ന്യൂദൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ബില്ലിനെ പിന്തുണയ്ക്കുന്ന പാർട്ടികൾ അത് സ്വന്തം രാഷ്ട്രീയ അസ്തിത്വത്തിന്റെ അന്ത്യമായിരിക്കുമെന്ന് ഓർക്കണമെന്ന് കപിൽ സിബൽ പറഞ്ഞു.
ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകാൻ പോകുന്നുവെന്നും രാഷ്ട്രത്തേക്കാൾ വലുതായി സ്വയം പ്രതിഷ്ഠിച്ചവരാണ് അതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. നവംബർ 27ന് ന്യൂദൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
‘ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകാൻ പോകുന്നു. രാഷ്ട്രത്തേക്കാൾ വലുതായി സ്വയം പ്രതിഷ്ഠിച്ചവരാണ് അതിന് ഉത്തരവാദികൾ. ബില്ലിനെ പിന്തുണയ്ക്കുന്ന പാർട്ടികൾ ഓർക്കണം, അത് സ്വന്തം രാഷ്ട്രീയ അസ്തിത്വത്തിന്റെ കൂടി അന്ത്യമായിരിക്കും,’ കപിൽ സിബൽ പറഞ്ഞു.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യത്തിലേക്കാണ് അത് നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ നിയമം സേച്ഛാധിപത്യ ഭരണത്തിലേക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടം ഏകീകരിക്കാനും ക്രമക്കേട് നടത്താനും ഈ ബില്ലുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കുന്നതിനെതിരെ കപിൽ സിബൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെ തീരുമാനത്തിന് പിന്നാലെ എം.കെ സ്റ്റാലിനെ അനുനയിപ്പിക്കാൻ ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചെന്നൈയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ എന്നും ഉറച്ചുനിന്ന വ്യക്തിയാണ് താങ്കളെന്നും ഭരണഘടനയെ സംരക്ഷിക്കാം ബില്ലിനെ എതിർക്കണമെന്നും രാഹുൽ ഗാന്ധി എക്സിലൂടെ സ്റ്റാലിനോട് പറഞ്ഞിരുന്നു.
എന്നാൽ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു സ്റ്റാലിനിന്റെ മറുപടി. തമിഴ്നാടിന്റെ താത്പര്യങ്ങളെ മുൻ നിർത്തി മാത്രമേ തന്റെ പാർട്ടി എല്ലാ കാലത്തും തീരുമാനം എടുത്തിട്ടുള്ളൂയെന്നും ഒറ്റുകാരായ എട്ടപ്പന്മാരല്ല ധീരരായ പോരാളികളായ കട്ടബൊമ്മൻമാരാണ് തങ്ങളെന്നും സ്റ്റാലിൻ പ്രതികരിച്ചു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, എം.എ. ബേബി എന്നിവരാണ് സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
Content Highlight: Rajya Sabha MP and senior advocate Kapil Sibal speaks out against the constituency delimitation bill.
