2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കായുള്ള ഒരുക്കത്തിലാണ് കേരളം. കേരളത്തിന്റെ ആദ്യ മത്സരം വിദർഭയോടാണ്. നവംബർ 30ന് വി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. മികച്ച ഫോമിലാണ് സഞ്ജു സാംസണിന്റെ കീഴിൽ കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്.
വരാനിരിക്കുന്ന മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടി-20 ചരിത്രത്തിലെ ഒരു വമ്പൻ റെക്കോഡിനടുത്ത് എത്തിയിരിക്കുകയാണ് സഞ്ജു. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരങ്ങളുടെ രണ്ടാമനാവാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. നിലവിൽ 371 മത്സരത്തിലെ 354 ഇന്നിങ്സിൽ നിന്ന് 456 സിക്സറുകളാണ് സഞ്ജു നേടിയത്.

ഈ നേട്ടത്തിന്റെ പട്ടികയിൽ വിരാട് കോഹ്ലിയെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. വിരാട് കോഹ്ലി 430 മത്സരങ്ങളിലെ 413 ഇന്നിങ്സിൽ നിന്ന് 460 സിക്സറാണ് നേടിയത്. നാല് സിക്സർ നേടാൻ സാധിച്ചാൽ ഈ റെക്കോഡിൽ വിരാടിനെ മറികടക്കാൻ സഞ്ജുവിന് സാധിക്കും. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. 568 സിക്സറാണ് രോഹിത്തിന്റെ പേരിലുള്ളത്.
ടി-20യിൽ ഇന്ത്യ, രാജസ്ഥാൻ റോയൽസ്, ദൽഹി, ചെന്നൈ സൂപ്പർ കിങ്സ്, കേരളം എന്നീ ടീമുകൾക്ക് വേണ്ടിയാണ് സഞ്ജു ഇത്രയധികം സിക്സുകൾ അടിച്ചുകൂട്ടിയത്.
അതേസമയം ഹിമാചൽ പ്രാദേശിനെതിരെയുള്ള മത്സരത്തിൽ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. കേരളത്തിനായി 44 റൺസ് നേടിയാണ് ക്യാപ്റ്റൻ സഞ്ജു തിളങ്ങിയത്. 21 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെയാണ് സഞ്ജു 44 റൺസ് നേടിയത്. 209.52 എന്ന കിടിലൻ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്.
മൊഹാലിയിൽ നടന്ന മത്സരത്തിൽ ഹിമാചൽ പ്രാദേശിനെതിരെ 67 റൺസിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 268 റൺസാണ് എതിരാളികൾക്ക് നേരെ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനേ സാധിച്ചുള്ളു.
Content Highlight: Sanju Samson need four six to break Virat Kohli record in T20
