തിരുപ്രംകുണ്ഡ്രം മറ്റൊരു അയോധ്യയാക്കാനുള്ള ഹിന്ദുത്വവാദികളുടെ നീക്കത്തെ തമിഴ്നാട് സർക്കാർ തടഞ്ഞത് ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യശക്തികൾക്കാകെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നടപടിയാണ്.
ആദ്യ ഘട്ടത്തിൽ ദീപം തെളിയിക്കാൻ ഹിന്ദുത്വവാദികൾക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടായിട്ടും വിവാദകൽത്തൂണിൽ ദീപം തെളിയിക്കുന്നത് തമിഴ്നാടിന്റെ സാമൂഹ്യ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കോടതിയിൽ തന്നെ നേരിടാമെന്ന ഉത്തമബോധ്യത്തോടെ വിജയ് സർക്കാർ പരമ്പരാഗതമായ രീതിയിൽ തന്നെ ദീപം തെളിയിക്കൽ നടത്തിയത്.

തിരുപ്രംകുണ്ഡ്രം
എന്നുവെച്ചാൽ സാമൂഹ്യപ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെയുള്ള കോടതിവിധിയെ പോലും മറികടന്നുകൊണ്ടാണ് തമിഴ്നാട് സർക്കാർ പ്രശ്നത്തിൽ നിലപാട് സ്വീകരിച്ചത്. നാടിന്റെ സമാധാനവും ഒരുമയും തകർക്കുന്നതിലേക്ക് കോടതിവിധിയുണ്ടെങ്കിൽപോലും തിരുപ്രംകുണ്ഡ്രം പ്രശ്നത്തെ എത്തിക്കാൻ പാടില്ലെന്ന രാഷ്ട്രീയ നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ക്ഷേത്രവും ദർഗയും തമ്മിലുള്ള ഭൂമിയുടെ അവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിന് നിയമാനുസൃതമായ പരിഹാരമാണുണ്ടാകേണ്ടതെന്ന നിലപാടാണ് എല്ലാകാലത്തും തമിഴ്നാട് സർക്കാർ എടുത്തത്. ആ ദിശയിൽ തമിഴ്നാട് റവന്യൂ വകുപ്പും പുരാവസ്തുവകുപ്പും അവരുടെ പഠനറിപ്പോർട്ടിൽ മുന്നോട്ടുവെച്ച തെളിവുകളെ അവഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഹിന്ദുത്വവാദികൾക്കാവശ്യമായ രീതിയിലുള്ള ഒരു ഒത്തുതീർപ്പ് വിധി പുറപ്പെടുവിച്ചതെന്ന് വിധിപ്രസ്താവന വായിച്ച ആർക്കും മനസ്സിലാക്കാവുന്നതാണ്.

തമിഴ്നാട് മുഖ്യമന്ത്രി വിജയ്
തിരുപ്രംകുണ്ഡ്രം വിവാദവും തമിഴ്നാട് സർക്കാരെടുത്ത നിലപാടും ഉയർത്തുന്ന രാഷ്ട്രീയവും നൈതികവുമായ പ്രശ്നങ്ങൾ ഏറെ ഗൗരവാവഹമായി തന്നെ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. മൃദുഹിന്ദുത്വ സമീപനങ്ങളിലൂടെ ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് തകർത്ത് ഹിന്ദുത്വവർഗീയതയ്ക്ക് മണ്ണൊരുക്കിക്കൊടുത്ത നരസിംഹറാവു സർക്കാരിന്റെയും ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെയും അപരാധപൂർണ്ണമായ നിലപാടുകളെ സംബന്ധിച്ച ആത്മപരിശോധനകൂടി ആവശ്യപ്പെടുന്നതാണ് തമിഴ്നാട് സർക്കാരിന്റെ ധീരമായ നടപടികൾ.
തിരുപ്രംകുണ്ഡ്രം വിവാദത്തിൽ സംഘപരിവാറിന് ഒട്ടും വഴങ്ങിക്കൊടുക്കാത്ത തമിഴ്നാട് സർക്കാരിന്റെ രാഷ്ട്രീയവും നൈതികവുമായ നിലപാട് അതീവ പ്രശംസനീയമാണെന്ന് പറയാതിരിക്കാനാവില്ല. ബാബരി മസ്ജിദിന്റെ ദുരനുഭവങ്ങളുടേതായ ചരിത്രപശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ തമിഴ്നാട് സർക്കാർ എടുത്ത നിലപാട് നമ്മുടെ ബഹുസ്വരതയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ അഭിവാഞ്ഛയുടെ പ്രതിഫലനമാണെന്നുകൂടി കാണണം.

ബാബരി മസ്ജിദ്
1990കളിൽ ബാബരി മസ്ജിദ് പൊളിച്ചതോടെയാണ് ഹിന്ദുത്വവാദികൾ തിരുപ്രംകുണ്ഡ്രം വിവാദം കുത്തിപ്പൊക്കിയെടുക്കുന്നത്. തിരുപ്രംകുണ്ഡ്രം സുബ്രഹ്മണ്യക്ഷേത്രത്തിന്റെയും സിക്കന്തർബാദുഷ ദർഗയുടെയും ഭൂമിയുമായി ബന്ധപ്പെട്ട അവകാശതർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്.
1915-16 കാലത്താണ് ക്ഷേത്രഭരണസമിതി ഭൂമിയുടെ അവകാശമുന്നയിച്ച് കോടതിയെ സമീപിക്കുന്നത്. ദർഗ പരിപാലകർ മലയുടെ ഭാഗത്ത് നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു അവർ 1920-ൽ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് 1923-ൽ കോടതി വിധിപറഞ്ഞത്.

സിക്കന്ദർ ദർഗ
വിധി പ്രസ്താവനയിൽ മലയുടെ ഭൂരിഭാഗം ഒഴിഞ്ഞ പ്രദേശങ്ങളും തീർത്ഥാടനപാതയും ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും ഏറ്റവും മുകളിലെ ഭാഗവും ദർഗ സ്ഥിതിചെയ്യുന്ന പ്രദേശവും ദർഗയിലേക്കുള്ള പടികളും നെല്ലിത്തോപ്പ് തുടങ്ങിയ ഭാഗങ്ങളും ദർഗയുടെ അവകാശത്തിലാണെന്നും വ്യക്തമാക്കി. ഈ വിധി പ്രസ്താവനയോടെ ഏറെക്കുറേ ക്ഷേത്രക്കാരും ദർഗക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടതാണ്.
ബാബരി മസ്ജിദ് പൊളിച്ചതോടെ വടക്കേ ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിനുണ്ടായ രാഷ്ട്രീയനേട്ടം തമിഴ്നാട്ടിലും ഉണ്ടാക്കിയെടുക്കാൻ ദർഗയുടെ 50 മീറ്റർ മാത്രം അകലെയുള്ള ദീപത്തൂണിൽ വിളക്ക് തെളിയിക്കാനുള്ള ക്യാമ്പയിനുകൾ തങ്ങളെ സഹായിക്കും എന്ന ധാരണയിൽനിന്നാണ് ഹിന്ദുത്വവാദികൾ തിരുപ്രംകുണ്ഡ്രം വിവാദം ഉയർത്തിക്കൊണ്ടുവന്നത്.
എന്നാൽ ചരിത്രപരമായോ ആചാരപരമായോ പിൻബലമില്ലാത്ത ഹിന്ദുത്വവാദികളുടെ ആവശ്യം അംഗീകരിക്കാൻ തമിഴ്നാട്ടിലെ ജനങ്ങളോ മദ്രാസ് ഹൈക്കോടതിയോ തയ്യാറായില്ല. ഹിന്ദു-മുസ്ലീം-ജൈന പാരമ്പര്യങ്ങളുടെ അടയാളങ്ങൾ ചേർന്നുനിൽക്കുന്ന പ്രദേശമാണ് തിരുപ്രംകുണ്ഡ്രം മല.
മുരുകന്റെ ആറുപടൈ വീടുകളിൽ ഒന്നായി വിശ്വാസികൾ കരുതുന്ന സുബ്രഹ്മണ്യക്ഷേത്രം മലയുടെ അടിവാരത്തിലാണ്. മലമുകളിൽ സൂഫിവര്യൻ സിക്കന്തർബാദുഷയുടെ ദർഗയും അതിനോടടുത്ത മലയിൽ ജൈന ഗുഹകളും ശിലാശയ്യകളും നിലകൊള്ളുന്നു. ഇതൊക്കെ കാണിക്കുന്നത് തിരുപ്രംകുണ്ഡ്രം മല ചരിത്രപരമായി തന്നെ ബഹുസ്വര സംസ്കൃതിയെ പുണർന്നുനിലനിൽക്കുന്നതാണെന്നാണ്.
തമിഴ്നാട്ടിൽ എങ്ങനെയെങ്കിലും സ്വാധീനമുറപ്പിക്കുകയെന്ന രാഷ്ട്രീയ അജണ്ടയിൽ നിന്നാണ് ഹിന്ദുത്വവാദികൾ തിരുപ്പറകുൺറം വിവാദമുയർത്തിക്കൊണ്ടുവന്നത്. കഴിഞ്ഞവർഷങ്ങളിൽ ഈ വിവാദം ആളിക്കത്തിക്കാനായി വർഗീയ പ്രചാരവേലകളും പലതലങ്ങളിലുള്ള സംഘാടനവും ആർ.എസ്.എസ് നടത്തിയിട്ടുണ്ട്.
ഇതിനെയെല്ലാം സ്റ്റാലിൻ സർക്കാർ വിട്ടുവീഴ്ചയില്ലാതെ നേരിട്ടു. ഇപ്പോൾ വിജയ് സർക്കാരും ഹിന്ദുത്വവാദികൾക്ക് സമുദായ സൗഹാർദ്ദത്തെ തകർക്കാൻ സഹായകരമായ ഒരു നീക്കത്തിനും കോടതിവിധിയുണ്ടെങ്കിൽപോലും തങ്ങൾ കൂട്ടുനിൽക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് തകർക്കുന്ന ഹിന്ദുത്വവാദികൾ
കോടതി സംരക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും തകർന്നുപോയ ആരാധനാലയമാണ് അയോധ്യയിലെ ബാബരി മസ്ജിദ്. ഇന്ത്യയെ വർഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്കെടുത്തെറിഞ്ഞ ദുരന്തസംഭവമെന്നാണ് ബാബരി മസ്ജിദിന്റെ തകർച്ചയെ അതിനെക്കുറിച്ച് അനേ്വഷിച്ച ജസ്റ്റിസ് ലിബറഹാൻ കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്.
സംഘപരിവാർ രാജ്യമാകെ കർസേവകരെ സജ്ജീകരിച്ച് 1992 ഡിസംബർ 6ന് പള്ളി പൊളിക്കുമെന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് അയോധ്യയിലേക്ക് മാർച്ച് ചെയ്തത്. പള്ളി പൊളിക്കാൻ വരുന്ന കർസേവകരെ തടയണമെന്ന് അവരെ ഫൈസാബാദ് ഡിസ്ട്രിക്ടിലേക്ക് പ്രവേശിക്കരുതെന്നും സുപ്രീംകോടതി കർശനമായ നിർദ്ദേശം അന്നത്തെ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നൽകിയതാണ്.
ഇന്ത്യൻ മതേതരത്വത്തിന്റെ കുംഭഗോപുരങ്ങളായ് വർത്തിക്കുന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ തൊടാൻപോലും കർസേവകരെ അനുവദിക്കരുതെന്ന് ദേശീയ ഉദ്ഗ്രഥന സമിതി റാവു സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. രാജ്യത്തെ ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാർടികളും ബാബരി മസ്ജിദ് സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തന്നെ ആവശ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യർത്ഥിച്ചതാണ്.

കല്യാൺ സിംഗ്
നമ്മുടെ മതേതരത്വത്തിന്റെ കുംഭഗോപുരങ്ങളെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുന്നതിലും തെറ്റില്ലെന്ന് കേന്ദ്രസർക്കാരിന് ഇടതുപക്ഷപാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷപാർടികൾ അനുമതി നൽകിയതാണ്. യു.പി ഭരിക്കുന്നത് ബി.ജെ.പിക്കാരനായ കല്യാൺ സിംഗ് ആണെന്നും ആ സംസ്ഥാന സർക്കാരിൽ നിന്ന് മസ്ജിദ് സംരക്ഷിക്കാനുള്ള നടപടികളുണ്ടാവില്ലെന്നും അതുകൊണ്ട് കേന്ദ്രസർക്കാർ തന്നെ ആവശ്യമായതെല്ലാം ചെയ്യണമെന്നുമാണ് രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികളൊന്നാകെ നരസിംഹറാവു സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടത്.
പക്ഷെ പള്ളി സംരക്ഷിക്കാൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ട നരസിംഹറാവു സർക്കാർ പള്ളി പൊളിക്കാനായെത്തിയ കർസേവകരുടെ സുരക്ഷയിലും അവർക്ക് പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനുള്ള കരുതൽ നടപടികളിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. കോടതിവിധിയെ പോലും മറികടന്ന് ബാബരി മസ്ജിദിന്റെ കുംഭഗോപുരങ്ങളിൽ കയറി ആ മഹാമന്ദിരം തകർത്തവർക്ക് എല്ലാ സംരക്ഷണവും നൽകുകയായിരുന്നു സർക്കാർ.

നരസിംഹറാവു
ഇവിടെയാണ് തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കൽ വിവാദത്തിൽ ജയലളിത മുതൽ സ്റ്റാലിനും ഇപ്പോൾ വിജയും എടുത്തിരിക്കുന്ന നിലപാടുകൾ മതനിരപേക്ഷതയ്ക്കും സാമുദായിക സൗഹാർദ്ദത്തിനുംവേണ്ടിയുള്ള ധീരവും പ്രശംസനീയവുമായ നിലപാടായി തീരുന്നത്.
സംഘപരിവാറിനോടും അവരുടെ രാഷ്ട്രീയ അജണ്ടയോടും കോൺഗ്രസ് എല്ലാകാലത്തും സ്വീകരിച്ചുപോന്ന അനുരഞ്ജനപരമായ സമീപനമാണ് ബാബരി മസ്ജിദിന്റെ തകർച്ചയിലേക്കും ഇന്നിപ്പോൾ രാജ്യം നേരിടുന്ന നിരവധി ആരാധനാലയ തർക്കങ്ങൾക്കും വഴിവെച്ചത്. രാജ്യത്തിന്റെ സാമുദായിക ഐക്യത്തെയും മതനിരപേക്ഷ സാമൂഹ്യഘടനയെയും അപകടപ്പെടുത്തുന്ന ഭൂരിപക്ഷതാവാദമാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയായിരിക്കുന്നത്.
ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യംവെച്ചാണ് അവർ ആരാധനാലയ തർക്കങ്ങളും വിവാദങ്ങളും ഉയർത്തുന്നതെന്ന് തിരിച്ചറിയാതെ ഹിന്ദുത്വത്തിന്റെ അജണ്ടയ്ക്കൊപ്പം ചേരുകയാണ് പലഘട്ടങ്ങളിലും കോൺഗ്രസ് സർക്കാരുകൾ ചെയ്തത്. ബാബരി മസ്ജിദ് തകർച്ചയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് ഇതെളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അതിന്റെ ദുരന്തഫലമാണ് കോടതി സംരക്ഷിക്കണമെന്ന് പറഞ്ഞിട്ടും ബാബരി മസ്ജിദ് സംരക്ഷിക്കാൻ കഴിയാതെപോയത്.
എന്നാലിപ്പോൾ തമിഴ്നാട് സർക്കാർ ഒരുകാരണവശാലും തമിഴ്ജനതയുടെ സമുദായമൈത്രിയെയും ഒരുമയെയും തകർക്കാൻ സംഘപരിവാറിന് വഴിപ്പെട്ടുകൊടുക്കില്ലെന്ന കർശനമായ നിലപാട് എടുക്കുകയും കോടതി നിർദ്ദേശിച്ചിട്ടും വിവാദ കൽത്തൂണിൽ ദീപം തെളിയിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങൾ എന്തുതന്നെയായാലും സാമൂഹ്യമൈത്രിയും ഐക്യവും വളരെ പ്രധാനമാണെന്ന ഭരണഘടനയുടെ മതനിരപേക്ഷ നിലപാടുകൾ മുറുകെപിടിച്ചുകൊണ്ടാണ് വിജയ് സർക്കാർ ഇങ്ങനെയാരു നിലപാട് സ്വീകരിച്ചത്. അത് അത്യന്തം ശ്ലാഘനീയവും വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ വിഭജനത്തിന്റെയും വിദേ്വഷത്തിന്റെയും വർഗീയനീക്കങ്ങൾക്കെതിരായ പ്രതിരോധവുമാണ്.
ഹിന്ദുത്വശക്തികൾ കഴിഞ്ഞ കുറേക്കാലമായി തിരുപ്രംകുണ്ഡ്രത്തെ ദക്ഷിണേന്ത്യയിലെ അയോധ്യയെന്നാണ് വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതായത് 400 വർഷത്തിലേറെക്കാലം അയോധ്യയിലെ മുസ്ലീങ്ങൾ തലമുറകളായി നിസ്കരിച്ചുപോന്ന ബാബരി മസ്ജിദ് തകർത്തതുപോലെ മധുരയിലെ തിരുപ്രംകുണ്ഡ്രം കുന്നിന്റെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന സിക്കന്തർബാദുഷ ദർഗയും പള്ളിയും വഖഫ് ഭൂമിയെയും ക്ഷേത്രഭൂമിയെയും വേർതിരിക്കുന്ന സർവ്വേകല്ലുകളൊന്നിൽ ദീപം തെളിയിച്ച് വഖഫ് ഭൂമി കയ്യടക്കാനുള്ള നീക്കമാണ് സംഘപരിവാർ 1994 മുതൽ ആരംഭിച്ചത്.
കഴിഞ്ഞ ഡിസംബറിലെ കാർത്തികദിനത്തിൽ വിവാദ സ്ഥലത്ത് വിളക്ക് കത്തിക്കാൻ അന്നത്തെ ഡി.എം.കെ സർക്കാർ അനുമതി നൽകിയില്ല. തമിഴ്നാടിന്റെ മതമൈത്രിയെയും സാമൂഹ്യസൗഹാർദ്ദത്തെയും തകർക്കാൻ തിരുപ്രംകുണ്ഡ്രത്തെ മറ്റൊരു അയോധ്യയാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ നീക്കങ്ങളെ കർശനമായി തന്നെ പ്രതിരോധിക്കുകയെന്ന നിലപാടായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിൻ സ്വീകരിച്ചത്.

എം.കെ സ്റ്റാലിൻ
ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ലെങ്കിലും കർശനമായ ഉപാധികളോടെ വിവാദസ്ഥലത്ത് ഒരിക്കൽ മാത്രം ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പരമ്പരാഗത രീതി തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
ഇത്തവണ വിളക്ക് തെളിയിക്കുമ്പോൾ ക്ഷേത്രജീവനക്കാരും സർക്കാർ നിയമിക്കപ്പെടുന്നവരുമല്ലാതെ മറ്റാരും അവിടെ പ്രവേശിക്കരുതെന്ന കർശനനിർദ്ദേശവും കോടതി നൽകി. കുന്നിൻപ്രദേശത്തെ പതിവ് ആരാധനയ്ക്കും സിക്കന്തർബാദുഷ ദർഗ, പള്ളി എന്നിവിടങ്ങളിലെ ആരാധനകൾക്ക് ഒരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിധിയിൽ കോടതി പ്രതേ്യകം ചൂണ്ടിക്കാട്ടി. എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെ ജീവിച്ചുപോരുന്ന പ്രദേശത്താണ് സിക്കന്തർബാദുഷ ദർഗയും സുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്.
മധുര സുൽത്താനേറ്റിലെ അവസാന സുൽത്താനായ സിക്കന്തർബാദുഷയുടെ പേരിലുള്ളതാണ് ദർഗ. 13-ാം നൂറ്റാണ്ടിൽ യുദ്ധമുഖത്ത് മരിച്ചുവീണ സിക്കന്തർബാദുഷ മധുരയിലെ ജനങ്ങളുടെ മനസ്സിൽ രക്തസാക്ഷിയാണ്. മുസ്ലീം മതവിശ്വാസികൾക്കിടയിൽ ശഹീദാണ്. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തിരുപ്രംകുണ്ഡ്രം അടിവാരത്തിൽ ദർഗ പണിയുന്നത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ദർഗയുടെയും സുബ്രഹ്മണ്യക്ഷേത്രത്തിന്റെയും സ്ഥലങ്ങൾ വേർതിരിച്ച് സർവ്വേകല്ലുകൾ ഇടുന്നത്. തർക്കത്തെ തുടർന്ന് തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ സർവ്വേ ഡിപ്പാർട്ടുമെന്റും പുരാവസ്തുവകുപ്പും ഇവിടെ സർവ്വേ നടത്തുകയുണ്ടായി. അവരുടെ സംയുക്ത പഠനറിപ്പോർട്ടിൽ സുബ്രഹ്മണ്യക്ഷേത്രഭൂമിയെയും സിക്കന്തർബാദുഷ ദർഗ നിലനിൽക്കുന്ന വഖഫ് ഭൂമിയെയും വേർതിരിക്കുന്ന സർവ്വേകല്ലാണ് വിവാദ കൽത്തൂൺ.
റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായ് ഇത്തരത്തിലുള്ള 484 സർവ്വേകല്ലുകൾ ഉള്ളതായിട്ടാണ്. സുപ്രീംകോടതി വിളക്കുകത്തിക്കൽ തർക്കത്തിൽ ഒരു തീരുമാനത്തിലെത്തുന്നതിന് മുമ്പ് ഈ പഠനറിപ്പോർട്ടുകളും തെളിവുകളുമൊന്നും പരിശോധിച്ചില്ലെന്നതാണ് വസ്തുത.
ഇപ്പോൾ വിജയ് സർക്കാരിന്റെ ദീപം കത്തിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ കോടതിയലക്ഷ്യമായി ആക്ഷേപിക്കുന്നവരും വിമർശിക്കുന്നവരും സംഘപരിവാറിന്റെ വർഗീയ അജണ്ടയ്ക്കൊപ്പം നിൽക്കുന്നവരാണ്. നൂറ്റാണ്ടുകളായി പാരമ്പര്യമായി പിന്തുടരുന്ന ആചാരമാണ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ഇപ്രാവശ്യവും പാലിച്ചതെന്ന കാര്യം പരിഗണിക്കാതെയാണ് മധുര കലക്ടർ സുപ്രീംകോടതിയിൽ വിശദീകരണം നൽകിയിട്ടുള്ളത്.
തിരുപ്രംകുണ്ഡ്രം വിവാദത്തിന്റെ സമകാലീന ചരിത്രം പരിശോധിക്കുമ്പോൾ, 1994 കാർത്തിക ദിനത്തിൽ ഹിന്ദുമുന്നണിക്കാർ ഇവിടുത്തേക്ക് മാർച്ച് ചെയ്യാനും കാർത്തിക ദീപം തെളിയിക്കാനും ഭൂമി പൂജ നടത്താനും ശ്രമിച്ചു. എന്നാൽ അന്നത്തെ തമിഴ്നാട് സർക്കാർ ഹിന്ദുമുന്നണി പ്രവർത്തകരെ അറസ്റ്റുചെയ്യുകയായിരുന്നു. കുമാരി ജയലളിതയായിരുന്നു അക്കാലത്തെ തമിഴ്നാട് മുഖ്യമന്ത്രി. അതോടെ കോടതിയിൽ കേസ് വരികയും സർവ്വേകല്ലിൽ ദീപം കൊളുത്തണമെന്ന ഹിന്ദുമുന്നണിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

ജയലളിത
ആ വിധി പ്രസ്താവനയിൽ കോടതി വ്യക്തതയോടെ പറഞ്ഞത് പരമ്പരാഗതമായി നടത്താറുള്ള സ്ഥലത്ത് മാത്രമെ ദീപം തെളിയിക്കാവൂ എന്നാണ്. ഇനി എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കിൽ തമിഴ്നാട് ഹിന്ദുമത എൻഡോവ് വകുപ്പിന്റെ അനുമതിയോടെ മാത്രമെ പാടുള്ളൂവെന്നും അങ്ങനെ വന്നാൽ അത്തരം മാറ്റം ദർഗയുടെ സംരക്ഷണത്തിനും നടത്തിപ്പിനും യാതൊരുവിധ തടസ്സവും ഉണ്ടാക്കരുതെന്നും കോടതി വിധി പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ പ്രതീക്ഷിച്ചപോലെ സമീപകാലത്ത് ബാബരി മസ്ജിദ് കേസിൽ സുപ്രിം കോടതി വിധിയെ പോലെ തിരുപ്രംകുണ്ഡ്രത്തിലും ഹിന്ദുത്വവാദികൾക്ക് അനുകൂലമായ വിധിയാണ് കോടതിയിൽ നിന്ന് വന്നത്.
Content highlight : The Congress party must abandon its history of compromising with majoritarian politics seen during the 1992 Babri Masjid demolition and learn from the Tamil Nadu government’s bold stand of prioritizing secularism and communal peace over a disputed court directive at Thiruparankundram
