സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനലിലേക്ക് മുന്നേറി തിരുവനന്തപുരം കൊമ്പൻസ്. നിർണായക മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് കൊമ്പൻസ് സെമി ടിക്കറ്റ് കൈപ്പിടിയിലാക്കിയത്.

ഈ മത്സരത്തിൽ തൃശൂർ പരാജയപ്പെട്ടതോടെ സെമി ഫൈനൽ സാധ്യതകൾ നിലനിന്നിരുന്ന നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് പുറത്താവുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ മലപ്പുറം എഫ്.സിയെ പെനാൽറ്റിയിൽ വീഴ്ത്തി കണ്ണൂർ തങ്ങളുടെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കിയിരുന്നു. എന്നാൽ കൊമ്പൻസ് കണ്ണൂരിന്റെ സെമി ഫൈനൽ സ്വപ്നങ്ങളും തകർത്താണ് കുതിച്ചിരിക്കുന്നത്.

അവസാന പോരാട്ടത്തിൽ ആശ്വാസ വിജയം നേടാൻ സ്വന്തം തട്ടകത്തിൽ കളത്തിലിറങ്ങിയ തൃശ്ശൂരിനെതിരെ മത്സരം തുടങ്ങി 10 മിനിട്ടിനുള്ളിൽ കൊമ്പൻസ് ആദ്യ ലീഡ് നേടി. ശ്രീരാജാണ് കൊമ്പൻസിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്.

ആദ്യ ഗോൾ നേടി വെറും അഞ്ച് മിനിട്ടുകൾക്ക് ശേഷം സന്ദർശകർ രണ്ടാം ഗോളും തൃശ്ശൂരിന്റെ വലയിൽ എത്തിച്ചു. പാട്രിക് സിൽവ മോട്ടയാണ് ഗോൾ സ്കോറർ. ഒടുവിൽ ആദ്യപകുതി എതിരില്ലാത്ത രണ്ട് ഗോളുകളുടെ വമ്പൻ ലീഡുമായി തിരുവനന്തപുരം ആധിപത്യം തുടർന്നു.

രണ്ടാം പകുതിയിലും സന്ദർശകർ കളം നിറഞ്ഞു കളിച്ചു. 55ാം മിനിറ്റിൽ ഷെയ്ൻ സാജൻ ജേക്കബ് മൂന്നാം ഗോളും നേടിയതോടെ തൃശ്ശൂരിന്റെ പതനം പൂർത്തിയായി.

പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരാണ് തിരുവനന്തപുരം സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ സീസണിലെ ലീഗ് ഷീൽഡ് ജേതാക്കളായ കാലിക്കറ്റ് എഫ്.സിയെയാണ് കൊമ്പൻസ് സെമിയിൽ നേരിടുക. മറ്റൊരു സെമി ഫൈനലിൽ മലപ്പുറം എഫ്.സിയും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും.

 

Content Highlight: Thiruvananthapuram kombans beat Thrissur magic fc and entered super league Kerala semi final