മലയാളി സിനിമാ പ്രേക്ഷകരുടെ വികാരമാണ് മമ്മൂട്ടി. എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിനെതിരെ പലപ്പോഴും വിമര്‍ശനമായി ഉന്നയിക്കുന്ന കാര്യമാണ് മമ്മൂട്ടിയ്ക്ക് ഡാന്‍സ് ചെയ്യാനറിയില്ല എന്നുള്ളത്. ഇപ്പോഴിതാ ഇതേ കുറിച്ച് മമ്മൂട്ടി പറഞ്ഞ രസകരമായ വാക്കുകളാണ് വേദിയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്.

ഇപ്പോള്‍ കാണുന്ന റീലുകളില്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വിധത്തിലാണ് താന്‍ ഡാന്‍സ് കളിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ഏതെങ്കിലും ഒരു സിനിമയില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഡാന്‍സ് ചെയ്യണമെന്ന് താന്‍ കരുതിയിരുന്നുവെന്നും എന്നാല്‍ ഇനി ചെയ്താല്‍ അത് എ.ഐ ആണെന്ന് പറയുന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി. The Hawk

‘എ.ഐ ആദ്യം തന്നെ ബാധിച്ച് തുടങ്ങിയത് സിനിമയിലാണ്. ചെറിയ പൈസയ്ക്ക് ഇപ്പോള്‍ എ,ഐ ടൂളുകള്‍ കിട്ടും. അതുവെച്ച് പിള്ളേര്‍ ഓരോ വീഡിയോസ് ഉണ്ടാക്കി കളിക്കുകയാണ്. എന്റെ ജീവിതത്തില്‍ സ്വപ്‌നം കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഓരോ റീലുകളില്‍ ഞാന്‍ ഡാന്‍സ് ചെയ്യുന്നത്. അതുകൊണ്ട് ഞാന്‍ ഇനി ഡാന്‍സിനെ കുറിച്ച് ആലോചിക്കുന്നില്ല. കാരണം ഇനി ഞാന്‍ ശരിക്ക് ഡാന്‍സ് ചെയ്താലും നിങ്ങള്‍ പറയും എ.ഐ ആണെന്ന്.

എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു, ഒരു പടത്തില്‍ എങ്ങനെയെങ്കിലും ഡാന്‍സ് ചെയ്യണമെന്ന്, അത് വേണ്ടെന്ന് വെച്ചു. അതുപോലെ എല്ലാ കാര്യങ്ങളും നമ്മള്‍ തമാശയായിട്ടാണ് പറയുന്നതെങ്കിലും എ.ഐ വലിയ ഭീഷണി തന്നെയാണ്. നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല. നിലവില്‍ അമേരിക്കയും ചൈനയുമാണല്ലോ എ.ഐ കൊണ്ട് മുന്നോട്ട് പോയിട്ടുള്ളത്. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് എന്നുള്ളത് മാറ്റി, ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് എന്ന് മാറ്റിയാല്‍ പണി പാളും.

ഏതെങ്കിലും സാമ്രാജ്യവാദിയുടെ കൈയിലോ, ഒരു ഏകാധിപതിയുടെ കൈയിലോ കിട്ടിയാല്‍ ഈ ലോകം എ.ഐ ഭരിക്കും. അയാളുടെ നിയന്ത്രണത്തിലായിരിക്കും നമ്മള്‍ പോലും ചലിക്കേണ്ടത്. ഇപ്പോള്‍ തന്നെ നമ്മളെല്ലാവരും അതിന്റെ ഭീഷണിയിലാണ്,’ അഗോറ വേദിയില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty talks about the threat of Artificial intelligence in cinema and daily life