സാന്റിയാഗോ: വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വെട്ടിക്കുറയ്ക്കലിനും തൊഴിൽ പ്രശ്നങ്ങൾക്കും എതിരെ ചിലിയിൽ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ് സർക്കാരിനെതിരെ അധ്യാപകർക്ക് പിന്നാലെ പൊതുമേഖലാ ജീവനക്കാരുടെ യൂണിയനുകളും രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തു.

2027-ലെ വിദ്യാഭ്യാസ ബജറ്റിൽ നിർദേശിച്ച വെട്ടിക്കുറയ്ക്കലുകളിൽ പ്രതിഷേധിച്ച് ചിലി അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക പണിമുടക്കിൽ ആയിരക്കണക്കിന് അധ്യാപകരും വിദ്യാർത്ഥികളും തൊഴിലാളി സംഘടനകളും അണിനിരന്നു.

ബജറ്റ് ക്രമീകരണങ്ങളുടെ ഭാഗമായി 83,000 അധ്യാപന മണിക്കൂറുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം അധ്യാപകരുടെ തൊഴിലിനെയും ക്ലാസ് മുറികളിലെ പഠനനിലവാരത്തെയും വിദ്യാർഥികൾക്കുള്ള പിന്തുണാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി.

സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കുകയാണെന്ന് സംഘടനാ പ്രസിഡന്റ് മരിയോ അഗ്വിലാർ വിമർശിച്ചു. തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന റാലിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകൾ തകർക്കാനും മൊളോട്ടോവ് കോക്ടെയ്ൽ എറിയാനും ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനിടെ, ജീവനക്കാരെ പിരിച്ചുവിടുന്നതിലും തൊഴിൽ ചർച്ചകൾ സ്തംഭിച്ചതിലും പ്രതിഷേധിച്ച് പൊതുമേഖലാ ജീവനക്കാരുടെ യൂണിയനുകളും രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് സെക്ടർ എംപ്ലോയീസും (എ.എൻ.ഇ.എഫ്) പബ്ലിക് സെക്ടർ റൗണ്ട് ടേബിളിന്റെ (എം.എസ്.പി) ഭാഗമായ മറ്റ് 16 സംഘടനകളും ചേർന്നാണ് നവംബർ 26 ന് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.

സർക്കാരുമായി ഇതിനകം നാല് തവണ ചർച്ച നടത്തിയിട്ടും ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് അധ്യാപക സംഘടനകൾ വ്യക്തമാക്കി.

തീരുമാനമെടുക്കാൻ അധികാരമുള്ള ധനകാര്യ, തൊഴിൽ മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തുക, തുടർചർച്ചകൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. താത്ക്കാലിക കരാറുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുക, വിരമിക്കൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ പുരോഗതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനാണ് യൂണിയനുകളുടെ തീരുമാനം.

Content Highlight:Cuts to the education budget and employment issues; nationwide protests in Chile.