മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷർക്ക് സുപരിചിതയായ അഭിനേത്രിയാണ് പൂജ മോഹൻരാജ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമിട്ടാണ് നടി തന്റെ സിനിമാ കരിയര് ആരംഭിക്കുന്നത്. തുടർന്ന് സംവിധായകൻ ജിത്തു മാധവന്റെ സിനിമകളായ രോമാഞ്ചം, ആവേശം എന്നീ സിനിമകളിൽ ഓർക്കത്തക്കവണ്ണമുള്ള കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധിക്കപെടുകയായിരുന്നു.
ഒരു സംവിധായകൻ എന്ന നിലയിൽ വലിയ രീതിയിൽ വളർന്നിട്ടും ജിത്തുവിന്റെ വ്യക്തിത്വം മാറിയിട്ടില്ലെന്നും ജിത്തു തനിക്കൊരു സുഹൃത്തിനേക്കാളുപരി ഒരു നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളതെന്നാണ് താരം പറയുന്നത്. മീഡിയവൺ ഷോമാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജിത്തു മാധവനെക്കുറിച്ചുള്ള കാര്യങ്ങൾ നടി പങ്കു വെച്ചത്.
‘ജിത്തു എന്റെ ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ ഭയങ്കര ഫ്രണ്ട് ഒന്നുമല്ല പക്ഷേ വളരെ ഇഷ്ടമുള്ള ഒരു മനുഷ്യനാണ്. എനിക്കറിയാം അല്ലെങ്കിൽ എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന കുറച്ച് ആളുകളിൽ ഒരാളാണ് ജിത്തു മാധവൻ. സിനിമ സംബന്ധമായിട്ട് എന്തെങ്കിലും കാര്യങ്ങളോ സംശയങ്ങളോ അല്ലെങ്കിൽ വേറെ എവിടെ നിന്നെങ്കിലും കോൾ വരുമ്പോൾ ഇത് എങ്ങനെയുണ്ട് അവർ എങ്ങനെയുണ്ട് എന്നൊക്കെ നമുക്ക് വിളിച്ചു ചോദിക്കാൻ സ്പേസുള്ള ഒരാളാണ്. ചിലപ്പോൾ കുറേ പേര് സക്സസ്ഫുള്ളായി കഴിഞ്ഞാൽ അങ്ങനെ ആക്സസിബിൾ അല്ലാണ്ടാവുന്ന ആൾക്കാരുണ്ട്, പക്ഷേ ജിത്തു ഒരിക്കലും അങ്ങനെ ആയിട്ടില്ല. അതാണ് ജിത്തുവിന്റെ ഒരു സൗന്ദര്യം,’ പൂജ പറഞ്ഞു.

ആവേശം.രോമാഞ്ചം.Photo. Screen Grab/Facebook.com
സൂര്യയെ നായകനാക്കി ജിത്തു ചെയ്ത സീനിന് മുമ്പ് മറ്റൊരു സിനിമ ചെയ്യാനിരുന്നതാണെന്നും അതിൽ തനിക്കൊരു റോൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ പോയെന്നുമാണ് നടി പറയുന്നത്. ഒരു സിനിമയിലേക്ക് തന്നെ വിളിച്ചുവെന്ന് കരുതി പിന്നീടുള്ള സിനിമകളിലേക്ക് വിളിക്കണമെന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
‘സീനിന് മുമ്പ് ജിത്തു ചെയ്യാൻ പോകുന്ന പടത്തിലോട്ട് എന്നെ വിളിച്ചിരുന്നു. പിന്നെ അത് ഡ്രോപ്പ് ആയിപ്പോയി. ഇപ്പോൾ സീനിൽ നോക്കിയാൽ എനിക്ക് ചെയ്യാൻ പറ്റിയ ഒന്നുമില്ല അതിൽ. പിന്നെ ഒരാളെ രണ്ടു പടത്തിൽ വെച്ചുവെന്ന് പറഞ്ഞിട്ട് മൂന്നാമത്തെ പടത്തിലും വെക്കണമെന്നില്ലല്ലോ. എനിക്ക് തോന്നുന്നു എനിക്ക് നല്ല ഒരു സാധനമോ പരിപാടിയോ ഉണ്ടെങ്കിൽ പുള്ളിക്കാരൻ എന്തായാലും വിളിക്കും.
ഈ പറഞ്ഞ ഡ്രോപ് ചെയ്ത പടത്തിലും ഞാൻ ഒരിക്കലും വിചാരിക്കാത്ത പോലയുള്ളൊരു കഥാപാത്രമായിട്ടാണ് ജിത്തു എന്നെ വിളിച്ചത്. ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു. പക്ഷേ അത് നടന്നില്ല. സിനിമയാണ്, അത് ഓരോ സമയത്ത് അതിന്റെതായിട്ടുള്ള രീതിയിൽ പോകും. ആക്ച്വലി അങ്ങനെ നോക്കുമ്പോൾ മൂന്ന് സിനിമയിലും ജിത്തു എന്നെ അടുപ്പിച്ച് വിളിച്ചിട്ടുണ്ട്,’ പൂജ പറഞ്ഞു.
Content Highlight: Pooja Mohanraj said that success had not changed Jithu Madhavan and that was his beauty.
