അയ്യപ്പന്റെ സാന്നിധ്യമുള്ള കഥ കേട്ടപ്പോൾ ഏറെ ഇഷ്ടമായെന്നും അത് കേട്ട് കണ്ണുനിറഞ്ഞെന്നും നടൻ സൈജു കുറുപ്പ്. രാജേഷ് തന്നെ വിളിച്ച് പല കഥകളും കേൾപ്പിച്ചിരുന്നെങ്കിലും ഒടുവിൽ ഹരിവരാസനത്തിന്റെ കഥയാണ് മനസിൽ തൊട്ടതെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘കഴിഞ്ഞ വർഷം ഏതോ ഒരു ദിവസം രാജേഷ് എന്നെ വിളിച്ചു. ഇടയ്ക്കിടെ എന്നെ വിളിച്ച് കഥ കേൾക്കാൻ ഫ്ലാറ്റിലേക്ക് വരാൻ പറയാറുണ്ട്. അങ്ങനെ ഏകദേശം അഞ്ച് കഥകൾ കേട്ടു. പക്ഷേ, ഞാനും രാജേഷും ഒരുമിച്ച് ചെയ്യുമ്പോൾ ഇങ്ങനെയൊരു കഥയായിരിക്കണം എന്ന് തോന്നിയിരുന്നില്ല. ഒടുവിൽ അദ്ദേഹം പറഞ്ഞത് അയ്യപ്പന്റെ സാന്നിധ്യമുള്ള ഒരു കഥയായിരുന്നു. എനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കഥ കേട്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. ഞാൻ കുറച്ച് സെൻസിറ്റീവാണ്, പെട്ടെന്ന് കരയും,’ സൈജു പറഞ്ഞു.

സൈജു കുറുപ്പ് , Photo. Screen Grab/ Youtube
കഥ കേട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് അമ്മയെ വിളിച്ച് സന്തോഷവാർത്ത അറിയിച്ചതായും താരം ഓർത്തെടുത്തു. മാളികപ്പുറം പോലൊരു കഥയാണ് കേട്ടതെന്നും സിനിമ ചെയ്യാൻ തീരുമാനിച്ചെന്നും അമ്മയോട് പറഞ്ഞു. അമ്മയും സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്ന് സൈജു കൂട്ടിച്ചേർത്തു.
മാളികപ്പുറം സിനിമ ഇഷ്ടപ്പെട്ടവർക്ക് ഹരിവരാസനവും ഇഷ്ടപ്പെടുമെന്നാണ് സൈജു പറഞ്ഞു.
‘നിങ്ങൾക്ക് മാളികപ്പുറം ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഹരിവരാസനവും ഉറപ്പായും ഇഷ്ടപ്പെടും. ഈ സിനിമ നിങ്ങളെ തീർച്ചയായും എന്റർടെയ്ൻ ചെയ്യും. മാളികപ്പുറത്തിന്റെ സംവിധായകനെയും ഈ അവസരത്തിൽ ഓർക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിലെ ആദ്യ പാട്ടിന്റെ ഓർമയും ചടങ്ങിൽ സൈജു പങ്കുവെച്ചു. കുട്ടിക്കാലത്ത് അച്ഛൻ ഉറക്കാൻ വേണ്ടി പാടിയിരുന്ന പാട്ടാണ് താൻ ആദ്യം കേട്ടതെന്ന് താരം പറഞ്ഞു. ചേർത്തലയിലെ കടക്കരപ്പള്ളിയിൽ താമസിച്ചിരുന്ന കാലത്ത്, ഏകദേശം മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ തോളത്തിട്ട് പാടിയിരുന്ന ‘ഏഴര പൊന്നാന പുറത്തെയുന്നള്ളും ഏറ്റുമാനൂരപ്പാ’ എന്ന പാട്ടാണ് ആ ഓർമയെന്നും നടൻ പറഞ്ഞു.

ഹരിവരാസനം. Photo. IMDb
‘സിനിമയിലെ പാട്ടാണെങ്കിലും അതൊരു കീർത്തനമാണ്. എന്റെ തലച്ചോറിൽ ആദ്യം പതിഞ്ഞ പാട്ട് ഒരു ദൈവത്തിന്റെ പാട്ടായിരുന്നു. അന്നുമുതൽ കീർത്തനങ്ങൾ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്,’ സൈജു പറഞ്ഞു.
മകരവിളക്കിന് പിറ്റേന്ന് ജനുവരി 15നാണ് ഹരിവരാസനം തിയേറ്ററുകളിലെത്തുന്നത്. എല്ലാവരും തിയേറ്ററിലെത്തി സിനിമ കാണണമെന്നും സൈജു കുറുപ്പ് അഭ്യർത്ഥിച്ചു.
Content Highlight: Actor Saiju Kurup stated that he was deeply moved upon hearing the story involving Ayyappan’s presence, and that it brought tears to his eyes.
