ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഹേഗ്ലി ഓവലില്‍ നടക്കുകയാണ്. നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ 85 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് 53 റണ്‍സ് നേടിയ ടോം ബ്ലണ്ടലും 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സുമാണ്.
31 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി ഗുര്‍ണൂര്‍ ബ്രാറാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.

ക്യാപ്റ്റന്‍ ടോം ലാതം 128 പന്തില്‍ 59 റണ്‍സും നേടി കൂടാരം കയറി. ആകാശ് ദീപിനാണ് വിക്കറ്റ്. ഹെന്റി നിക്കോള്‍സിനെ 16 റണ്‍സിന് അന്‍ഷുല്‍ കാംബോജും തിരിച്ചയച്ചു. രചിന്‍ രവീന്ദ്രയെ പൂജ്യത്തിനാണ് ആകാശ് പുറത്താക്കിയത്. ഡാരില്‍ മിച്ചല്‍ 31 റണ്‍സിനാണ് പുറത്തായത്. വാഷിങ്ടണ്‍ സുന്ദറിനാണ് വിക്കറ്റ്.

അതേസമയം മത്സരത്തിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്താന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രിത് ബുംറയ്ക്ക് സാധിച്ചിരുന്നില്ല. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ബുംറയ്ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. ആദ്യ ദിനെ അവസാനിച്ചതിന് പിന്നാലെ ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.

ജസ്പ്രിത് ബുംറ

‘പ്രതീക്ഷിക്കുന്നതുപോലെ തന്നെ ബുംറ മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞു. എന്നാല്‍ കൂടുതല്‍ വിക്കറ്റ് അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. സ്‌പെല്ലിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് നേടാനായാല്‍ അത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സാധാരണയായി ബുംറ സ്വാധീനം ചെലുത്തുന്നതുപോലെ പന്തെറിയാന്‍ കഴിയാത്ത അപൂര്‍വ ദിവസങ്ങളിലൊന്നായിരുന്നു ഇത്.

ഒരു ഘട്ടത്തില്‍ ബുംറ തന്റെ റണ്ണപ്പില്‍ പോലും മാറ്റം വരുത്തി. ആഭ്യന്തര ക്രിക്കറ്റില്‍ കരിയറിന്റെ തുടക്കകാലത്ത് ഉപയോഗിച്ചിരുന്ന പഴയ ആക്ഷനിലേക്ക് അദ്ദേഹം മടങ്ങി. ഇത്തരം പിച്ചുകളില്‍ ബുംറ രണ്ടോ മൂന്നോ വിക്കറ്റുകള്‍ വീഴ്ത്തുമെന്ന് നാം പ്രതീക്ഷിക്കും. എന്നാല്‍ ഇന്ന് അത് സംഭവിച്ചില്ല,’ ഡേ ഒന്നിന് ശേഷം ക്രിക്ബസില്‍ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

Content Highlight: Dinesh Karthik Talking About Jasprit Bumrah