ജഗതി ശ്രീകുമാറിനൊപ്പം അഭിനയിച്ച കാലത്ത് അദ്ദേഹത്തിന്റെ അഭിനയരീതി ശ്രദ്ധിച്ചാണ് പല കാര്യങ്ങളും പഠിച്ചതെന്ന് നടൻ ജയസൂര്യ. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ പോലും ഓരോ തവണയും വ്യത്യസ്തമായി അവതരിപ്പിക്കാൻ ജഗതിക്ക് കഴിഞ്ഞിരുന്നുവെന്നും ജയസൂര്യ പറയുന്നു. പുതിയ തലമുറയിലെ അഭിനേതാക്കളിൽ നിന്ന് താൻ ഇപ്പോഴും പലതും പഠിക്കുന്നുണ്ടെന്നും അദ്ദേഹം മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ജഗതി ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹം നൂറോളം പൊലീസ് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടാകും. എന്നാൽ ഓരോന്നും വ്യത്യസ്തമായിരുന്നു. അതെങ്ങനെയാണ് അദ്ദേഹം ചെയ്യുന്നത്, അതിന് പിന്നിലെ മാനസികമായ തയ്യാറെടുപ്പ് എന്തായിരിക്കും എന്നൊക്കെ നമ്മൾ അറിയാതെ തന്നെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മുടെ അഭിനയത്തിലും മാറ്റങ്ങൾ വന്നത്,’ ജയസൂര്യ പറഞ്ഞു.

ജയസൂര്യ. Photo. Screen Grab/Youtube
തങ്ങൾ അഭിനയിക്കാൻ തുടങ്ങിയ കാലവും ഇന്നത്തെ കാലവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ജയസൂര്യ പറയുന്നു. കഥാപാത്രത്തെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് അന്ന് പഠിപ്പിച്ചുതരാൻ അധികം ആളുകളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അഭിനയം പഠിക്കാനും അതേക്കുറിച്ച് സംസാരിക്കാനും കൂടുതൽ അവസരങ്ങളുണ്ടെന്നും നടൻ പറഞ്ഞു.
‘ഇപ്പോഴത്തെ ജനറേഷനിലെ ആളുകൾക്കൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് തോന്നുന്ന വലിയ വ്യത്യാസം, അവർക്ക് കഥാപാത്രത്തെ എങ്ങനെ പിടിക്കണമെന്ന് കൃത്യമായി അറിയാം എന്നതാണ്. ഞങ്ങൾ അഭിനയിച്ചിരുന്ന കാലത്ത് ഇതൊന്നും പഠിപ്പിച്ചുതരാൻ ആരുമില്ലായിരുന്നു. ഇന്ന് ഇതിനെക്കുറിച്ച് സംസാരിക്കാനും പഠിക്കാനും പല വഴികളുമുണ്ട്,’ നടൻ പറഞ്ഞു.
പുതിയ തലമുറയിലെ അഭിനേതാക്കളിൽ നിന്ന് താൻ ഇപ്പോഴും പലതും പഠിക്കുന്നുണ്ടെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. അവരുടെ പ്രകടനത്തിൽ കഥാപാത്രത്തെ കാണാൻ കഴിയുന്നതാണ് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമെന്നും അദ്ദേഹം പറയുന്നു.

ജയസൂര്യ. Photo. Screen Grab/Youtube
‘ഇപ്പോൾ ഞാൻ അഭിനയിക്കുന്ന സമയത്ത് പുതിയ തലമുറയിലെ അഭിനേതാക്കളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവരെ അല്ല, ആ കഥാപാത്രത്തെയാണ് കാണുന്നത്. അതാണ് അവരുടെ വിജയം. അവരിൽനിന്നും നമ്മൾ പഠിക്കുന്നുണ്ട്. ഈ പഠനം എപ്പോഴാണ് നടന്നതെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഓരോ അനുഭവത്തിലൂടെയും അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ പഠിച്ചുപോകുന്നതാണ് ഇതൊക്കെ,’ ജയസൂര്യ പറഞ്ഞു.
Content Highlight:Actor Jayasurya stated that he learned many things by observing Jagathy Sreekumar’s acting style during the time he worked alongside him.
