ന്യൂദല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലൂടെയും 131-ാം ഭരണഘടനാ ഭേദഗതിയിലൂടെയും അധികാരം എന്നെന്നേക്കുമായി കൈപ്പിടിയിലൊതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാജ്യസഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.

നവംബര്‍ 30-ന് ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ ബില്‍ പാസായാല്‍, രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യത്തിന്റെ കൂടി അന്ത്യമായിരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സിബല്‍ പറഞ്ഞു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. നിലവിലെ ലോക്സഭാ സീറ്റുകള്‍ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വീതം വര്‍ധിപ്പിച്ച് ഏകദേശം 840 ആക്കാനാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.

840 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായാല്‍ ഭരണഘടന തന്നെ തിരുത്തിയെഴുതാനും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനും ബി.ജെ.പിക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2024-ലെ തെരഞ്ഞെടുപ്പില്‍ 241 സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പിക്ക് 2029-ല്‍ വിജയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താന്‍ തുടങ്ങിയതെന്ന് കപില്‍ സൂബല്‍ പറഞ്ഞു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി (360 സീറ്റുകള്‍) കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 20 എം.പിമാര്‍ക്കെതിരെയും, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) വിട്ട ആറ് എം.പിമാര്‍ക്കെതിരെയുമുള്ള അയോഗ്യതാ ഹരജികളില്‍ സ്പീക്കര്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് നവംബര്‍ 30-ന് അവരുടെ വോട്ട് നേടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതിയിലെ വിരമിച്ച ഒരു ജഡ്ജി മാത്രം നേതൃത്വം നല്‍കുന്ന പുനര്‍നിര്‍ണയ കമ്മീഷനാണ് ബില്ലില്‍ വിഭാവനം ചെയ്യുന്നത്. കമ്മീഷന്റെ തീരുമാനങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത്, ബി.ജെ.പിക്ക് അനുകൂലമായ രീതിയില്‍ മണ്ഡലങ്ങള്‍ വെട്ടിമുറിക്കാന്‍ സാധ്യതയുണ്ടെന്ന് സിബല്‍ പറഞ്ഞു. അസമിലും ജമ്മു കശ്മീരിലും സമാനമായ രീതിയിലാണ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചതെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിയമിക്കുന്ന ഒരൊറ്റ ജഡ്ജിക്ക് പകരം മൂന്നംഗ പുനര്‍നിര്‍ണയ സമിതി വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരു വിരമിച്ച ജഡ്ജി, പ്രതിപക്ഷം നിര്‍ദേശിക്കുന്ന ഒരാള്‍, ഇരുവരും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന മൂന്നാമതൊരു ജഡ്ജി എന്നിവരടങ്ങുന്ന സമിതിയായിരിക്കണം മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടത്.

പുതിയ സെന്‍സസിന് കാത്തുനില്‍ക്കാതെ നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ വീഴരുതെന്ന് സിബല്‍ ഓര്‍മിപ്പിച്ചു.

ബില്ലിനെ പിന്തുണയ്ക്കാന്‍ ഡി.എം.കെ പോലുള്ള പാര്‍ട്ടികള്‍ ഉപാധികളോടെ തയ്യാറാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കപില്‍ സിബലിന്റെ ഈ മുന്നറിയിപ്പ്. സങ്കുചിതമായ സംസ്ഥാന താത്പ്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ ഭരണഘടനാ ജനാധിപത്യത്തെ ബലികഴിക്കുന്ന നേതാക്കള്‍ ചരിത്രത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: It will mark the end of what remains of democracy: Kapil Sibal on the delimitation bill