ചെന്നൈ: മധുരയിലെ തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെയും ക്ഷേത്ര ഭരണ സമിതിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.

തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട കോടതി ജില്ലാ കളക്ടര്‍ക്കും ഡി.ജി.പിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ദീപ തൂണില്‍ നാളെ തന്നെ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഭരണപരമായ കുഴപ്പങ്ങള്‍ ഉണ്ടെന്നും പ്രഥമദൃഷ്ട്യാ കോടതി ഉത്തരവിന്റെ ലംഘനം നടന്നിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. നാളെ ദീപം തെളിയിക്കുമ്പോള്‍ സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസില്‍ നിന്ന് മാറ്റി സി.ആര്‍.പി.എഫിന് നല്‍കുകയും ചെയ്തു.

ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇത്തരം പ്രവണതകളെ നേരിടേണ്ട സമയമായെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച്, അരുള്‍മിഗു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു

ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്ന് പൂര്‍ണമായ വീഴ്ചയുണ്ടായെന്ന് കാണിച്ച് നിലവിലെ ട്രസ്റ്റി ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്തു. ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥന്‍, ജസ്റ്റിസ് വി. പാര്‍ത്ഥിബന്‍ എന്നിവരെ റിസീവര്‍മാരായി നിയമിച്ചു. പൂജാരിമാരുമായി ആലോചിച്ച് നാളത്തെ ചടങ്ങുകള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കണം.

ഡി.ജി.പിക്കും കളക്ടര്‍ക്കും പുറമേ ഹിന്ദുമത എന്‍ഡോവ്മെന്റ് വകുപ്പ് സെക്രട്ടറി, കമ്മീഷണര്‍, മധുര എസ്.പി, ക്ഷേത്രം സി.ഇ.ഒ, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി 13 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഡിസംബര്‍ 15-ന് ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം

തമിഴ്നാട്ടില്‍, പ്രത്യേകിച്ച് മധുര ജില്ലയില്‍ ‘ഭരണപരമായ അരാജകത്വമാണ്’ നിലനില്‍ക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി.

കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ‘മുതലക്കണ്ണീര്‍’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം സുപ്രീം കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും, ഉത്തരവുകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതല്ലെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു

തിരുപ്രംകുണ്ഡ്രം മലമുകളിലെ ദര്‍ഗക്കു സമീപത്തെ തര്‍ക്കവിഷയമായ ദീപത്തൂണില്‍ നവംബര്‍ 24ന് വൈകീട്ട് ആറിനും ആറരയ്ക്കുമിടയില്‍ ഒരുതവണ ദീപം തെളിയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍, കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയാണ് ദീപം തെളിച്ചത്. ഇതിനെതിരെ ഹിന്ദു മുന്നണി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.

ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അനുമതി നല്‍കാത്തതാണ് ദീപം തെളിക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്നാണ് മധുര ജില്ലാ കലക്ടര്‍ സുപ്രിംകോടതിയില്‍ നല്‍കിയ പ്രാഥമിക സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അറിയിച്ചത്. ഉത്തരവ് നടപ്പാക്കാനാവാത്തതില്‍ കളക്ടര്‍ നിഷാന്ത് കൃഷ്ണ നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യ ഹരജികള്‍ സമര്‍പ്പിക്കപെട്ടത്

 

Content Highlight: Lamps must be lit tomorrow itself; Tamil Nadu government’s action is a violation of the court order: Supreme Court