ന്യൂദല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ ഇത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് കോണ്‍ഗ്രസ് തടസം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് അമിത് ഷാ ആരോപിച്ചു.
‘രാജ്യത്തെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ലഭിക്കുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് അത് തടയാനാവില്ല,’ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെയും വനിതാ സംവരണ നിയമത്തെയും കുറിച്ചുള്ള ചോദ്യത്തില്‍ ഷാ പ്രതികരിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ദല്‍ഹി സംസ്ഥാന ബി.ജെ.പി സംഘടിപ്പിച്ച ‘സംവിധാന്‍ ഗൗരവ് ദിവസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എല്ലാ പൗരന്മാര്ക്കും ഒരേ നിയമം ബാധകമാകുന്ന ഏകീകൃത സിവില്‍ കോഡ് (യു.സി.സി) രാജ്യത്ത് നടപ്പാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഹിന്ദു, സിഖ്, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി തുടങ്ങി മതവ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരേ നിയമത്തിന് കീഴില്‍ ജീവിക്കാനുള്ള അവകാശമുണ്ടാകണം. ഭരണഘടനാ നിര്‍മാതാക്കള്‍ തന്നെ ഏകീകൃത സിവില്‍ കോഡ് നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വരും ദിവസങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. .
ഭരണഘടനയുടെ പകര്‍പ്പ് കൈവശം വെക്കുന്നതോ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നതോ മാത്രമല്ല ഭരണഘടനയോടുള്ള ആദരവെന്ന് അമിത് ഷാ പറഞ്ഞു. വ്യക്തികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണഘടനാ പദവികള്‍ വഹിക്കുന്നവരുടെയും പ്രവര്‍ത്തനങ്ങളില്‍ ഭരണഘടനാ മൂല്യങ്ങള്‍ പ്രതിഫലിക്കണം. ഭരണഘടനയെ ആദരിക്കുന്നതിന് രണ്ട് വഴികളുണ്ടെന്നും ഒന്ന് അതിന്റെ പുസ്തകം കൈവശം വെക്കുന്നതും മറ്റൊന്ന് അതിലെ തത്വങ്ങള്‍ വ്യക്തിജീവിതത്തിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പാലിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതികള്‍, തെരഞ്ഞെടുപ്പ് കമ്മീഷന് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശിക്കുകയാണെന്നും പാര്‍ലമെന്റിന് പകരം തെരുവുകളില്‍ ചര്‍ച്ചകള്‍ നടത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നും അമിത് ഷാ ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആര്) ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതാവിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളുടെ മനസറിഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകൂവെന്നും എന്നാല്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും രാഹുല്‍ ഗാന്ധി വിദേശ അവധിയിലാണെന്നും അമിത് ഷാ പരിഹസിച്ചു. വിദേശത്ത് പോയി ഇന്ത്യയെ വിമര്‍ശിക്കുന്നത് ഭരണഘടനയോടുള്ള ആദരവിന്റെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 18 മാസത്തേക്ക് ഭരണഘടനയെ പൂട്ടിയിട്ടെന്നും അമിത് ഷാ ആരോപിച്ചു.
ബി.ജെ.പി സര്‍ക്കാരിന്റെ 12 വര്‍ഷത്തെ ഭരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 80 കോടി പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, വീടുകളില്‍ വൈദ്യുതി, ശൗചാലയങ്ങള്‍, കുടിവെള്ളം, അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി, എല്‍.പി.ജി സിലിണ്ടറുകള്‍, അഞ്ച് കിലോ സൗജന്യ റേഷന്‍ എന്നിവ ലഭ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്കനുസൃതമായാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതെന്നും അതിനെ എതിര്‍ക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡലങ്ങളുടെ ഭൂപടം രാഷ്ട്രീയ നേട്ടത്തിനായി പുനര്‍നിര്‍ണയിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം.
നവംബര്‍ 30ന് ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും വീണ്ടും ചേരും. ഈ വര്‍ഷം ഏപ്രിലില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, അംഗബലം ഉറപ്പാക്കാനുള്ള മാസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഇത്തവണ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്.
ഇരുസഭകളും അത്യാവശ്യമായ സര്‍ക്കാര്‍ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി വീണ്ടും ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യാഴാഴ്ച അറിയിച്ചു.
Content Highlight: Amit Shah says women’s reservation and the Uniform Civil Code will be implemented
