ലഖ്നൗ: ഇന്ത്യയും സനാതന ധര്‍മവും പരസ്പര പൂരകങ്ങളാണെന്നും അവയെ ഒരിക്കലും വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ശക്തമായാല്‍ സനാതന ധര്‍മവും അതിനനുസരിച്ച് ശക്തിപ്പെടുമെന്നും, തിരിച്ചും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ബല്‍റാംപൂര്‍ ജില്ലയിലെ തുള്‍സിപൂരിലുള്ള ദേവിപഠാന്‍ ശക്തിപീഠത്തില്‍ ബ്രഹ്‌മലീന്‍ മഹന്ത് മഹേന്ദ്ര നാഥ് ജി മഹാരാജിന്റെ 26-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീമദ് ഭാഗവത കഥാ ജ്ഞാനയജ്ഞത്തിലും അനുസ്മരണ സമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന ‘രാഷ്ട്രം ആദ്യം’ എന്ന സങ്കല്‍പ്പം ഓരോ ഇന്ത്യക്കാരന്റെയും കൂട്ടായ തീരുമാനവും ജീവിതമന്ത്രവുമായി മാറണമെന്ന് യോഗി ആഹ്വാനം ചെയ്തു. സനാതന ധര്‍മം ദുര്‍ബലമായാല്‍ രാജ്യവും ദുര്‍ബലമാകും രാജ്യം ദുര്‍ബലമായാല്‍ സനാതന ധര്‍മ്മത്തിന് നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വെറും പ്രസംഗങ്ങളിലൂടെയോ ഉപദേശങ്ങളിലൂടെയോ ‘രാഷ്ട്രം ആദ്യം’ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കര്‍ഷകര്‍, വ്യാപാരികള്‍, സന്യാസിമാര്‍ തുടങ്ങി സമൂഹത്തിലെ ഓരോ വിഭാഗം ആളുകളും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സത്യസന്ധതയോടെയും അര്‍പ്പണബോധത്തോടെയും നിര്‍വഹിക്കുമ്പോള്‍ മാത്രമേ രാജ്യപുരോഗതി സാധ്യമാകൂവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ജീവിതത്തില്‍ കൃതജ്ഞത പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ നന്ദിയുള്ളവരായിരിക്കണം. സനാതന ധര്‍മ്മത്തെ ഒരിക്കല്‍ പുച്ഛിച്ചു തള്ളിയ വിദേശ അധിനിവേശകര്‍ക്ക് പോലും ഒടുവില്‍ അതിന്റെ മഹത്വം അംഗീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ജീവിതത്തിലെ ഒരു സംഭവം അദ്ദേഹം ഉദ്ധരിച്ചു.

മകന്‍ ഔറംഗസേബ് ആഗ്ര കോട്ടയില്‍ തടവിലാക്കിയ സമയത്ത്, ഒരു തുള്ളി വെള്ളത്തിനായി പോലും ഷാജഹാന്‍ കേഴേണ്ടി വന്നിരുന്നു. ആ നിരാശയുടെ നിമിഷത്തില്‍, നീ എന്റെ മകനായത് എന്റെ മഹാദൗര്‍ഭാഗ്യമാണ് എന്ന് വിലപിച്ച ഷാജഹാന്‍, തന്നെക്കാള്‍ എത്രയോ മികച്ചവരാണ് ഹിന്ദുക്കളെന്ന് പ്രഖ്യാപിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു.

മാതാപിതാക്കളെയും പൂര്‍വ്വികരെയും ജീവിച്ചിരിക്കുമ്പോള്‍ പരിപാലിക്കുകയും, മരണശേഷം ശ്രാദ്ധം, തര്‍പ്പണം (പിതൃക്കള്‍ക്കുള്ള ജലസമര്‍പ്പണം) തുടങ്ങിയ ചടങ്ങുകളിലൂടെ ആദരിക്കുകയും ചെയ്യുന്ന സനാതന ധര്‍മത്തിന്റെ പാരമ്പര്യത്തെയാണ് അന്ന് ഷാജഹാന്‍ പ്രശംസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സനാതന ധര്‍മ്മ വിശ്വാസികള്‍ക്കിടയില്‍ ഈ കൃതജ്ഞതാ ബോധം നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ ഇന്ത്യ സുരക്ഷിതമായും ഐക്യത്തോടെയും നിലനില്‍ക്കുകയുള്ളൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സന്യാസിമാര്‍ക്ക് വ്യക്തിപരമായ കുടുംബങ്ങളില്ലെന്നും അവര്‍ തങ്ങളുടെ ജീവിതം സമൂഹത്തിനും രാഷ്ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി സമര്‍പ്പിക്കുകയാണെന്നും മഹന്ത് മഹേന്ദ്ര നാഥ് ജി മഹാരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.

ജാതി, പ്രദേശം, ഭാഷ എന്നിവയുടെ പേരിലുള്ള ഭിന്നതകള്‍ക്ക് അതീതമായി ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും തങ്ങളെല്ലാം ഒരൊറ്റ രാഷ്ട്രത്തിന്റെ ഭാഗമാണെന്ന ചിന്ത വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതിയുടെയും ഭാഷയുടെയും പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മത്തിന്റെ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കവേ, മുതിര്‍ന്നവരോടും പൂര്‍വ്വികരോടുമുള്ള ആദരവിന്റെയും നന്ദിയുടെയും പ്രതീകങ്ങളാണ് ശ്രാദ്ധം, തര്‍പ്പണം തുടങ്ങിയ ആചാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

സന്യാസിമാര്‍ എപ്പോഴും സമൂഹത്തിനും രാജ്യത്തിനും ധര്‍മത്തിനും വേണ്ടിയാണ് ജീവിക്കുന്നതെന്നും യോഗി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ബല്‍റാംപൂരിലെത്തിയ മുഖ്യമന്ത്രി ദേവിപഠാന്‍ ക്ഷേത്രത്തില്‍ മാതാ പാടേശ്വരി ദേവിക്ക് പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തി.

ചടങ്ങില്‍ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിവര്യന്മാരും, തുള്‍സിപൂര്‍ എം.എല്‍.എ കൈലാഷ് നാഥ് ശുക്ല ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. ക്ഷേത്രപരിസരത്ത് താമസിച്ച അദ്ദേഹം ശനിയാഴ്ച രാവിലെ മടങ്ങി.

 

Content Highlight: India and Sanatana Dharma are inseparable: Yogi Adityanath