ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിസംബർ ഒന്ന് മുതൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക ‘ജയിൽ നിറയ്ക്കൽ സമരത്തിന്’ (ജയിൽ ഭരോ ആന്ദോളൻ) സി.പി.ഐ ആഹ്വാനം ചെയ്തു. ന്യൂദൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് ‘ബദ്ലാവ് സരൂരി ഹെ – ജയിൽ ഭരോ ആന്ദോളൻ’ (മാറ്റം അനിവാര്യമാണ് – ജയിൽ നിറയ്ക്കൽ സമരം) എന്ന പേരിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
നിലവിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നിർത്തിവയ്ക്കുക, ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങുക, കുതിച്ചുയരുന്ന വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക എന്നിവയാണ് മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങളെന്ന് ഡി. രാജ പറഞ്ഞു.
ഇതിനുപുറമെ പൊതുവിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുക, വനിതാ സംവരണം നടപ്പിലാക്കുക, കാർഷിക ഉത്പ്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഉറപ്പ് നൽകുക, ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പാർട്ടി മുന്നോട്ടുവയ്ക്കുന്നുണ്ട്.
രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റത്തിനായുള്ള ഈ പ്രക്ഷോഭത്തിൽ എല്ലാ മേഖലകളിലുമുള്ള ജനങ്ങൾ അണിചേരണമെന്ന് പാർട്ടി ആഹ്വാനം ചെയ്തു.
എല്ലാ മേഖലകളിലെയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാരും ബി.ജെ.പിയും പരാജയപ്പെട്ടുവെന്ന് ഡി. രാജ പറഞ്ഞു.
‘വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ, കർഷകരുടെ ആവശ്യങ്ങൾ നിരാകരിക്കൽ, തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കൽ എന്നിവ സർക്കാരിന്റെ നയങ്ങളുടെ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം കുറഞ്ഞത് അഞ്ച് ലക്ഷം സി.പി.ഐ പ്രവർത്തകർ അറസ്റ്റ് വരിക്കുമെന്ന് ഡി. രാജ വ്യക്തമാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ്-ബി.ജെ.പി സഖ്യത്തെ ഒറ്റക്കെട്ടായി നേരിടാൻ മതേതര-ജനാധിപത്യ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടി.
സംയുക്ത സമരങ്ങളിലൂടെ നേടിയ ഐക്യം തെരഞ്ഞെടുപ്പിലും തുടരണമെന്ന് സി.പി.ഐ എല്ലാ മതേതര-ജനാധിപത്യ പാർട്ടികളോടും അഭ്യർത്ഥിച്ചു.
പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചയോടെയും സീറ്റ് വിഭജന ചർച്ചകൾ നടത്തണമെന്നും ബി.ജെ.പിയെയും സഖ്യകക്ഷികളെയും ഒറ്റക്കെട്ടായി നേരിടണമെന്നും ജനാധിപത്യ ശക്തികളെ ശക്തിപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും ഒന്നിച്ച് പ്രവർത്തിക്കണമെന്നും സി.പി.ഐ വ്യക്തമാക്കി.
Content Highlight:CPI to launch a nationwide ‘fill the jails’ agitation starting December 1, demanding the resignation of the Chief Election Commissioner.
