കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലേക്ക് ഒരു വമ്പൻ സൈനിങ് നടത്തിയിരിക്കുകയാണ്. 20കാരനായ ഡിഫൻഡർ സമർഥ് ഭരദ്വാജിനെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. സ്പെയിനിലെ വിവിധ യൂത്ത് വേണ്ടി കളിച്ച പരിചയ സമ്പത്തുള്ള യുവതാരമാണ് സമർഥ്. സ്പാനിഷ് ക്ലബ്ബായ ഡി.സി സിറ്റിയോ ഡി അരൻജുവസിൽ നിന്നുമാണ് 20കാരൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകളുടെ യൂത്ത് ടീമുകൾക്കെതിരെ കളിച്ച അനുഭവസമ്പത്തും താരത്തിനുണ്ട്. പ്രതിരോധ നിരയിൽ കടുത്ത ശാരീരിക ക്ഷമതയോടെ കളിക്കാൻ സാധിക്കുന്ന താരമാണ് സമർഥ്. ഭാവിയിലേക്ക് ടീമിനെ വലിയ മുതൽക്കൂട്ടാവാൻ ഈ താരത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പുതിയ ഉടമകൾക്ക് കീഴിലാണ് കൊമ്പൻമാർ ഈ സീസണിൽ കളത്തിലിറങ്ങിയത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ.
എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആഷ്ലി വെസ്റ്റ് വുഡിന്റെ കീഴിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഓരോ വീതം ജയവും തോൽവിയും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കൊമ്പന്മാർ തകർത്തത്.

എന്നാൽ പിന്നീട് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ 4-1ന്റെ വമ്പൻ തോൽവിയും ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി. പിന്നീട് മുംബൈ സിറ്റി, ചെന്നൈയിൻ എഫ്.സി എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിയുകയും ചെയ്തു. നവംബർ 29ന് എഫ്.സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയുടെ തട്ടകമായ ഫട്ടോർഡയിലാണ് മത്സരം.
Content Highlight: Kerala Blasters have signed Samarth Bharadwaj for their reserve team
