വാഷിങ്ടണ്‍: തങ്ങളടക്കമുള്ള വ്യാപാര പങ്കാളികള്‍ക്കു മേല്‍ യു.എസ് പുതുതായി ചുമത്തുന്ന തീരുവകള്‍ അംഗീകരിക്കാനാവില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും. ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള വ്യാപാര പങ്കാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസം യു.എസ് പുതിയ തീരുവകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുവകളെ കുറിച്ചായിരുന്നു ഇ.യുവിന്റെയും ചൈനയുടെയും പ്രതികരണം.

അതേ സമയം യു.എസിന്റെ നീക്കം ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) ചട്ടങ്ങളെ ലംഘിക്കുന്നതാണെന്നും അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിന് ദോഷകരമാണെന്നും ചൂണ്ടിക്കാട്ടി ചെനീസ് അധികൃതര്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

അമേരിക്കയുടെ ഈ അന്വേഷണം ഏകപക്ഷീയമായ നടപടിയാണെന്നും, ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും വാണിജ്യ മന്ത്രാലയ വക്താവ് ഹെ യാഡോങ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. യു.എസ് തങ്ങളുടെ തെറ്റായ നടപടികള്‍ തിരുത്തണമെന്നും, ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശരിയായ പാതയിലേക്ക് മടങ്ങണമെന്നും ചൈന ആവശ്യപ്പെട്ടു.

പുതിയ തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ അടിസ്ഥാനത്തെത്തന്നെ യൂറോപ്യന്‍ യൂണിയന്‍ തള്ളിയതായി ഡി.ഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ കരാര്‍ അമേരിക്ക പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

‘ആഗോളതലത്തിലുള്ള അമിതോത്പാദനത്തെക്കുറിച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും ഒരേ ആശങ്കയാണുള്ളത്. ഇതില്‍ ഭൂരിഭാഗവും വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്നതാണ്. ഇക്കാര്യത്തില്‍ സംയുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്,’ യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് ഒലോഫ് ഗില്‍ പറഞ്ഞു.

യു.എസിന്റെ തീരുവ തീരുമാനത്തെ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മീഷണര്‍ മറോസ് സെഫ്കോവിക് തള്ളിക്കളഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ധാരണയിലെത്തിയ 15 ശതമാനം തീരുവയെ യു.എസ് മാനിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള വ്യാപാര പങ്കാളികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് തീരുവകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ യു.എസുമായി ഇന്ത്യ ഒരു വ്യാപാര കറാറിലെത്തിയാല്‍ ഇത് 17 ശതമാനമായി കുറയ്ക്കും.

വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ഇന്ത്യ

പുതിയ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരാനും വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം യു.എസിനോട് ആവശ്യപ്പെട്ടു. വ്യാപാര കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി അമേരിക്കയുമായി അടുത്തു സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. യു.എസ് തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം ഇപ്പോള്‍ കരാറിനായുള്ള ചര്‍ച്ചകള്‍ തുടരാന്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വെള്ളിയാഴ്ച അറിയിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യു.എസുമായി കരാറിലെത്തുകയാണെങ്കില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിലേക്ക് ഉയരുന്നതിന് പകരം 17 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിയൂഷ് ഗോയലിന്റെ പ്രതികരണം വന്നത്.

ഇന്ത്യക്കും ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പുറമെ ജപ്പാന്‍, ബ്രസീല്‍, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഈ പുതിയ തീരുവകള്‍ നേരിടുന്നവയില്‍ ഉള്‍പ്പെടുന്നു. ചൈനയ്ക്കാണ് ഏറ്റവും ഉയര്‍ന്ന തീരുവ ബാധ്യത വരുന്നത്. ചില ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെ തീരുവ വരും.

വ്യാവസായിക ശേഷിയില്‍ ഘടനാപരമായ അധിക വര്‍ദ്ധനവെന്ന ആരോപണം

ഇന്ത്യ അടക്കമുള്ള വ്യാപാര പങ്കാളികളുടെ വ്യാവസായിക ശേഷിയില്‍ ഘടനാപരമായ അധിക വര്‍ദ്ധനവ് ഉണ്ടെന്ന് അധിക തീരുവ ചുമത്തവെ യു.എസ് ആരോപിച്ചിരുന്നു. ഈ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തു. ഇന്ത്യയുടെ ഒരു മേഖലയിലും ഘടനാപരമായ അധിക ഉല്‍പ്പാദന ശേഷി ഇല്ല എന്ന് ഇന്ത്യന്‍ വാണിജ്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യക്ക് പുറമെ ജപ്പാനും ആരോപണം തള്ളിയിരുന്നു. ജപ്പാനില്‍ വിപണി തത്വങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളോ ഘടനാപരമായ അമിതോല്‍പ്പാദന ശേഷിയോ ഇല്ലെന്ന് ജപ്പാന്‍ സര്‍ക്കാരിന്റെ വക്താവ് മിനോരു കിഹാര പറഞ്ഞു. ജപ്പാനെ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികള്‍ പ്രഖ്യാപിച്ചത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസിന്റെ നിര്‍ദേശങ്ങളില്‍ തങ്ങള്‍ക്ക് ഏറെ നിരാശയുണ്ടെന്ന് സിംഗപ്പൂര്‍ അറിയിച്ചു. തങ്ങള്‍ ആഭ്യന്തര വിപണിയെ സംരക്ഷിക്കുകയോ ഉത്പാദന മേഖലയ്ക്ക് സബ്സിഡി നല്‍കുകയോ ചെയ്യുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഏര്‍പ്പെടുത്തിയ തീരുവകള്‍ സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ആരംഭിച്ച അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ പുതിയ തീരുവകള്‍ വരുന്നത്. തീരുവകള്‍, പൊതുജനാഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പിലാക്കൂ. ചുരുങ്ങിയത് ഈ ജനുവരിയെങ്കിലും ആയാലാണ് തീരുവകള്‍ പ്രാബല്യത്തില്‍ വരിക.

16 വ്യാപാര പങ്കാളികളെക്കുറിച്ച് യു.എസ് ട്രേഡ് റെപ്രസന്ററ്റീവ് (യു.എസ്.ടി.ആര്‍) എട്ടു മാസത്തോളം അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ബുധനാഴ്ച ഈ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. മെക്സിക്കോ, നോര്‍വേ എന്നിവയെ തല്‍ക്കാലം ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

മറ്റൊരു പ്രഖ്യാപനത്തില്‍, അമേരിക്കയുടെ വ്യാപാര ആശങ്കകള്‍ പരിഹരിക്കുന്നതില്‍ ബ്രസീല്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്, വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്രസീലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്താനും യു.എസ്.ടി.ആര്‍ നിര്‍ദ്ദേശിച്ചു. ഈ നടപടികളെ അംഗീകരിക്കാനാവാത്തത് എന്ന് ബ്രസീലിയന്‍ പ്രസിഡന്റിന്റെ ഓഫീസ് വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് മുന്നില്‍ ബ്രസീല്‍ വഴങ്ങില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

Content Highlight: US Tariff- Responses From China, EU, India, Japan, Singapore and Brazil