ലണ്ടന്‍: ഹമാസിനെ ഒരു ഭീകര സംഘടനയായി നിര്‍വചിച്ച ബ്രിട്ടന്റെ നടപടി ചോദ്യം ചെയ്ത് ജൂതമതക്കാരുടെ നേതൃത്വത്തിലുള്ള സംഘടന. ഹമാസിനെ ഒരു ഭീകര സംഘടനയായി നിര്‍വചിച്ച നടപടി ഫലസ്തീന് അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ ലക്ഷ്യമിടാന്‍ ഈ നടപടി ഉപയോഗിക്കപ്പെടുന്നുവെന്ന് ജൂയിഷ് നെറ്റ്വര്‍ക്ക് ഫോര്‍ പലസ്തീന് (ജെ.എന്‍.പി) എന്ന സംഘടന അഭിപ്രായപ്പെട്ടതായി മിഡീല് ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
യു.കെയുടെ ടെററിസം ആക്റ്റ് 2000ലെ സെക്ഷന്‍ നാല് പ്രകാരം നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍ നിന്ന് ഹമാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് ജെ.എന്‍.പി അപേക്ഷ സമര്‍പ്പിച്ചു. ഹമാസിനെ എതിര്‍ക്കുന്ന ജൂത പ്രവര്‍ത്തകര്‍ പോലും അവരെ ഭീകരവാദികളാക്കി നിര്‍വചിച്ചത് കാരണമുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതായും ജെ.എന്‍.പി അഭിപ്രായപ്പെടുന്നു.
ഹമാസിന്റെ സായുധ വിഭാഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അവരുടെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച് 2021ലാണ് യു.കെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നിലവില്‍ വന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അത് പിന്‍വലിക്കാന്‍ ജെ.എന്‍.പി ആവശ്യപ്പെടുന്നത്
ഫലസ്തീന് വേണ്ടി സംസാരിക്കുന്ന ജൂതന്മാര്ക്കെതിരെയാണ് ഈ നിരോധനം ഉപയോഗിക്കപ്പെടുന്നതെന്ന് ജെ.എന്‍.പി ചെയര്മാന് ഡേവിഡ് കാനന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. താന്‍ അടക്കമുള്ളവര്‍ ഹമാസിനെ പിന്തുണക്കുന്നില്ലെന്നും കാനന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ജൂതന്മാരെ സംരക്ഷിക്കാനാണ് ഈ നിരോധനം എന്ന് അഞ്ച് വര്‍ഷം മുമ്പ് ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, നാസി തടങ്കല്‍പ്പാളയത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു ജൂത എഴുത്തുകാരന്റെ വീട്ടില്‍ റെയ്ഡ് നടത്താനും, വംശഹത്യയെ എതിര്‍ത്തുകൊണ്ട് രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിച്ചതിന് ഓഷ്വിറ്റ്സ് തടങ്കല്‍പ്പാളയത്തില്‍ നിന്ന് അതിജീവിച്ചവരുടെ 80 വയസ്സുള്ള മകനെ തടവിലാക്കാനുമാണ് ഇത് ഉപയോഗിക്കപ്പെട്ടത്.
ഞങ്ങള്‍ ഹമാസിനെ പിന്തുണയ്ക്കുന്നില്ല. പലസ്തീനികള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ജൂതന്മാരെ നിശബ്ദരാക്കാന്‍ ഉപയോഗിക്കുന്ന ഈ നിയമം റദ്ദാക്കണമെന്ന് ഞങ്ങള്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടുന്നു,’ കാനനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെതിരായ ഈ സമ്പൂര്‍ണ്ണ നിരോധനം, യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനും പലസ്തീന് അനുകൂല പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുമാണ് ഉപയോഗിക്കപ്പെട്ടതെന്ന് ഡേവിഡ് കാനന്‍ പറഞ്ഞു. ടോണി ഗ്രീന്‍സ്റ്റീന്‍, ഹൈം ബ്രീഷെത്ത് എന്നിവരെ ഹമാസിനെ പിന്തുണച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന് സോളിഡാരിറ്റി ക്യാമ്പെയ്ന് എന്ന സംഘടനയുടെ സഹസ്ഥാപകനും 72 വയസ്സുകാരനുമായ എഴുത്തുകാരന് ടോണി ഗ്രീന്‍സ്റ്റീന്‍, ഹമാസിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഒരു ബ്ലോഗ് എഴുതിയതിനെത്തുടര്‍ന്ന് പോലീസ് തന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും, ഹമാസിന് പിന്തുണ തേടിയെന്നാരോപിച്ച് കേസെടുക്കുകയുമായിരുന്നു.
അദ്ദേഹം ഹമാസിനെ പിന്തുണച്ചിട്ടില്ലെന്ന് ഒടുവില്‍ പ്രോസിക്യൂഷന് അംഗീകരിച്ചു. അറസ്റ്റിലായി ഏകദേശം രണ്ട് വര്‍ഷവും എട്ട് മാസവും പിന്നിട്ടപ്പോള്‍, ജൂറി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്ന് ജെ.എന്‍.പി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇസ്രഈല്‍ അംബാസഡര്‍ക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍, 80 വയസ്സുകാരനായ ചലച്ചിത്ര പ്രവര്‍ത്തകനും അക്കാദമിക് വിദഗ്ധനുമായ ഹൈം ബ്രീഷെത്തിനെയും ഭീകരവിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹമാസ് പോലുള്ള ഗ്രൂപ്പുകളെ പരാജയപ്പെടുത്താന്‍ ഇസ്രഈലിന്റെ യുദ്ധങ്ങള്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം പ്രസംഗത്തില്‍ വാദിച്ചിരുന്നു.
ഹമാസിനെ ഒരിക്കലും പിന്തുണച്ചിട്ടില്ലാത്ത ബ്രീഷെത്തിനെ ഭീകരവിരുദ്ധ പോലീസ് 13 മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ചതായി ജെ.എന്‍.പി അറിയിച്ചു.
ഈ നിരോധനം തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ജെ.എന്‍.പി പറയുന്നു. പ്രകടനങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തേണ്ടി വരുന്ന അവസ്ഥയുണ്ട്. ഗസയിലെ ഫലസ്തീന് സാധാരണക്കാര്‍ക്കായി ധനസമാഹരണം നടത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്ന സംഭവങ്ങളും ഇത് കാരണം വരുന്നുവെന്നും ജെ.എന്‍.പി പ്രവര്‍ത്തകരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനിലെ ടെററിസം ആക്റ്റ് പ്രകാരം ഒരു സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍, ആ സംഘടനയില്‍ അംഗമായവര്ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തെും. അംഗങ്ങള്‍ക്ക് പുറമെ ആ സംഘടനയുടെ ചിഹ്നങ്ങള്‍ ധരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍, സംഘടനയ്ക്ക് വേണ്ടി പിന്തുണ പ്രകടിപ്പിക്കുകയോ മറ്റുള്ളവരോട് പിന്തുണ ആവശ്യപ്പെടുകയോ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയും ക്രിമനില്‍ കുറ്റം ചുമത്താന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. സംഘടനയ്ക്ക് അനുകൂലമായി യോഗങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് എതിരെയും ഇത് പ്രകാരം കുറ്റം ചുമത്താന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കഴിയും.
Content Highlight: UK Jewish group files challenge against Hamas terror designation
