ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയുമായി ഡി.എം.കെ സഖ്യത്തിലാവാന്‍ ഒരുങ്ങുകയാണെന്ന് സംസ്ഥാന ഭരണ കക്ഷിയായ ടി.വി.കെ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയുമായി ഡി.എം.കെ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണെന്നതടക്കമുള്ള ആരോപണങ്ങള്‍ ടി.വി.കെ ഉന്നയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ടി.വി.കെയുടെ ഇത്തരം ആരോപണങ്ങള്‍ ഡി.എം.കെ നിഷേധിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡി.എം.കെയുടെ മുഖപത്രമായ മുരശൊലിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ വിവാദം ആരംഭിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഡി.എംകെ കളമൊരുക്കുകയാണെന്നതിന്റെ സൂചനയാണ് മുരശൊലിയില്‍ നാഗേന്ദ്രന്റെ അഭിമുഖം വന്നതെന്ന് ടി.വി.കെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
ഉദയനിധി സ്റ്റാലിന് ഗവര്‍ണറെ കണ്ടതിലൂടെ ഡി.എം.കെ തങ്ങളുടെ ആശയപരമായ നിലപാടുകള്‍ ഉപേക്ഷിച്ചുവെന്ന് ടി.വി.കെയുടെ ഐ.ടി വിഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ ചോദിച്ച ‘ആടിന് എന്തിനാണ് താടി? രാജ്യത്തിന് എന്തിനാണ് ഗവര്‍ണര്‍?’ എന്ന ചോദ്യവും ഈ പോസ്റ്റില്‍ ടി.വി.കെ ഓര്‍മിക്കുന്നു.
ഗവര്‍ണറെ നിയമസഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാത്തതില്‍ മുന്‍പ് അഭിമാനം കൊണ്ടിരുന്ന ഡി.എം.കെ, ഇപ്പോള്‍ അദ്ദേഹത്തിന്റെ കാല്ക്കല് വീഴാന്‍ തയ്യാറായിരിക്കുകയാണെന്ന് ആ കുറിപ്പില്‍ ആരോപിക്കുന്നു. ബി.ജെ.പിയുമായി ഡി.എം.കെയ്ക്ക് മുമ്പ് ബന്ധമനുണ്ടായിരുന്നെന്നു ആ ചരിത്രം ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ടി.വി.കെയുടെ കുറിപ്പില്‍ പറയുന്നു.
ടി.വി.കെയുടെ ആരോപണങ്ങള്‍ ഡി.എം.കെ വക്താവ് സയ്യിദ് ഹഫീസുല്ല നിഷേധിച്ചതായി എന്‍.ഡി.ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുരശൊലിയില്‍ വന്നത് നാഗേന്ദ്രനുമായുള്ള പൂര്‍ണമായ അഭിമുഖമല്ലെന്നും, മറിച്ച് ഭരണകക്ഷിയായ ടി.വി.കെയ്ക്കെതിരെ നാഗേന്ദ്രന് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ഒരു വാര്‍ത്ത മാത്രമാണെന്നും ഹഫീസുല്ല പറഞ്ഞു. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരായ പരാതികള്‍ അറിയിക്കാന്‍ പ്രതിപക്ഷത്തിന് സമീപിക്കാവുന്ന അധികാരി ഗവര്‍ണറാണെന്നും പാര്‍ട്ടി വക്താവ് അവകാശപ്പെട്ടു.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ല് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കാനിരിക്കെയാണ് ഡി.എം.കെ ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിക്കുന്നതായി ടി.വി.കെയുടെ ആരോപണം വരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ കേന്ദ്രം ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കതെ പരാജയപ്പെട്ടിരുന്നു. അംഗബലം ഉറപ്പാക്കാന്‍ കേന്ദ്രം നടത്തിയ മാസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഇത്തവണ പാര്‍ലമെന്റ് വില്ച്ചുചേര്ക്കുന്നത്.
നവംബര്‍ 30ന് ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും വീണ്ടും ചേരും. ലോക്സഭയില്‍ നാല് സിറ്റിങ്ങുകളും രാജ്യസഭയില്‍ രണ്ട് സിറ്റിങ്ങുകളുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ശീതകാല സമ്മേളനമല്ല ഇത് ഓഗസ്റ്റില്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും ഔദ്യോഗികമായി അവസാനിപ്പിക്കാത്ത വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്.
ലോക്സഭയിലെയും നിയമസഭകളിലെയും മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി. 2023ല്‍ നിയമമായ വനിതാ സംവരണം നടപ്പാക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണയം അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദം.
Content Highlight: TVK alleges DMK trying to be close with BJP
