ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്സ്വാൾ. ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ 33 വ്യത്യസ്ത വേദികളിൽ കളിക്കുന്ന താരമെന്ന നേട്ടമാണ് ജെയ്സ്വാൾ സ്വന്തമാക്കിയത്. കിവീസിനെതിരെ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് ഈ ചരിത്ര നേട്ടം പിറന്നത്.

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ മറികടന്നത്. ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 32 വ്യത്യസ്ത വേദികളിലായിരുന്നു സച്ചിൻ മത്സരങ്ങൾ കളിച്ചത്. 1989 മുതൽ 1994 വരെയായിരുന്നു സച്ചിൻ 32 ഗ്രൗണ്ടുകളിൽ കളത്തിലിറങ്ങിയത്.

ഈ റെക്കോഡിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുടെ ഒപ്പമാണ് ജെയ്സ്വാൾ. 33 വേദികളിലാണ് സഞ്ജയ് മഞ്ജരേക്കർ കളിച്ചത്. 1987 മുതൽ 1994 വരെയായിരുന്നു മുൻ ഇന്ത്യൻ താരം ഈ നേട്ടം കൈവരിച്ചത്.

2023ലാണ് ജെയ്‌സ്വാൾ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. റോസോയിലെ വിൻഡ്സനർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു ജെയ്സ്വാളിന്റെ അരങ്ങേറ്റ മത്സരം.

ജെയ്സ്വാൾ ഇതുവരെ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് ഇംഗ്ലണ്ടിനെതിരെയാണ്. പത്ത് മത്സരങ്ങളിലാണ് താരം ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങിയത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരെ അഞ്ച് വീതം മത്സരങ്ങളിലും താരം കളത്തിലിറങ്ങി.

സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെ നാല് വീതം മത്സരങ്ങളും ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെ രണ്ട് വീതം ടെസ്റ്റ് മത്സരങ്ങളിലും ജെയ്സ്വാൾ കളിച്ചു. അഫ്ഗാനിസ്ഥാനെതിരെ ഒരു മത്സരത്തിലും താരം ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങി.

2027 ജനുവരിയിൽ നടക്കുന്ന ബോർഡൻ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ നാഗ്പൂരിൽ കളിക്കാനിറങ്ങിയാൽ 34 വ്യത്യസ്ത വേദികളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തും.

അതേസമയം ഇന്ത്യ-ന്യൂസിലാൻഡ് അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 എന്ന നിലയിലാണ്. ന്യൂസിലാൻഡിനായി ക്യാപ്റ്റൻ ടോം ലാതം, വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ എന്നിവർ അർധ സെഞ്ച്വറി നേടി തിളങ്ങി. ലാതം 59 റൺസ് നേടിയപ്പോൾ ബ്ലെൻഡൽ 53 റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്. 36 റൺസുമായി ഗ്ലെൻ ഫിലിപ്സ് മറുഭാഗത്തുണ്ട്.

ഡെവോൺ കോൺവെ, ഡാരിൽ മിച്ചൽ എന്നിവർ 31 റൺസ് വീതം നേടി മടങ്ങി. ഇന്ത്യൻ ബൗളിങ്ങിൽ ആകാശ് ദീപ് രണ്ട് വിക്കറ്റുകളും വാഷിങ്ടൺ സുന്ദർ, അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ ഈ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

ഇന്ത്യ പ്ലെയിങ് ഇലവൻ

കെ.എൽ രാഹുൽ, യശസ്വി ജെയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ, ജസ്പ്രീത് ബുംറ.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

ടോം ലാതം (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്‌, നഥാൻ സ്‌മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.

 

Content Highlight: Yashasvi Jaiswal break Sachin Tendulker rare record in test cricket