മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അനശ്വരമായ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്. താരത്തിന്റെ വഴിയെ മകന് പ്രണവ് മോഹന്‍ലാലും സിനിമയിലേക്കെത്തിയിരുന്നു. പ്രണവിന്റെ കഴിവില്‍ പലരും സംശയമുന്നയിച്ചിരുന്നെങ്കിലും ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.

പ്രണവ് മോഹന്‍ലാല്‍.. Photo: India Today
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഡിയസ് ഈറെ ആയിരുന്നു താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഡിയസ് ഈറെയിലെ രോഹന് ശങ്കര്‍ എന്ന കഥാപാത്രത്തെ അസാധ്യ മികവോടെ കൈകാര്യം ചെയ്ത് പ്രണവ് വലിയ നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ പ്രണവിനൊപ്പം നടന് ജിബിന്‍ ഗോപിനാഥും പ്രധാനവേഷത്തിലെത്തിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ പ്രണവുമായുണ്ടായ അനുഭവത്തെ കുറിച്ച് ജിബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രണവിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തെ കുറിച്ചാണ് വീണ മുകുന്ദന് നല്കിയ അഭിമുഖത്തില്‍ ജിബിന്‍ ഗോപിനാഥ് സംസാരിച്ചത്.
‘ഓരോ അഭിമുഖങ്ങളില്‍ പ്രണവിനെ കുറിച്ച് ആളുകള്‍ പറയുന്നത് എല്ലാവര്ക്കും ഒരു ട്രോളാണ്. തള്ളാണ് എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ ശരിക്കും പുള്ളി അങ്ങനെയാണ്. ഒരു ദിവസം ക്ലൈമാക്സ് ഷൂട്ട് നടക്കുകയായിരുന്നു. അന്ന് രാത്രി സമയത്ത് അദ്ദേഹത്തിന് ഷോട്ടില്ലായിരുന്നു. പ്രണവിനെ കാണാത്തതുകൊണ്ട് നോക്കിയപ്പോള്‍ ആര്‍ട്ടിന്റെ സാധനങ്ങളെല്ലാം കൊണ്ടിട്ട ഒരു തെങ്ങിന്റെ മൂട്ടില് കിടന്നുറങ്ങുന്നതാണ് ഞാന്‍ കാണുന്നത്. തൊട്ടപ്പുറത്ത് ക്യാരവാന്‍ ഉണ്ട്. പക്ഷേ പുള്ളിക്കത് വേണ്ട. പുറത്ത് എവിടെയെങ്കിലും പോയി കിന്നുറങ്ങുന്ന ഒരു ജീവിതമാണ് അദ്ദേഹത്തിന്റെത്.

ഡിയസ് ഈറെ. Photo: Kerala TV
പ്രണവിനെ പറ്റിയുള്ള എന്റെ ഒരു ധാരണയൊക്കെ മാറിയത് ആ സിനിമയോടെയാണ്. എല്ലാവരും പറയും പ്രണവ് ഒരു ഇന്‍ട്രോവേര്‍ട്ടാണെന്ന് എന്നാല്‍ ഒരിക്കലും അങ്ങനെയല്ല. പുള്ളിക്ക് ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള ആള്‍ക്കാരുടെ ഇടയില്‍ ഭയങ്കര ചില്ലായിട്ടുള്ള നല്ല ഒരു കൂട്ടുകാരനാണ് അദ്ദേഹം. പുള്ളി യാത്ര പോയ കാര്യങ്ങളും മറ്റും എന്റെ അടുത്ത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. യാത്രകളെ പറ്റിയാണ് പ്രണവിന് ഏറ്റവും കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടം,’ ജിബിന്‍ പറഞ്ഞു.
Content Highlight: Jibin Gopinath talks about his experience with Pranav Mohanlal
