താനും പങ്കാളിയും രണ്ട് വ്യത്യസ്ത സ്വഭാവക്കാരാണെന്ന് നടൻ ഹക്കിം ഷാ. കാഴ്ചപ്പാടുകളിലും മനോഭാവങ്ങളിലും പരസ്പരം ഏറെ വ്യത്യാസമുണ്ടെങ്കിലും ആ വ്യത്യാസങ്ങൾ തങ്ങളുടെ ബന്ധത്തെ ബാധിക്കാറില്ലെന്നും പ്രശ്നങ്ങൾ വന്നാൽ സംസാരിച്ച് പരിഹരിക്കുകയാണ് പതിവെന്നും ഹക്കിം പറയുന്നു.

പങ്കാളി ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ ഫെമിനിസ്റ്റായി മാറിയതെന്നും താരം തുറന്നുപറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹെയിൽ മേരിയുടെ പ്രൊമോഷന്റെ ഭാഗമായി ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഹക്കിം ഷാ. Photo. Screen Grab/ Youtube

‘എന്റെ ലൈഫിൽ എന്ന് പറയുകയാണെങ്കിൽ, ഞങ്ങൾ രണ്ടുപേരും കംപ്ലീറ്റ്ലി ഓപ്പോസിറ്റ് എക്സ്ട്രീം സൈഡുകളാണ്. ഞാൻ സീറോ ആണെങ്കിൽ അവൾ നൂറാണ്. ഞാൻ പകലാണെങ്കിൽ അവൾ രാത്രിയാണ്. ഞാൻ തീയാണെങ്കിൽ അവൾ വെള്ളമാണ്. അങ്ങനെ ഭയങ്കര വ്യത്യസ്തമായ കാഴ്ചപ്പാടുകളും മനോഭാവങ്ങളുമുള്ള രണ്ട് പേരാണ് ഞങ്ങൾ,’ ഹക്കിം ഷാ പറഞ്ഞു.

വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും പരസ്പരം മനസിലാക്കി മുന്നോട്ടുപോകാനാണ് ഇരുവരും ശ്രമിക്കാറുള്ളത്. ഒരു ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ആ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് പ്രധാനമെന്നും ഹക്കിം പറയുന്നു.

‘നമ്മൾ തമ്മിലുള്ള റിലേഷൻഷിപ്പിൽ ഈഗോയും മറ്റ് കാര്യങ്ങളുമൊക്കെ മാറ്റിനിർത്തി, ആ ബന്ധത്തിന് പ്രാധാന്യം കൊടുക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഇത് ശരിയാക്കാൻ നമ്മൾ ഫൈറ്റ് ചെയ്യണം എന്നൊരു ചിന്തയുണ്ട്. എല്ലാ ബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാകും. പക്ഷേ അവസാനം പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞാൽ ഞങ്ങൾ കൂളായി സംസാരിക്കും. ആർക്കാണ് തെറ്റ് പറ്റിയതെന്ന് മനസിലാക്കി, അത് അംഗീകരിച്ച് കാര്യങ്ങൾ പറഞ്ഞുതീർത്ത് മുന്നോട്ടുപോകും,’ ഹക്കിം ഷാ വ്യക്തമാക്കി.

താൻ അത്ര നന്നായി കാര്യങ്ങൾ സംസാരിച്ച് തീർക്കുന്ന ആളല്ലെന്നും പങ്കാളിയാണ് പലപ്പോഴും അതിന് മുൻകൈ എടുക്കാറുള്ളതെന്നും ഹക്കിം പറയുന്നു. കാര്യങ്ങൾ തുറന്നുപറഞ്ഞ് പരസ്പരം മനസിലാക്കാൻ പങ്കാളി തന്നെ സഹായിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

പങ്കാളിയിൽ നിന്നുണ്ടായ മറ്റൊരു വലിയ മാറ്റം തന്റെ കാഴ്ചപ്പാടുകളിലാണെന്നും ഹക്കിം പറയുന്നു. ആദ്യകാലത്ത് താൻ ഫെമിനിസ്റ്റായിരുന്നില്ല. സാധാരണ നാട്ടിൻപുറത്തുനിന്ന് വളർന്നുവന്ന ഒരാളെന്ന നിലയിൽ പുരുഷന്മാരാണ് മുന്നിൽ നിൽക്കേണ്ടതും കാര്യങ്ങൾ നയിക്കേണ്ടതുമെന്ന ചിന്ത തനിക്കുണ്ടായിരുന്നുവെന്നും താരം തുറന്നുപറയുന്നു.

‘ഞാൻ ഫെമിനിസ്റ്റ് ആയിരുന്നില്ല. എന്റെ പങ്കാളി എന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് ഞാൻ ഒരു ഫെമിനിസ്റ്റായി മാറിയത്. അതുവരെ ഇക്വാലിറ്റിയെക്കുറിച്ചുള്ള കാഴ്ചപ്പാടൊന്നും എനിക്ക് ഇത്ര വ്യക്തമായിരുന്നില്ല. സാധാരണ നാട്ടിൻപുറത്തുനിന്ന് വന്നതുകൊണ്ട് ആണുങ്ങളാണ് നയിക്കേണ്ടത്, മുന്നിൽ നിൽക്കേണ്ടത് എന്നൊക്കെയുള്ള ധാരണ എനിക്കുണ്ടായിരുന്നു,’ നടൻ പറഞ്ഞു.

ഹക്കിം ഷാ. Photo. Facebook.com

ആ ചിന്തകളെല്ലാം മാറിയത് പങ്കാളി ജീവിതത്തിലേക്ക് വന്നതോടെയാണെന്നും ഹക്കിം പറയുന്നു. കാര്യങ്ങളെ മറ്റൊരു കാഴ്ചപ്പാടിലൂടെ കാണാനും തുല്യതയുടെ പ്രാധാന്യം മനസിലാക്കാനും പങ്കാളി തന്നെ സഹായിച്ചു. തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾക്ക് പങ്കാളിയോടാണ് നന്ദിയെന്നും താരം വ്യക്തമാക്കി.

Content Highlight: Actor Hakeem Shah states that he and his partner have two different personalities.