ന്യൂയോർക്ക്: ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ കൃത്യമായ പ്രവൃത്തികളാക്കി മാറ്റാൻ അന്താരാഷ്ട്ര സമൂഹത്തോട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഫലസ്തീൻ ജനതയുടെ അന്തസിനും നീതിക്കും സ്വയം നിർണയാവകാശത്തിനും വേണ്ടിയുള്ള അവകാശങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീനിലെക്കുള്ള ഇസ്രഈലിന്റെ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കാനും അദ്ദേഹം ആവർത്തിച്ചു.
ഫലസ്തീൻ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
‘അന്തസിനും നീതിക്കും സ്വയം നിർണയാവകാശത്തിനും ഫലസ്തീൻ ജനതയ്ക്ക് അവകാശമുണ്ട്. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വാക്കുകൾക്കപ്പുറം പ്രവൃത്തികളായി മാറണം. ദുരിതങ്ങൾക്ക് വെറും സാക്ഷിയാകുന്നതിനേക്കാൾ ഉപരിയായിരിക്കണം ഐക്യദാർഢ്യം,’ പ്രസ്താവനയിൽ പറഞ്ഞു.
ഗസയിലെ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും തടസങ്ങളില്ലാതെ സഹായ ലഭ്യത ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഗസയിൽ ഇനിയും അക്രമങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നത് തടയാനും തടസങ്ങളില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കാനും പുനർനിർമാണത്തിന് ആവശ്യമായ പിന്തുണ നൽകാനും അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തണം,’ ഗുട്ടെറസ് പറഞ്ഞു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയത്തിനുള്ള അവകാശം സാധ്യമായെങ്കിൽ മാത്രമേ പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കാൻ കഴിയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബർ മുതൽ പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ 74,500-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,76,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlight: Solidarity with the Palestinian people must translate into action, beyond mere words: António Guterres
