മലയാള സിനിമയിലിപ്പോൾ പരീക്ഷണ ചിത്രങ്ങളുടെ സമയമാണ്. ഫാന്റസി, ടൈം ലൂപ്പ്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, സസ്പെൻസ് ത്രില്ലർ, സൂപ്പർ ഹീറോ തുടങ്ങിയ ഴോണറുകളിൽ നിരവധി സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങികൊണ്ടിരിക്കുന്നത്. ഫാന്റസി ഴോണറിലുള്ള മൈ ഡിയർ കുട്ടിച്ചാത്തനിൽ തുടങ്ങി ഇപ്പോൾ കോസ്മിക്  സാംസൺ വരെ എത്തിനിൽക്കുകയാണ് മലയാള സിനിമ. അതിലേക്കുള്ള പുതിയൊരു എൻട്രിയാണ് അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത കോസ്മിക് സാംസൺ. പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന സിനിമ കൂടിയായിരുന്നു ഇത്.

എന്നാൽ ഒരു ശരാശരി സിനിമ അനുഭവം തരാൻ മാത്രമേ കോസ്മിക് സാംസൺ എന്ന സൂപ്പർ ഹീറോ സിനിമയ്ക്ക് സാധിച്ചുള്ളൂ. സൂപ്പർ ഹീറോ വിഭാഗത്തിൽ പെടുന്ന ലോകയും മിന്നൽ മുരളിയും തന്നെ അനുഭവമല്ല കോസ്മിക് സാംസൺ പ്രേക്ഷകർക്ക് തരുന്നത് എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെ പോകുന്നവരെയും പ്രതീക്ഷയില്ലാതെ പോകുന്നവരെയും ഒരുപോലെ നിരാശപ്പെടുത്താൻ ഒരുപക്ഷേ സിനിമയ്ക്ക് സാധിച്ചേക്കാം.

സിനിമാ മോഹവുമായി തിരക്കഥാകൃത്താവാൻ നടക്കുന്ന സാംസൺ (സന്ദീപ് പ്രദീപ്). കടബാധ്യതയുള്ള ഒരു ഫാമിലിയാണ് അവന്റേത്. അച്ഛനും (മുകേഷ്) ചേച്ചിയും (മിയ ജോർജ്) അവരുടെ കുട്ടിയും (വേദിക ശ്രീകുമാർ) അടങ്ങുന്ന ഒരു കൊച്ചു കുടുംബം. ചേച്ചിയുടെ പങ്കാളി വിദേശത്ത് ജോലി ചെയ്യുന്നു. അമ്മയെ ചെറുപ്പത്തിൽ തന്നെ നഷ്ടമാവുന്നു. സിനിമയിലൂടെ രക്ഷപ്പെട്ടിട്ട് വേണം വീട്ടിലെ കടബാധ്യതകൾ തീർക്കാൻ എന്ന് വിചാരിച്ചു നടക്കുന്ന സാംസൺ താൽക്കാലികമായി ഒരു ഷൂ വിൽക്കുന്ന കടയിലാണ് ജോലി ചെയ്യുന്നുന്നത്. അങ്ങനെ ഒരു ഘട്ടത്തിൽ താൻ രക്ഷപ്പെട്ടു എന്നൊരു സാഹചര്യത്തിലേക്ക് നായകൻ എത്തുന്നു.

കോസ്മിക് സാംസൺ. Photo.Screen Grab/Instagram.com

 

എന്നാൽ അവിടെയും അവന് അപ്രതീക്ഷിതമായ ഒരു തിരിച്ചടി നേരിടേണ്ടി വരുകയാണ്. സിനിമയുടെ കഥ മാറി തുടങ്ങുന്നത് അവിടെ വെച്ചാണ്. അതിനുശേഷം നായകന് സൂപ്പർ പവർ കിട്ടുകയും കഥ മറ്റൊരു ഗതിയിലേക്ക് മാറി തുടങ്ങുകയും ചെയ്യുന്നു. കടബാധ്യതകളും കഷ്ടപ്പാടുകളും ഉള്ളൊരു സാധാരണക്കാരന് സൂപ്പർ പവർ കിട്ടുമ്പോൾ അവൻ അതിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നാണ് സിനിമ നമുക്ക് കാണിച്ചു തരുന്നത്. സൂപ്പർ പവർ ഉപയോഗിക്കേണ്ട സാഹചര്യങ്ങളും അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ആ സംഭവങ്ങളിലൂടെയാണ് പിന്നീട് സിനിമ മുമ്പോട്ട് പോകുന്നത്.

സന്ദീപിന്റെ പെർഫോമൻസ് എടുത്തു പറയേണ്ട ഒരു പ്രധാനപ്പെട്ട ഘടകമാണ്. അത്രയും ഗംഭീരമായി തന്നെ സാംസൺ എന്ന കഥാപാത്രത്തെ സന്ദീപ് അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകനെ ഒട്ടും തന്നെ നിരാശപെടുത്താത്ത രീതിയിൽ അത്രയും ഗംഭീരമായി സാംസണെ കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ മുകേഷിന്റെ അച്ഛൻ കഥാപാത്രത്തിന് സിനിമയിൽ കാര്യമായിട്ട് ഒന്നും തന്നെ ചെയ്യാനില്ലാത്തതിനാൽ ഒരു ശരാശരിയായി മാത്രമേ വിലയിരുത്താൻ കഴിയുകയുള്ളൂ. നായികയായി വരുന്ന റിയ ജിത്തുവിന്റെ കഥാപാത്രം ആനിന് ഒട്ടും തന്നെ പ്രാധാന്യം സിനിമയിലില്ല. ആ കഥാപാത്രം ഇല്ലെങ്കിലും ചിത്രത്തിന് മുമ്പോട്ട് പോകാൻ കഴിയും. താരതമ്യേന മിയാ ജോർജിന്റെയും അനുരാജ് ഒ. ബിയുടെയും കഥാപാത്രങ്ങൾക്ക് മാത്രമേ ആഴവും സ്‌ക്രീൻ ടൈമുമുള്ളൂ.

കോസ്മിക് സാംസൺ. Photo.Screen Grab/Facebook.com

സാംസണിന്റെ കഥാപാത്രം കയ്യടക്കത്തോടെ ആക്ഷനും ഇമോഷണൽ സീനുകളും അവതരിപ്പിച്ചപ്പോൾ ഒപ്പത്തിനൊപ്പം നിൽക്കാൻ ഒരു വില്ലൻ കഥാപാത്രമോ മറ്റൊരു കഥാപാത്രമോ ഇല്ല എന്നുള്ളത് സിനിമയുടെ പോരായ്മയാണ്. എന്നിരുന്നാലും വില്ലന്മാരായിട്ട് എത്തുന്നവരുടെ ആക്ഷൻ രംഗങ്ങളും സ്ക്രീൻ പ്രസൻസും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സിലുള്ള നായകനും വില്ലന്മാരും തമ്മിലുള്ള ഫൈറ്റ് സീക്വൻസൊക്കെ ഗംഭീരമാണ്. ഏറ്റവും മികച്ച പോരായ്മയായി എടുത്തു പറയേണ്ടത് കഥാപാത്രങ്ങളുടെ ആഴമില്ലായ്മയാണ്. കോമഡികൾ പോലും പല സ്ഥലങ്ങളിലും വർക്കായില്ല എന്നുള്ളതും പറയേണ്ടൊരു സംഗതിയാണ്.

സൂപ്പർ പവറിന്റെ സ്വഭാവത്തിലും അത് കിട്ടുന്ന സാഹചര്യത്തിനും മാത്രമേ ഒരു പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുള്ളൂ. അതിനുശേഷം നടക്കുന്ന സംഭവങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രവചിക്കാൻ കഴിയുന്നവയാണ്. കുറച്ചുകൂടി ആഴത്തിലും രസകരമായും അവതരിപ്പിക്കാൻ കഴിയുന്ന ഒരു വിഷയമായിരുന്നിട്ടുകൂടി അത് കൃത്യമായി അവതരിപ്പിക്കാൻ കഴിയാത്തത് സിനിമയുടെ ഒരു നെഗറ്റീവ് വശം തന്നെയാണ്.

അതേസമയം ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിന്റെ പ്രകടനം പ്രശംസനീയമാണ്. എപ്പോഴത്തെയും പോലെ ചമൻ ചാക്കോ എഡിറ്റിംഗ് ഗംഭീരമായും വൃത്തിയായും ചെയ്തു വച്ചിട്ടുണ്ട്. ദീപക് ഡി മേനോന്റെ ഛായാഗ്രഹണമാണ് മറ്റൊരു ആകർഷക ഘടകം. വളരെ മനോഹരമായിട്ടും കൃത്യമായിട്ടും തന്നെ സാംസണിന്റെ വേഗതയും സൂപ്പർ പവറും ക്യാമറയിലൂടെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്.

പ്രത്യേകിച്ച് ക്ലൈമാക്സ് സീനിലെ ആക്ഷൻ രംഗങ്ങൾ. ടോക്സിക്, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ വ്ലാഡ് റിംബർഗാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. സിനിമയെ പലപ്പോഴും അപ്‌ലിഫ്‌റ്റ് ചെയ്തത് സിബി മാത്യു അലക്സിന്റെ സംഗീതമാണ്.

തിരക്കഥയുടെ പോരായ്മ കൊണ്ട് തന്നെയാണ് മിന്നൽ മുരളി, ലോക തുടങ്ങിയ സിനിമകൾ നൽകിയ സംതൃപ്തി കോസ്മിക് സാംസണിലൂടെ പ്രേക്ഷകന് കിട്ടാതെ പോയത്. എങ്കിലും ഒരു ഒരു ശരാശരി ഫാന്റസി സൂപ്പർ പവർ സിനിമാ അനുഭവം ഒരു പരിധി വരെയെങ്കിലും പ്രേക്ഷകന് ലഭിച്ചേക്കാം. മിന്നൽ മുരളി ഒരുക്കിയ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിലാണ് സിനിമാ നിർമിച്ചിരിക്കുന്നത്, അതിനാൽ ഒരുപാട് പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകനെ സിനിമ നിരാശപെടുത്തിയേക്കാം.

Content Highlight: Review of Cosmic Samson