സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെയുള്ള മത്സരത്തിൽ സൗരാഷ്ട്ര പരാജയപ്പെട്ടിരുന്നു. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 38 റൺസിനാണ് തമിഴ്നാടിൻറെ വിജയം. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗരാഷ്ട്ര 154 റൺസിന് പുറത്തായി.
മത്സരം പരാജയപ്പെട്ടെങ്കിലും സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടിന്റെ മിന്നും പ്രകടനം ഏറെ ശ്രദ്ധേയമായി. പതിനൊന്നാമനായി ഇറങ്ങി തകർപ്പൻ വെടിക്കെട്ട് പ്രകടനം നടത്തിയാണ് ഉനദ്കട്ട് പൊരുതിയത്.
മത്സരത്തിൽ 26 പന്തിൽ 40 റൺസാണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. ടി-20യിൽ ഒരു മത്സരത്തിൽ പതിനൊന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും ഉനദ്കട്ട് കൈപ്പിടിയിലാക്കി.

ഇംഗ്ലണ്ടിന്റെ ഡാനി ബ്രിഗ്സ് നേടിയ 35 റൺസിന്റെ റെക്കോഡാണ് താരം തകർത്തത്. ചേതൻ സക്കറിയയുമായി 62 റൺസിന്റെ കൂട്ടുകെട്ടാണ് സൗരാഷ്ട ക്യാപ്റ്റൻ സൃഷ്ടിച്ചത്. ചേതൻ സക്കറിയ 21 റൺസ് നേടി പുറത്താവാതെ ക്യാപ്റ്റന് വലിയ പിന്തുണ നൽകി.
സൗരാഷ്ട്രയ്ക്ക് വേണ്ടി പ്രേരക് മങ്കാത് 38 റൺസും ഹാർവിക് ദേശായി 26 റൺസും നേടി തിളങ്ങി. സൗരാഷ്ട്രയുടെ ബാറ്റിങ് നിരയിൽ മൂന്ന് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്.
മത്സരത്തിൽ ആദ്യം ചെയ്ത തമിഴ്നാടിനായി സണ്ണി സന്തു 44 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. ആന്ദ്ര സിദ്ധാർത്ഥ് 38 റൺസും സച്ചിൻ ബി 37 റൺസും ആർ രാജ്കുമാർ 36 റൺസും സ്വന്തമാക്കി ടീമിന് വലിയ ലക്ഷ്യം പടുത്തുയർത്തുന്നതിൽ നിർണായകമായി.
സൗരാഷ്ട്രക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ മോഹിത് ഉൽവ രണ്ട് വിക്കറ്റും നേടി. ഉനദ്കട്ട്, ക്രെയിൻസ് ഭാവേഷ്ഭായ് ഫുലട്ര, പ്രേരങ്ക് മങ്കാദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
തമിഴ്നാട് ബൗളിങ് നിരയിൽ സണ്ണി സന്തു നാല് വിക്കറ്റുകൾ നേടിയപ്പോൾ ക്യാപ്റ്റൻ സായ് കിഷോർ മൂന്ന് വിക്കറ്റും ഗുർജപ്നീത് സിങ് രണ്ട് വിക്കറ്റുകളും നേടി. ഝാതവേദ് സുബ്രഹ്മണ്യൻ ഒരു വിക്കറ്റും കൈവരിച്ചു.
Content Highlight: Jaydev Unadkat create a historical batting record in T20
