ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ച് മുന്‍ പരിശീലകനും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് മുഹമ്മദ് സിറാജെന്നും ഇനിയും എന്താണ് താരം തെളിയിക്കേണ്ടതെന്നും ശാസ്ത്രി ചോദിച്ചു. ടീമില്‍ നിന്ന് വീണ്ടും അവഗണിക്കപ്പെടുമ്പോള്‍ സിറാജ് വൈകാരികമാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് മുഹമ്മദ് സിറാജ്. അവന്റെ വേഗത കുറഞ്ഞിട്ടൊന്നുമില്ല. ഇപ്പോഴും സ്ഥിരമായി 140 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ പന്തെറിയുന്നുണ്ട്. എന്നിട്ടും അവനെ ടീമിന് പുറത്തിരുത്തുകയാണ്. ഈ സെലക്ഷനെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല.

ഇനിയും എന്താണ് അവന്‍ തെളിയിക്കേണ്ടത്? ഇത്തരം സാഹചര്യങ്ങളില്‍ പോരാടാന്‍ കഴിവുള്ള ഒരു താരത്തെയാണ് ടീമിന് ആവശ്യം. കാര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ തുടര്‍ച്ചയായി പന്തെറിയാനും ടീമിനെ മുഴുവന്‍ മുന്നോട്ടുനയിക്കാനും കഴിവുള്ള ഒരാള്‍. സിറാജ് അങ്ങനെയുള്ള താരമാണ്. വീണ്ടും അവഗണിക്കപ്പെടുമ്പോള്‍ അവന്‍ വൈകാരികമാകുന്നതില്‍ അത്ഭുതപ്പെടാനില്ല,’ രവി ശാസ്ത്രി പറഞ്ഞു.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഹേഗ്‌ലി ഓവലില്‍ നടക്കുകയാണ്. നിലവില്‍ ആദ്യ ദിനെ അവസാനിച്ചപ്പോള്‍ 85 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് 53 റണ്‍സ് നേടിയ ടോം ബ്ലണ്ടലും 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സുമാണ്.

31 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി ഗുര്‍ണൂര്‍ ബ്രാറാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.

ക്യാപ്റ്റന്‍ ടോം ലാതം 128 പന്തില്‍ 59 റണ്‍സും നേടി കൂടാരം കയറി. ആകാശ് ദീപിനാണ് വിക്കറ്റ്. ഹെന്റി നിക്കോള്‍സിനെ 16 റണ്‍സിന് അന്‍ഷുല്‍ കാംബോജും തിരിച്ചയച്ചു. രചിന്‍ രവീന്ദ്രയെ പൂജ്യത്തിനാണ് ആകാശ് പുറത്താക്കിയത്. ഡാരില്‍ മിച്ചല്‍ 31 റണ്‍സിനാണ് പുറത്തായത്. വാഷിങ്ടണ്‍ സുന്ദറിനാണ് വിക്കറ്റ്.

Content Highlight: Ravi shastri Supports Mohammed Siraj