ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് ടി.വി.കെ. ആര്‍.എസ്.എസ് വേഷത്തില്‍ ഇരിക്കുന്ന സ്റ്റാലിന്റെ ചിത്രം നിര്‍മിച്ച് ടി.വി.കെ ഔദ്യോഗിക പേജിലുടെ പങ്കുവെക്കുകയായിരുന്നു.

സ്റ്റാലിന്‍ സവര്‍ക്കര്‍ 2.0 എന്നാണ് ചിത്രത്തിന് കുറിപ്പായി നല്‍കിയിരിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തെ പിന്തുണയ്ക്കാനുള്ള ഡി.എം.കെയുടെ പിന്തുണയ്ക്ക് പിന്നാലെയാണ് ടി.വി.കെയുടെ പരിഹാസം.

കൂടാതെ എം.കെ സ്റ്റാലിനൊപ്പം മകന്‍ ഉദയനിധി സ്റ്റാലിന്റെ ചിത്രവും ആര്‍.എസ്.എസ് വേഷത്തിലാക്കി മറ്റൊരു ചിത്രവും ടി.വി.കെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് സനാതനമല്ല സന്താനം എന്നാണ് കുറിപ്പ് നല്‍കിയിരിക്കുന്നത്.

ഏപ്രിലില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ തങ്ങള്‍ മുന്നോട്ടുവെച്ച രണ്ട് പ്രധാന ആവശ്യങ്ങള്‍ (തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റ് വിഹിതം സംരക്ഷിക്കുക, 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് അനുപാതം 25 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തുക) കേന്ദ്രം രേഖാമൂലം അംഗീകരിച്ചതുകൊണ്ടാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഈ ന്യായമാണ് ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ സ്റ്റാലിന്‍ എടുത്ത് കാണിക്കുന്നത്.

ബില്ല് പാസാക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് കുറഞ്ഞത് മൂന്നില്‍ രണ്ട് എം.പിമാരുടെ പിന്തുണ ആവശ്യമായതിനാല്‍ ഡി.എം.കെയുടെ ഈ തീരുമാനം ഏറെ നിര്‍ണായകമാണ്.

പാര്‍ട്ടിക്ക് 22 ലോക്സഭാ എം.പിമാരാണുള്ളത്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമായേക്കാം. നേരത്തെ തന്നെ ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചതായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.

ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം പാര്‍ലമെന്റില്‍ തങ്ങളുടെ പ്രാതിനിധ്യം ദുര്‍ബലപ്പെടുത്തിയേക്കാമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഡി.എം.കെ ബില്ലിനെ ചിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും ആകെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിലൂടെ തമിഴ്നാടിന്റെ നിലവിലെ സീറ്റ് വിഹിതമായ 7.18 ശതമാനം നഷ്ടമാകാതെ തുടരും. സംസ്ഥാനത്തെ ലോക്സഭാ സീറ്റുകള്‍ 39-ല്‍ നിന്ന് 59 ആയി ഉയരും.

1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള അന്തര്‍സംസ്ഥാന സീറ്റ് അനുപാതം 2051 വരെ (അടുത്ത 25 വര്‍ഷത്തേക്ക് കൂടി) മാറ്റമില്ലാതെ തുടരും. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഇതോടെ ഒഴിവാകുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

Content Highlight: Stalin as Savarkar 2.0: TVK lashes out at DMK’s shift in stance