പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ പാൻ ഇന്ത്യൻ ചിത്രം ഒരുക്കാൻ ഒരുങ്ങി നടനും സംവിധായകനുമായ അർജുൻ സർജ. സിനിമയ്ക്ക് നവംബർ 27ന് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാ ചടങ്ങുകളോടെ തുടക്കമായി. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് ചിത്രം നിർമിക്കുന്നത്. വിരമിച്ച ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവയാണ് തിരക്കഥ ഒരുക്കുന്നത്. അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തി.

ഓപ്പറേഷൻ സിന്ദൂർ. Photo. Instagram.com
രാജ്യത്തിന്റെ ധൈര്യം, പ്രതിരോധശേഷി, പോരാട്ടവീര്യം എന്നിവയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സൈനിക ജീവിതം, ത്യാഗം, ദേശീയ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ മേജർ വിജയ് ഭാർഗവയ്ക്കുള്ള അനുഭവപരിചയം സിനിമയുടെ കഥയ്ക്ക് കൂടുതൽ ആധികാരികത നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
വലിയ ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരികമായ മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടാകും. ഇത്തരം സംഭവങ്ങളെ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും സമീപിക്കുമെന്നും നിർമാണസംഘം അറിയിച്ചിട്ടുണ്ട്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിൽ ചിത്രത്തിന്റെ ലോഞ്ച് ചടങ്ങ് നടത്തുന്നത് ആദ്യമായാണെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ഓപ്പറേഷൻ സിന്ദൂർ. Photo. Instagram.com
ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം ഒൻപത് ഭാഷകളിൽ തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ചിത്രത്തിന്റെ ഔദ്യോഗിക പേരും താരനിരയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുമെന്നും 2027 ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും നിർമാണസംഘം അറിയിച്ചു.
Content Highlight: Actor-director Arjun Sarja is set to create a pan-Indian film, with ‘Operation Sindoor’ as its backdrop.
