ന്യൂദല്‍ഹി: സി.ജെ.പി നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടനയുടെ സഹ കണ്‍വീനറായ അശുതോഷ് റങ്ക. ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് വിവരം ലഭിച്ച സി.ജെ.പി നേതാക്കള്‍ നാഗ്പൂരിലെ ഒരു പരിപാടിയില്‍ നിന്ന് കാറില്‍ കയറി രക്ഷപ്പെടുന്നുവെന്ന കാപ്ഷനോടെ ഐ.എ.എന്‍.എസ് ഇന്നലെ (നവംബര്‍ 26, വ്യാഴം) സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് അശുതോഷ് അറിയിച്ചത്.
സി.ജെ.പി നേതാക്കള്‍ ഒരു കാറില്‍ കയറി പോകുന്നതും പൊലീസ് എസ്‌കോര്‍ട്ടോട് കൂടെ പ്രകാശ് രാജ് നടന്നു വരുന്നതുമായ ഒരു വീഡിയോ ആണ് ഐ.എ.എന്‍.എസ് പോസ്റ്റ് ചെയ്തത്. ഇത് നാഗ്പൂരില്‍ നിന്നുള്ള വീഡിയോ ആണെന്നും വാര്‍ത്താ ഏജന്‍സി ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. നാഗ്പൂരില്‍ സംവിധാന്‍ സ്‌ക്വയറില്‍ ‘സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍,’ എന്ന ഒരു പ്രതിഷേധ പരിപാടിയില്‍ സി.ജെ.പി നേതാക്കളും പ്രകാശ് രാജും ഇന്നലെ പങ്കെടുത്തിരുന്നു. ഈ സ്ഥലത്ത് നിന്നുള്ള ദൃശ്യമാണ് ഐ.എ.എന്‍.എസ് പോസ്റ്റ് ചെയ്തതെന്നാണ് വിവരം.
‘ലുക്ക് ഔട്ട് നോട്ടീസ് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ, സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മാധ്യമങ്ങളുടെ ക്യാമറകളില്‍പ്പെടാതെ ആ സ്ഥലത്തുനിന്ന് നീങ്ങിത്തുടങ്ങി. നടന്‍ പ്രകാശ് രാജ് സംസാരിക്കുന്നതിന് മുന്‍പുതന്നെ അവര്‍ അവിടെനിന്ന് പോയിക്കഴിഞ്ഞിരുന്നു,’ എന്നാണ് വീഡിയോക്കൊപ്പം എ.എ.എന്‍.എസ് നല്‍കിയ കാപ്ഷന്‍.
ഐ.എ.എന്‍.എസ് പറയുന്നത് തെറ്റാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അവര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയക്കുമെന്നും അശുതോഷ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തങ്ങള്‍ മടങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്കൗണ്ടിന് പകരം സ്വന്തം ഔദ്യോഗിക അക്കൗണ്ടില്‍ ഐ.എ.എന്‍.എസ് അബന്ധത്തില്‍ ഈ വീഡിയോ പോസ്റ്റ് ചെയതു എന്നും അശുതോഷ് പരിഹസിച്ചു.
‘പ്രിയ ഐ.എ.എന്‍.എസ്, ഐ.ടി സെല്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യുന്നതിന് പകരം, അബദ്ധത്തില്‍ നിങ്ങളുടെ ഔദ്യോഗിക ഐഡിയില്‍ നിന്നാണ് നിങ്ങള്‍ പോസ്റ്റ് ചെയ്തത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നിയമനടപടി നേരിടാന്‍ തയ്യാറായിക്കോളൂ. കാരണം, പ്രകാശ് സാര്‍ സദസ്സിനെ അഭിസംബോധന ചെയ്യുന്നതും, പോലീസിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ എല്ലാവരും യാതൊരു തടസ്സവുമില്ലാതെ അവിടെ നിന്ന് മടങ്ങുന്നതുമായ ദൃശ്യങ്ങള്‍ ലഭ്യമാണ്,’ അശുതോഷ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
അശുതോഷിന് പുറമെ സി.ജെ.പിയുടെ മറ്റൊരു സഹ കണ്‍വീനറായ സൗരവ് ദാസും ഐ.എ.എന്‍.എസിനെ വിമര്‍ശിച്ചിരുന്നു. ‘എന്ത് നോണ്‍സെന്‍സ് ഹെഡിങ് ആണ് ഇത്,’ എന്നാണ് സൗരവ് ഈ ഐ.എ.എന്‍.എസിന്റെ പോസ്റ്റിനെക്കുറിച്ച് എക്‌സില്‍ ചോദിച്ചത്.
സോഷ്യല്‍ മീഡിയ യൂസര്‍മാരില്‍ നിന്നും ഐ.എ.എന്‍.എസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. വളരെ മോശമായ റിപ്പോര്‍ട്ടിങാണിത് എന്ന് അഭിഭാഷകന്‍ ഹരിശ്ചന്ദ്ര സുഖ്‌ദേവെ കുറിച്ചു.
പരിപാടിക്ക് ശേഷം, ആദ്യം പ്രകാശ് രാജിനെയും, പിന്നീട് സി.ജെ.പി നേതാക്കളെയും പോലീസ് എസ്‌കോര്‍ട്ടില്‍ പുറത്തേക്ക് കൊണ്ടുപോയി. പ്രകാശ് രാജ് പോകുന്നതിന് മുന്‍പ് മറ്റാരും അവിടെ നിന്ന് പോയിട്ടില്ലെന്നും സുഖ്‌ദേവെ കുറിച്ചു. സ്റ്റേജിന് തൊട്ടുപിന്നില്‍ നിന്ന് ഞാന്‍ ഇതൊക്കെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അഭിജീത് ദീപ്കെ, അശുതോഷ് റങ്ക എന്നിവര്‍ക്കെതിരെ ഇന്നലെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എ.എന്‍.എസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
Content Highlight: You might now wait for a legal notice for spreading fake news: Ashuthosh Ranka to IANS
