മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിനീത്. സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനതായ അഭിനയ ശൈലിയിലൂടെ സൗമ്യനായ കാമുകനായും പക്വതയാർന്ന ക്യാരക്ടർ റോളുകളിലും മാത്രം ഒതുങ്ങി നിന്ന വിനീത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിലാണ് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. അന്നും ഇന്നും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കൃത്യത പുലർത്തുന്ന നടന്മാരിൽ ഒരാളും കൂടിയാണ് വിനീത്. ദിൻജിത് അയ്യത്താന്റെ എക്കോയിലെ മോഹൻ പോത്തനും റെജിൻ എസ്. ബാബുവിന്റെ ഭൗമയിലെ സാമുവലും അതിനുദാഹരണമാണ്.

ബാഹുൽ രമേശ് തിരക്കഥ എഴുതി ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് എക്കോ. സിനിമയിൽ മോഹൻ പോത്തൻ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുര്യച്ചന്റെ സുഹൃത്തായാണ് വിനീത് കടന്നുവരുന്നത്. തന്റെ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി നരച്ച മുടിയും നരച്ച താടിയുമായി ഒരു ഓൾഡ് ഏജ് ലുക്കിലാണ് ഈ സിനിമയിൽ വിനീത് പ്രത്യക്ഷപ്പെട്ടത്. അതിഭാവുകത്വമില്ലാതെ കൃത്യമായ സംസാരരീതികൊണ്ടും വേഷപ്പകർച്ചകൊണ്ടും തന്റെ കഥാപാത്രത്തിന്റെ വില്ലനിസം പ്രേക്ഷകരിലേക്കെത്തിക്കാൻ വിനീത് എന്ന നടന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു എക്കോയിലെ മോഹൻ പോത്തൻ. ചിത്രത്തിൻറെ കഥാഗതി മാറിമറിയുന്നത് ആ കഥാപാത്രത്തിലൂടെയാണ്. കൃത്യമായ ഒരിടത്താണ് മോഹൻ പോത്തൻ പ്ലേസ് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രേക്ഷകനെയും കുര്യച്ചന്റെ പങ്കാളിയായ മ്ലാത്തി ചേടത്തിയെയും ഞെട്ടിപ്പിക്കുന്ന ആ സത്യം വെളിപ്പെടുത്തുന്ന നിമിഷം തൊട്ട് കഥയുടെ ദിശ മാറുകയാണ്. ആ ഒരൊറ്റ എൻകൗണ്ടർ സീൻ മാത്രം മതി വിനീത് എന്ന നടന്റെ അഭിനയമികവ് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ.

എക്കോ.Photo. Screen Grab/Facebook.com

കുര്യച്ചനെ കണ്ടെത്താൻ പറ്റാത്തതിലും തന്നെ ചതിച്ചതിലുമുള്ള ദേഷ്യവും, അമർഷവും, പ്രതികാരവും, ദുഷ്ടതയും  ഒരൊറ്റ സീനിൽ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചുവെന്ന് പറയുന്നത് നിസാരമല്ല ഒപ്പം അതിഗംഭീരമായ ഡയലോഗ് ഡെലിവെറിയും ആ ഒരു സീനിന്റെ തീവ്രത പ്രേക്ഷകനിലേക്ക് കൃത്യമായ മീറ്ററിൽ കൊണ്ടുവരാൻ ഒരു നല്ല അഭിനേതാവിന് മാത്രമേ കഴിയുകയുള്ളൂ.

സിനിമയുടെ തുടക്കത്തിൽ കുര്യച്ചനെ തേടിയെത്തുന്ന കുറേ കഥാപാത്രങ്ങളിൽ ഒരു കഥാപാത്രം മാത്രമാണ് മോഹൻ പോത്തനെങ്കിൽ അങ്ങനെയല്ലെന്ന് പ്രേക്ഷകൻ തിരിച്ചറിയുന്ന ഒരു മൊമന്റ് കൂടിയാണത്. സ്വന്തം കർമഫലം അനുഭവിക്കുന്നതിനൊപ്പം പ്രതികാര ബുദ്ധിയും ഒരുപോലെ കൊണ്ടുനടക്കുന്ന  സങ്കീർണമായ കഥാപാത്രമാണ് മോഹൻ പോത്തന്റേത്.

റെജിൻ എസ്. ബാബുവിന്റെ ഭൗമയിലേക്ക് വരുമ്പോൾ സാമുവൽ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ റോസ് വില്ലയിലെ ഭൃത്യൻ മാത്രമായിരുന്ന സാമുവൽ രണ്ടാം പകുതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് തന്റെ പകർന്നാട്ടം നടത്തുന്നത്.

എന്നാൽ അതിഭാവുകത്വമോ ഭയപ്പെടുത്തുന്ന വലിയ ഡയലോഗുകളൊന്നും പറയാതെ തന്നെ സാമുവൽ ഭീതി സൃഷ്ടിക്കുകയാണ്. ‘റോസ്, ഡോണ്ട് സ്‌കെയർ അവർ ബേബി’ എന്നൊരൊറ്റ ഡയലോഗിൽ സാമുവൽ ആരാണെന്ന് തിരിച്ചറിയുമ്പോൾ സെലിനത് തന്റെ അച്ഛനെയും വംശത്തെയും തിരിച്ചറിഞ്ഞ നിമിഷമാണെങ്കിൽ പ്രേക്ഷകർക്കത് പേടിപ്പെടുത്തുന്നൊരു അനുഭവമായിരുന്നു.

ഭൗമ.Photo. Screen Grab/Facebook.com

സിനിമയുടെ ആരംഭം തൊട്ട് നിഗൂഢത തോന്നിപ്പിക്കുന്ന തരത്തിലാണ് സാമുവൽ പ്രത്യക്ഷപ്പെടുന്നത്. പുറമേ വളരെ ശാന്തനായ, ആ ബംഗ്ലാവിനെ പറ്റിയോ അവിടെയുള്ളവരെ കുറിച്ചോ ഒന്നുമറിയാത്ത, കൃത്യമായി യാതൊരുവിധ ഭാവങ്ങളും മുഖത്ത് പ്രകടമാക്കാത്ത പെരുമാറ്റമാണ് സാമുവലിന്റേത്. എന്നാൽ അതേസമയം അകമേ വലിയൊരു അപകടകാരിയാണ് ആ കഥാപാത്രം. എങ്കിലും അത് പ്രേക്ഷകർക്ക് ഒരു വേളയിൽ പോലും തിരിച്ചറിയാൻ കഴിയുന്നില്ല.

അത്രമേൽ സൂക്ഷ്മമായാണ് അദ്ദേഹം സാമുവലിനെ സമീപിച്ചിരിക്കുന്നതും ഉൾക്കൊണ്ടിരിക്കുന്നതും. ഉച്ചത്തിലും നീണ്ടതുമായ സംഭാഷണങ്ങളില്ലാതെ തന്നെ തന്റെ കണ്ണിലൂടെയും ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും സാമുവലിന്റെ മാനസികാവസ്ഥ പ്രേക്ഷകരിലേക്കെത്തിക്കാൻ വിനീതിന് അനായേസേന സാധിച്ചിട്ടുണ്ട്.

വിനീതിന്റെ കരിയറിലെ മുൻകാല റൊമാന്റിക് നായക പരിവേഷങ്ങളെ പൂർണമായും പൊളിച്ചെഴുതുന്നതും, മിതത്വമാർന്ന അഭിനയത്തിലൂടെ തിയേറ്ററുകളിൽ ഞെട്ടലുണ്ടാക്കിയതുമായ കഥാപാത്രങ്ങളാണ് ഇവ രണ്ടും.

ചുരുക്കത്തിൽ സംവിധായകരുടെ കാഴ്ചപ്പാടുകളെ കൃത്യമായി മനസിലാക്കി അതുൾക്കൊണ്ട്, ഓരോ കഥാപാത്രത്തിനും ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് ഈ രണ്ട് സിനിമകളിലെയും പ്രകടനങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നത്. നീണ്ട സിനിമാ ജീവിതത്തിൽ നിന്നും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത അനുഭവസമ്പത്ത് തന്നെയായിരിക്കാം അദ്ദേഹത്തെ മികച്ച നടനാക്കുന്നതിന്റെ പിന്നിലുള്ള കാരണം.

Content Highlight: From Mohan Pothan to Samuel; Vineeth with new dimensions of villainy