ന്യൂദല്‍ഹി: ജുഡീഷ്യല്‍ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും വൈവിധ്യം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനോഭാവം, യോഗ്യത എന്നിവയോടുള്ള അവഗണന വര്‍ധിച്ച് വരുന്നതായി ആശങ്ക പ്രകടിപ്പിച്ച് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. കൊളീജിയത്തിന്റെ സമീപകാല ശുപാര്‍ശകളില്‍ ഒരു പ്രത്യേക സമുദായത്തിന് പരിഗണന നല്‍കുന്നതായും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇതുമൂലം കുറയുന്നതായും അദ്ദേഹം ആരോപിച്ചു.

വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും എക്‌സിക്യൂട്ടീവ്, പാര്‍ലമെന്റ്, ജൂഡീഷ്യറി എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണിതെന്നും ഗവായ് ആവശ്യപ്പെട്ടു.

ഉന്നത നീതിന്യായ സംവിധാനത്തില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം നീതിപൂര്‍വമല്ലന്നാണ് ജഡ്ജിമാരെ നിയമിച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് നിയമമന്ത്രാലയം തന്നെ പാര്‍ലമെന്ററി സമിതിയെ അറിയിച്ചതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു പ്രത്യേക സമുദായത്തിനാണ് പരമോന്നത കോടതിയിലെ നിയമനങ്ങളില്‍ മുന്‍ഗണന ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘പരമ്പരാഗതമായി സുപ്രീം കോടതിയിലേക്കുള്ള ജഡ്ജിമാരെ പ്രധാനമായും ഹൈക്കോടതികളില്‍നിന്നാണ് നിയമിക്കുന്നത്. പാര്‍ലമെന്റില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, 2018 മുതല്‍ ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 715 ജഡ്ജിമാരില്‍ 22 പേര്‍ മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളത്. 16 പേര്‍ പട്ടികവര്‍ഗത്തില്‍നിന്നും 89 പേര്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍നിന്നും 37 പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുമുള്ളവരെന്ന് 2025 മാര്‍ച്ചില്‍ കേന്ദ്ര നിയമമന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു. നിയമിതരായവരില്‍ നാലില്‍ മൂന്ന് പേരോളം ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു,’ അദ്ദേഹം കത്തില്‍ പറയുന്നു.

സുപ്രീം കോടതി നിയമനങ്ങളില്‍ ജാതി സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താറില്ലെന്നും ഈ മൗനം തന്നെ പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഗവായ് പറഞ്ഞു.

‘2021 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവരുടെ വിഹിതം 80 ശതമാനത്തോടടുത്താണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയുടെ 40 മുതല്‍ 50 ശതമാനം വരെ വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ച പ്രാതിനിധ്യം 14 ശതമാനത്തില്‍ താഴെയാണ്. ഈ വിഭാഗങ്ങള്‍ക്കുള്ളില്‍നിന്നുപോലും ഒരു പ്രത്യേക സമുദായത്തിനാണ് പരമോന്നത കോടതിയിലെ നിയമനങ്ങളില്‍ മുന്‍ഗണന ലഭിച്ചിട്ടുള്ളത്,’ കത്തില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ആദ്യ നാല് പതിറ്റാണ്ടുകളെക്കുറിച്ച് പ്രൊഫസര്‍ ജോര്‍ജ് ഗാഡ്‌ബോയ്‌സ് നടത്തിയ പഠനത്തില്‍, അന്ന് ജനസംഖ്യയുടെ പത്തൊമ്പതിലൊന്ന് മാത്രമുണ്ടായിരുന്ന ഒരു സമുദായത്തിന് 1950 മുതല്‍ 1989 വരെയുള്ള കാലയളവില്‍ സുപ്രീം കോടതിയിലെ മൂന്നിലൊന്നിലധികം ജഡ്ജി സ്ഥാനങ്ങള്‍ ലഭിച്ചിരുന്നതായി കണ്ടെത്തിയതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കാലം മാറിയിട്ടും സുപ്രീം കോടതിയുടെ സാമൂഹിക ഘടനയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും സാമൂഹിക ബന്ധങ്ങള്‍, പരിചയസമ്പത്ത്, സുപ്രീം കോടതി ജഡ്ജിയായി ‘തോന്നുന്ന’ വ്യക്തിയെക്കുറിച്ചുള്ള മുന്‍വിധികള്‍ എന്നിവ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും ഗവായ് നിരീക്ഷിച്ചു.

കൊളീജിയത്തിന്റെ സമീപകാല ജുഡീഷ്യല്‍ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും യോഗ്യതയ്ക്കും മറ്റ് ഘടകങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം സംബന്ധിച്ചും ഗവായ് ആശങ്ക പ്രകടിപ്പിച്ചു.

ഭരണഘടനയുടെ 124(2)ാം അനുച്ഛേദം സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനാധികാരം രാഷ്ട്രപതിക്കാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവായ് രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പതിറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ജുഡീഷ്യല്‍ കീഴ്വഴക്കങ്ങള്‍ പ്രകാരം കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ക്ക് നിയമനപ്രക്രിയയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യറിയില്‍ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി വിഷയം ഗൗരവമായി പരിഗണിച്ച് ഉചിതമായ ഇടപെടല്‍ നടത്തണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ഗവായ് അഭ്യര്‍ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിനും കത്തിന്റെ പകര്‍പ്പ് അദ്ദേഹം കൈമാറിയിട്ടുണ്ട്.

Content Highlight:  Excessive preference for one community in judicial appointments: Former Chief Justice B.R. Gavai writes to the President.