മധുര: മധുരയിലെ തിരുപ്രംകുണ്ഡ്രം കുന്നിലെ ക്ഷേത്രത്തിന്റെയും മീറ്ററുകള്‍ അപ്പുറമുള്ള സിക്കന്ദര്‍ ദര്‍ഗയുടെയും പരിസരത്ത് കേന്ദ്ര സേനയായ സി.ആര്‍.പി.എഫിനെ വിന്യസിച്ചു. കേന്ദ്ര സേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.ആര്‍.പി.എഫ് കുന്നിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായുള്ള കാര്‍ത്തിക ദീപം ദര്‍ഗക്ക് സമീപത്തെ ദീപത്തൂണ്‍ എന്നറിയപ്പെടുന്ന ഒരു കരിങ്കല്‍ തൂണില്‍ വച്ച് (നവംബര്‍ 28, ശനി) കത്തിക്കാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്.
അതേസമയം, ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുന്നതിനായി, സുപ്രീം കോടതി നിയമിച്ച ജോയിന്റ് റിസീവര്‍മാര്‍ മധുരയിലെത്തി. സുപ്രീം കോടതി സസ്‌പെന്‍ഡ് ചെയ്ത ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ നിന്ന് തിരുപ്പറങ്കുന്‍ട്രം ക്ഷേത്രത്തിന്റെ ഭരണച്ചുമതല ജോയിന്റ് റസീവര്‍മാര്‍ ഏറ്റെടുക്കും.
മേഘാലയ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് വൈദ്യനാഥനും, മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് പാര്‍ത്ഥിപനും രാവിലെ ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് മധുരയിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരും മദ്രാസ് ഹൈക്കോടതിയിലെ ഒരു ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇവരെ വിമാനത്താവളത്തില്‍ യാത്രയാക്കി.
കുന്നിനു മുകളിലുള്ള കല്‍ത്തൂണില്‍ ദീപം തെളിക്കുന്നത് വൈകുന്നേരം ആറ് മണിയോടെയായിരിക്കും. എന്നാല്‍, ദീപം തെളിക്കുന്ന കൃത്യമായ സമയം സംബന്ധിച്ച അന്തിമ തീരുമാനം സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഈ മുന്‍ ജഡ്ജിമാരുടേതായിരിക്കും.
രാവിലെ മുതല്‍ തന്നെ നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തെ ചടങ്ങിന് വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 24ന് തിരുപ്പറങ്കുണ്ഡ്രം ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപം കാര്‍ത്തിക വിളക്ക് കത്തിച്ചിരുന്നു. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമാണ് നൂറ്റാണ്ടുകളായി വിളക്ക് കത്തിച്ചിരുന്നത്. എന്നാല്‍ അന്ന് മലമുകളിലെ സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക വിളക്ക് കത്തിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് വിരുദ്ധമായി തമിഴ് നാട് സര്‍ക്കാര്‍ ക്ഷേത്രത്തിന് സമീപം തന്നെ വിളക്ക് കത്തിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് ഇന്ന് ദീപം തെളിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു.
തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട കോടതി ജില്ലാ കളക്ടര്‍ക്കും ഡി.ജി.പിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ ഭരണപരമായ കുഴപ്പങ്ങള്‍ ഉണ്ടെന്നും പ്രഥമദൃഷ്ട്യാ കോടതി ഉത്തരവിന്റെ ലംഘനം നടന്നിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. സുരക്ഷാ ചുമതല തമിഴ്നാട് പൊലീസില്‍ നിന്ന് മാറ്റി സി.ആര്‍.പി.എഫിന് നല്‍കുകയും ചെയ്തു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇത്തരം പ്രവണതകളെ നേരിടേണ്ട സമയമായെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് തമിഴ് നാട് സര്‍ക്കാര്‍ നടപടിയെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു.
Content Highlight: CRPF takes over Thirupparankundram hill as Deepathoon to be lit today
