പറ്റിയുള്ള വിശേഷങ്ങളും ചിത്രത്തിൽ എത്തിപെട്ടതിനെക്കുറിച്ചുമുള്ള അനുഭവങ്ങളും താരം പങ്കു വെച്ചത്.

‘അഹമ്മദായിട്ട് വർക്ക് ചെയ്യണമെന്നുള്ളത് എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ്. മധുരത്തിന് ശേഷം പ്രത്യേകിച്ച് ക്രൈം ഫയൽസ് കണ്ടിട്ടാണ് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് തോന്നിയത്. ജൂൺ ഞാൻ നേരത്തെ കണ്ടതാണ് പക്ഷേ ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് കുറച്ചുംകൂടെ ഒരു വൗ ഫാക്ടർ തോന്നിയത് ക്രൈം ഫയൽസ് കണ്ടിട്ടാണ്. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ പെട്ടെന്ന് അഹമ്മദിനെ അപ്രോച് ചെയ്യുകയായിരുന്നു.

മെനി മെനി ഹാപ്പി റിട്ടേൺസ്.Photo:Screen Grab/Youtube.com

ഞാൻ അപ്രോച്ച് ചെയ്തപ്പോൾ ‘ഇല്ല ഞാൻ വേറൊരു ആക്ടറിനെ വെച്ച് ഒരു പരിപാടി ഓൾറെഡി പ്ലാൻ ചെയ്തിരിക്കുകയാണ്. അപ്പോൾ അതിന്റെ ഡിസ്കഷൻസും കാര്യങ്ങളുമൊക്കെയായി കുറെ നാളായിട്ട് ആ പ്രോസസ് പൊയ്ക്കൊണ്ടിരിക്കുകയാണ്’ എന്നാണ് അഹമ്മദ് പറഞ്ഞത്. പക്ഷേ എന്തോ ഭാഗ്യം കൊണ്ട് ആ പ്രോജക്ട് മൊത്തം അലൈനായില്ല. അങ്ങനെയാണ് പിന്നീട് എന്റെ അടുത്ത് വന്ന് നറേറ്റ് ചെയ്യുന്നത്. പിന്നെ എന്റെ മൈൻഡ് സെറ്റ് എന്താണെന്ന് വെച്ചാൽ ഞാൻ കംപ്ലീറ്റ്ലി ബ്ലൈൻഡായിട്ട് ട്രസ്റ്റ് ചെയ്താണ് ഈ ഒരു പ്രോസസിൽ ഇറങ്ങിയത്,’ താരം പറഞ്ഞു.

ചില സംവിധായകരെ നമ്മൾ കണ്ണുംപൂട്ടി വിശ്വസിക്കുമെന്നും അതവരുടെ മുമ്പത്തെ വർക്ക് കൊണ്ടാണെന്നും നടൻ കൂട്ടിച്ചേർത്തു. താൻ ആദ്യം അങ്ങോട്ടാണ് സമീപിച്ചതെങ്കിലും കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ സംവിധായകൻ തന്റെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും എന്നാൽ താനത് പിന്നീടാണ് കണ്ടതെന്നും നടൻ വ്യക്തമാക്കി.

‘ഞാൻ തന്നെ അങ്ങോട്ട് പോയി ഒരു വേഷം ചോദിച്ചതാണ്. പക്ഷേ പിന്നീട് ഞാൻ ഇൻസ്റ്റാഗ്രാം തപ്പിയപ്പോൾ അഹമ്മദിന്റെ ചാറ്റിന് ഏറ്റവും മുകളിലേക്ക് പോയപ്പോൾ 2016ൽ പുള്ളി എനിക്ക് മെസേജ് അയച്ചിരുന്നു. ‘ഹായ് ഞാൻ അഹമ്മദ് കബീർ, ഞാൻ എൽവി പ്രസാദ് ഫിലിം സ്കൂളിലാണ് വർക്ക് ചെയ്യുന്നത്. എനിക്ക് നിങ്ങളുടെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യാൻ സാധിക്കും’ എന്നായിരുന്നു മെസേജ്. പക്ഷേ അന്ന് ഞാൻ ആ മെസേജ് കണ്ടിട്ടില്ല,’ കാളിദാസ് പറഞ്ഞു.

Content Highlight: Kalidas Jayaram said he had asked for the role himself, though Ahammed had approached him years earlier