കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുകേട്ടത് പ്രതിഷേധങ്ങളുടെയും പണിമുടക്കുകളുടെയും ഇരമ്പലാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബൊളീവിയയും ചിലിയും മുതൽ യൂറോപ്പിലെ ഗ്രീസ്, പോർച്ചുഗൽ, ബെൽജിയം, ഏഷ്യയിലെ ബംഗ്ലാദേശ് വരെയുള്ള രാജ്യങ്ങൾ വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
വിലക്കയറ്റം, ഇന്ധനവില വർധനവ്, തുച്ഛമായ വേതനം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ബജറ്റ് വെട്ടിക്കുറയ്ക്കൽ, യുദ്ധച്ചെലവുകൾ വർധിപ്പിക്കുന്നതിനുള്ള പ്രതിഷേധം എന്നിവയാണ് തൊഴിലാളികളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ തെരുവിലിറക്കിയത്.
സാമ്പത്തിക പ്രതിസന്ധികളുടെയും ആയുധശേഖരണത്തിന്റെയും ഭാരം സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേൽപ്പിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയുള്ള ആഗോള തൊഴിലാളിവർഗത്തിന്റെ ശക്തമായ താക്കീതായി ഈ പ്രക്ഷോഭങ്ങൾ മാറിയിരിക്കുന്നു. നവംബർ അവസാന വാരം അരങ്ങേറിയ ഈ ആറ് പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലം, കാരണങ്ങൾ, നിലവിലെ സ്ഥിതി എന്നിവ വിശദമായി പരിശോധിക്കാം.
ബൊളീവിയ: ഡീസൽ വിലവർധനവിനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുമെതിരെ വൻ പ്രക്ഷോഭം
പ്രസിഡന്റ് റോഡ്രിഗോ പാസിന്റെ സാമ്പത്തിക-ഭരണ പരിഷ്കാരങ്ങൾക്കെതിരെ ബൊളീവിയൻ വർക്കേഴ്സ് സെന്ററിന്റെ (സി.ഒ.ബി) നേതൃത്വത്തിൽ ഖനിത്തൊഴിലാളികളും അധ്യാപകരും തെരുവിലിറങ്ങിയതോടെ രാജ്യം കടുത്ത രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
സാങ്കേതിക, കലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ ഉത്തരവാദിത്തങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് പ്രാദേശിക ഭരണകൂടങ്ങളിലേക്ക് (departmental governments) മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ 2026 ഒക്ടോബറിൽ തന്നെ അധ്യാപകർ പ്രതിഷേധം ആരംഭിച്ചിരുന്നു.

ഈ അധികാരമാറ്റം ദേശീയ തലത്തിൽ ഫണ്ട് ലഭിക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ ദുർബലപ്പെടുത്തുമെന്നും, സ്ഥാപനങ്ങളെ പ്രാദേശിക ബജറ്റ് കമ്മിയിലേക്ക് തള്ളിവിടുമെന്നും, കൃത്യസമയത്തുള്ള ശമ്പള വിതരണത്തെയും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെയും ഭീഷണിയിലാക്കുമെന്നും അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ മുതൽ തന്നെ ഈ തർക്കം രാജ്യവ്യാപകമായ പണിമുടക്കുകൾക്കും ഉപരോധങ്ങൾക്കും നിരാഹാര സമരങ്ങൾക്കും കാരണമായിരുന്നു. വിദ്യാഭ്യാസ ഫണ്ടും തൊഴിൽ സംരക്ഷണവും ഓരോ പ്രാദേശിക ഭരണകൂടത്തിന്റെയും സാമ്പത്തിക ശേഷിയെ ആശ്രയിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ തന്നെ ഉറപ്പാക്കണമെന്നാണ് അധ്യാപകരുടെ ഉറച്ച നിലപാട്.
എന്നാൽ ഈ നിർദേശം സ്വകാര്യവത്ക്കരണത്തിന് തുല്യമാണെന്ന വാദങ്ങൾ വിദ്യാഭ്യാസ മന്ത്രി എറിക് സാൻജിനസ് തള്ളിക്കളയുകയും, ഉത്തരവാദിത്തങ്ങൾ സ്വകാര്യ കൈകളിലേക്കല്ല മറിച്ച് പൊതുസ്ഥാപനങ്ങൾക്കിടയിലാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് വാദിക്കുകയും ചെയ്യുന്നു.
അധ്യാപകരുടെ സമരം ശക്തമായിരിക്കെയാണ്, പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പെട്ടെന്നുള്ള പ്രകോപനമായി ‘സുപ്രീം ഡിക്രി 5716’ (Supreme Decree 5716) വരുന്നത്. ഇതനുസരിച്ച് സർക്കാർ ആഭ്യന്തര ഡീസൽ വില ലിറ്ററിന് 18 ബൊളീവിയൻ പെസോയിൽ നിന്ന് 20.57 ആയി ഉയർത്തി. ഏകദേശം 14.3 ശതമാനത്തിന്റെ വർധനവ്.
കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിനും ക്ഷാമം തടയുന്നതിനും ആഭ്യന്തര ഇന്ധനവില അന്താരാഷ്ട്ര വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് വാദിച്ചുകൊണ്ടാണ് പ്രസിഡന്റ് റോഡ്രിഗോ പാസ് ഈ നടപടിയെ ന്യായീകരിച്ചത്. ബൊളീവിയ നിലവിൽ ഉപയോഗിക്കുന്ന ഡീസലിന്റെ 86 ശതമാനവും പെട്രോളിന്റെ 56 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും, നിലവിലുള്ള സബ്സിഡി സമ്പ്രദായം മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമാണെന്നും ഭരണകൂടം പറയുന്നു.
എന്നാൽ ഉയർന്ന ഡീസൽ വില പണപ്പെരുപ്പം തീവ്രമാക്കുമെന്നും ഭക്ഷണം, കാർഷിക ഉത്പ്പന്നങ്ങൾ, അവശ്യസാധനങ്ങൾ എന്നിവയുടെ ഗതാഗതച്ചെലവ് കുത്തനെ വർധിപ്പിക്കുമെന്നും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.
ഖനിത്തൊഴിലാളികൾക്കും ഗതാഗത തൊഴിലാളികൾക്കും കാർഷിക ഉത്പ്പാദകർക്കും ഡീസൽ ഒരു നിർണായക ഉത്പ്പാദന ഘടകമായതിനാൽ ഇതിന്റെ വിലവർധനവ് രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒന്നായി മാറി. ‘സുപ്രീം ഡിക്രി 5716’ റദ്ദാക്കണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് മൈനിംഗ് കോഓപ്പറേറ്റീവ്സും (FENCOMIN) ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സി.ഒ.ബി എക്സിക്യൂട്ടീവ് സെക്രട്ടറി മാരിയോ അർഗോളോയുടെ നേതൃത്വത്തിൽ നവംബർ 27-ന് രാജ്യവ്യാപകമായി ഗ്രേറ്റ് പീസ്ഫുൾ നാഷണൽ മാർച്ച് സംഘടിപ്പിച്ചത്. ഖനിത്തൊഴിലാളികളുടെ സംഘടനയായ FSTMB, അധ്യാപകർ, ഫാക്ടറി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, കർഷക സംഘടനകൾ, കൊക്ക കർഷകർ എന്നിവർ ഈ പ്രകടനത്തിൽ അണിനിരന്നു.

ഡീസൽ വിലവർധനവ് പിൻവലിക്കുക, വിദ്യാഭ്യാസ വികേന്ദ്രീകരണ നിർദേശം ഉപേക്ഷിക്കുക, ഖനന നിയമത്തിലും (Mining Code) സാമൂഹിക സുരക്ഷാ നിയമത്തിലും (Social Security Code) വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ എതിർക്കുക, ഫാക്ടറികൾ അടച്ചുപൂട്ടൽ, അന്യായമായ പിരിച്ചുവിടലുകൾ, വഷളാകുന്ന വായ്പാ വ്യവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുക, പൊതുമേഖലാ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക ബോണസുകൾ നൽകുക, പൊതു ആശുപത്രികളിൽ ആവശ്യത്തിന് സാധനസാമഗ്രികൾ ഉറപ്പാക്കുക, പൊലീസ് അടിച്ചമർത്തലുകളും മുൻകാല പ്രതിഷേധങ്ങളിൽ അറസ്റ്റിലായ യൂണിയൻ നേതാക്കൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികളും അവസാനിപ്പിക്കുക എന്നീ ആറിന ആവശ്യങ്ങളാണ് സി.ഒ.ബി മുന്നോട്ടുവെക്കുന്നത്.
ലാ പാസ്, എൽ ആൾട്ടോ, കൊച്ചബാംബ, സാന്താക്രൂസ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നടന്ന മാർച്ചുകളിൽ ആയിരങ്ങൾ പങ്കെടുത്തു. ലാ പാസിൽ എൽ ആൾട്ടോയിലെ ലാ സെജ മൾട്ടിപർപ്പസ് കോംപ്ലക്സിൽ നിന്ന് ആരംഭിച്ച പ്രകടനം നിരീക്ഷിക്കാൻ 500-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
ബസ് പരിശോധനയ്ക്കിടെ സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട സാമഗ്രികൾ കണ്ടെത്തിയെന്ന പേരിൽ നാല് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് കമാൻഡർ അഡ്രിയാൻ അൽവാരസ് അറിയിച്ചു. എന്നാൽ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്നും മാർച്ച് തികച്ചും സമാധാനപരമായിരുന്നുവെന്നും യൂണിയൻ നേതാക്കളായ മാരിയോ അർഗോളോയും ആൻഡ്രെസ് പായെയും വ്യക്തമാക്കി.
സുപ്രീം ഡിക്രി 5716 പിൻവലിച്ചില്ലെങ്കിൽ നവംബർ 30 മുതൽ അനിശ്ചിതകാല രാജ്യവ്യാപക പണിമുടക്ക് ആരംഭിക്കുമെന്ന് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ പകുതിയോടെ രാജ്യത്തെ അടിയന്തരാവസ്ഥാ ചട്ടക്കൂട് (state of exception) അവസാനിക്കാനിരിക്കെ, നയങ്ങൾ പുനപരിശോധിക്കാനും ചർച്ചയ്ക്ക് തയ്യാറാകാനും സർക്കാരിന് മേൽ കടുത്ത സമ്മർദ്ദമാണ് നിലവിലുള്ളത്.
ബംഗ്ലാദേശ്: മിനിമം വേതന തർക്കം രൂക്ഷം; 320 ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു
രാജ്യത്തിന്റെ കയറ്റുമതി സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികൾ നടത്തുന്ന വേതന പ്രക്ഷോഭം ബംഗ്ലാദേശിനെ കടുത്ത വ്യാവസായിക സ്തംഭനത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
പുതിയ മിനിമം വേജ് ബോർഡ് രൂപീകരിക്കുന്നതിലുണ്ടായ കാലതാമസത്തിലും സമയബന്ധിതമായി വേതന പരിഷ്കരണം നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലുമുള്ള കടുത്ത നിരാശയിൽ നിന്ന് 2026 ഒക്ടോബർ 31-നാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
നവംബർ ഒന്നിന് ആറംഗ വേജ് ബോർഡ് രൂപീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക നടപടികൾ തൊഴിലാളികളെ തൃപ്തിപ്പെടുത്തിയില്ല. തുടർന്ന് നവംബർ 25-ന് ബംഗ്ലാദേശ് വേജ് ബോർഡ് പ്രതിമാസ മിനിമം വേതനം താത്ക്കാലികമായി 17,000 ടാക്കയായി (ഏകദേശം 137 യുഎസ് ഡോളർ) അംഗീകരിച്ചതാണ് നവംബർ 25, 26 തീയതികളിൽ സംഘർഷം വീണ്ടും ആളിക്കത്താൻ കാരണമായത്.

2023-ൽ നിലവിൽ വന്ന 12,500 ടാക്ക എന്ന നിലവിലെ പ്രതിമാസ മിനിമം വേതനത്തേക്കാൾ 36 ശതമാനം വർധനവാണിതെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഭക്ഷണം, പാർപ്പിടം, ഗതാഗതം, മറ്റ് അവശ്യ ചെലവുകൾ എന്നിവ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ തുക കൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളും ട്രേഡ് യൂണിയനുകളും ഇത് പൂർണമായും തള്ളിക്കളഞ്ഞു.
വേജ് ബോർഡ് അംഗീകരിച്ച തുകയുടെ ഏകദേശം ഇരട്ടിയായ 30,000 ടാക്ക (ഏകദേശം 241 യു.എസ് ഡോളർ) പ്രതിമാസ മിനിമം വേതനമായി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ചില യൂണിയൻ പ്രതിനിധികൾ 32,000 ടാക്ക എന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു.
രണ്ടിനെതിരെ നാല് വോട്ടുകൾക്ക് വേജ് ബോർഡ് അംഗീകരിച്ച ഈ തീരുമാനം താത്ക്കാലികമാണെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പരാതികളും എതിർപ്പുകളും സമർപ്പിക്കാൻ അവസരമുണ്ടെന്നും അധികൃതർ പറയുന്നു.
പ്രക്ഷോഭം ശക്തമായതോടെ നവംബർ 26 വ്യാഴാഴ്ചയോടെ രാജ്യത്തെ കുറഞ്ഞത് 320 വസ്ത്രനിർമാണ ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്. ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (ബി.ജി.എം.ഇ.എ) പ്രസിഡന്റ് മഹ്മൂദ് ഹസൻ നൽകുന്ന വിവരമനുസരിച്ച്, ധാക്കയ്ക്ക് സമീപമുള്ള ഗാസിപൂർ വ്യവസായ മേഖലയിലുള്ള 173 ഫാക്ടറികൾ അശാന്തി കാരണം താത്ക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
ഒക്ടോബർ അവസാനം പ്രതിഷേധം ആരംഭിച്ചതുമുതൽ അടഞ്ഞുകിടക്കുന്ന 147 ഫാക്ടറികൾക്ക് പുറമെയാണ് ഇവയും പൂട്ടിയത്. നൂറുകണക്കിന് തൊഴിലാളികൾ പ്രധാന ഹൈവേ ഉപരോധിക്കാൻ ശ്രമിച്ചതോടെ പൊലീസ് സൗണ്ട് ഗ്രനേഡുകൾ പ്രയോഗിക്കുകയും സവർ, അഷൂലിയ, ഗാസിപൂർ എന്നീ വ്യവസായ മേഖലകളിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (BGB) 18 പ്ലാറ്റൂണുകളെ വിന്യസിക്കുകയും ചെയ്തു.
സംഘർഷങ്ങളിൽ ഇതുവരെ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആക്രമണം മൊബൈലിൽ പകർത്തുന്നതിനിടെ ഗാസിപൂരിലെ 21 വയസുകാരനായ തൗഫീഖ് ഷെയ്ഖും, പൊലീസ് നടപടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന സവറിലെ 23 വയസുകാരനായ മുഹമ്മദ് സലിമുമാണ് മരണപ്പെട്ടത്.
കൂടാതെ നിരവധി യൂണിയൻ നേതാക്കളെയും തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറികൾ അടച്ചിടുന്നതിനും വേതനം തടഞ്ഞുവയ്ക്കുന്നതിനും ഉടമകൾ തൊഴിൽ നിയമത്തിലെ ‘ജോലിയില്ലെങ്കിൽ വേതനമില്ല’ എന്ന സെക്ഷൻ 13(1) ഉപയോഗിക്കുന്നത് തൊഴിലാളികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏകദേശം നാല് ദശലക്ഷം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതും രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 85 ശതമാനത്തോളം സംഭാവന ചെയ്യുന്നതുമായ ഈ മേഖലയിലെ തുടർച്ചയായ അശാന്തി ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.
ഉത്പ്പാദന തടസങ്ങൾ കാരണം ഇതിനകം ഏകദേശം 428 ദശലക്ഷം യു.എസ് ഡോളറിന്റെ നഷ്ടമുണ്ടായതായും, 254 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഏകദേശം 59 ദശലക്ഷം വസ്ത്രങ്ങളുടെ ഓർഡറുകൾ വിയറ്റ്നാം, ഇന്ത്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും ബി.ജി.എം.ഇ.എ മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക സമ്മർദം വർധിച്ചുവരുന്ന സാഹചര്യത്തിൽ തൊഴിൽ മന്ത്രി ആരിഫുൾ ഹഖും തൊഴിലുടമകളും ചർച്ചകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബർ 28 ശനിയാഴ്ചയോടെ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ജീവിതച്ചെലവിന് ആനുപാതികമായ വേതന വർധനവില്ലാതെ വ്യവസായ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ.
ഗ്രീസ്: സൈനിക ചെലവുകൾക്കും വിലക്കയറ്റത്തിനുമെതിരെ 24 മണിക്കൂർ പൊതുപണിമുടക്ക്
കുറഞ്ഞ വേതനം, വർധിച്ചുവരുന്ന ജീവിതച്ചെലവ്, മോശമാകുന്ന തൊഴിൽ സാഹചര്യങ്ങൾ, പൊതുസേവനങ്ങളിലെ വെട്ടിക്കുറയ്ക്കലുകൾ, സർക്കാരിന്റെ സൈനിക ചെലവ് മുൻഗണനകൾ എന്നിവയിൽ പ്രതിഷേധിച്ച് 2026 നവംബർ 25 ബുധനാഴ്ച ഗ്രീസിലുടനീളം 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് നടന്നു.
സിവിൽ സർവന്റ്സ് കോൺഫെഡറേഷൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി (കെ.കെ.ഇ) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ഓൾ-വർക്കേഴ്സ് മിലിറ്റന്റ് ഫ്രണ്ട്’ (PAME), 31 ലേബർ സെന്ററുകൾ, 16 മേഖലാ ഫെഡറേഷനുകൾ, നൂറുകണക്കിന് പ്രാഥമിക യൂണിയനുകൾ എന്നിവർ അണിനിരന്നു.
പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികൾ, കർഷകർ, കന്നുകാലി വളർത്തുകാർ, മത്സ്യത്തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, വിദ്യാർത്ഥികൾ, സ്കൂൾ കുട്ടികൾ എന്നിവർ പ്രക്ഷോഭത്തിൽ ഒന്നിച്ചുചേർന്നതോടെ രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ചലമായി.

വർഷങ്ങളായി കുറഞ്ഞുവരുന്ന ക്രയശേഷിക്ക് പരിഹാരമായി വേതനത്തിലും പെൻഷനിലും ഗണ്യമായ വർധനവ് വരുത്തുക, സർക്കാർ ജീവനക്കാർക്ക് പ്രതിമാസ ശമ്പളം പുനസ്ഥാപിക്കുക, കൂട്ടായ തൊഴിൽ കരാറുകൾ പുനസ്ഥാപിക്കുക, ആഴ്ചയിൽ 5 പ്രവൃത്തിദിനങ്ങളുള്ള 35 മണിക്കൂർ (ദിവസം 7 മണിക്കൂർ) ജോലി സമയം നടപ്പിലാക്കുക, ഭക്ഷ്യ-പാർപ്പിട-ഊർജ ചെലവുകൾ നിയന്ത്രിക്കുക എന്നിവയായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.
നിലവിലെ വർഷത്തെ 3.2 ബില്യൺ യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2027-ലെ സർക്കാർ ബജറ്റിൽ ആയുധങ്ങൾ വാങ്ങുന്നതിനായി നാല് ബില്യൺ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്.
വൻകിട ബിസിനസ് ഗ്രൂപ്പുകളുടെ ലാഭം സംരക്ഷിക്കുന്നതിന്റെയും സൈനിക പ്രതിബദ്ധതകൾക്ക് പണം കണ്ടെത്തുന്നതിന്റെയും ഭാരം സർക്കാർ സാധാരണക്കാരുടെ ചുമലിൽ കെട്ടിവയ്ക്കുകയാണെന്ന് ഏഥൻസിലെ റാലിയെ അഭിസംബോധന ചെയ്ത കെ.കെ.ഇ ജനറൽ സെക്രട്ടറി ദിമിത്രിസ് കൗട്സൗംബാസ് വിമർശിച്ചു.
ആയുധങ്ങൾ വാങ്ങുന്നതിന് പകരം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹിക സുരക്ഷ എന്നിവയിൽ പൊതുനിക്ഷേപം നടത്തണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെട്ടത്.
രാജ്യത്തുടനീളമുള്ള 60-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും പ്രകടനങ്ങളും റാലികളും നടന്നു. ഏഥൻസിൽ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ക്ലഫ്ത്മൊനോസ് സ്ക്വയറിലും പ്രൊപ്പിലിയയിലും ഒത്തുകൂടി മാർച്ച് നടത്തി.
തെസ്സലോനികിയിൽ വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും ഉൾപ്പെടെ ആയിരങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. പിറേയസ് തുറമുഖത്ത് നാവികരും തുറമുഖ തൊഴിലാളികളും ലോഹത്തൊഴിലാളികളും പണിമുടക്കിയതോടെ കപ്പൽ അറ്റകുറ്റപ്പണി പ്രവർത്തനങ്ങളും ഫെറി സർവീസുകളും പൂർണമായും നിലച്ചു.
ഹാൽക്കിഡിക്കിയിലെ സ്കൂറീസിലുള്ള ഹെല്ലാസ് ഗോൾഡിന്റെ ഖനന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളും നിർമാണ മേഖലയും സ്തംഭിച്ചു. സർക്കാർ ഓഫീസുകൾ, നികുതി ഓഫീസുകൾ, സ്കൂളുകൾ എന്നിവ അടഞ്ഞുകിടന്നു.
സർക്കാർ ആശുപത്രികൾ അടിയന്തര വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് പ്രവർത്തിച്ചത്. ഏഥൻസിൽ മെട്രോ, ട്രാം സർവീസുകൾ നിയന്ത്രിക്കപ്പെടുകയും ഏവിയേഷൻ ടെലികമ്മ്യൂണിക്കേഷൻസ് ജീവനക്കാരുടെ സമരം കാരണം 15 പ്രാദേശിക വിമാനത്താവളങ്ങളിലായി 32 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
നവംബർ 25-ലെ പണിമുടക്കിന് പിന്നാലെ, സർക്കാരിന്റെ സൈനിക ബജറ്റിനെതിരെ ഡിസംബർ 15-ന് ഏഥൻസിലെ സിന്റാഗ്മ സ്ക്വയറിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
പോർച്ചുഗൽ: റെയിൽവേ, പൊതുമേഖലാ പണിമുടക്കുകളിൽ ഗതാഗതം സ്തംഭിച്ചു
മെച്ചപ്പെട്ട വേതനം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽപരമായ അംഗീകാരം എന്നിവ ആവശ്യപ്പെട്ട് പോർച്ചുഗലിൽ പൊതുമേഖലാ ജീവനക്കാരും റെയിൽവേ ലോക്കോ പൈലറ്റുമാരും നടത്തിയ പണിമുടക്കുകൾ രാജ്യത്തെ ഗതാഗതത്തെയും പൊതുഭരണത്തെയും സാരമായി ബാധിച്ചു.
റെയിൽവേ സമരത്തിന് മുന്നോടിയായി 2026 നവംബർ 20-ന് FNSTFPS, STAL, STML എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ ഏകദേശം 3,50,000 പൊതുമേഖലാ ജീവനക്കാർ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു.
പൊതുഭരണ രംഗത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ കരിയർ ഘടനയിൽ പരിഷ്കരണം വരുത്തുക, 15 ശതമാനം അധിക വേതന വർധനവും കുറഞ്ഞത് 150 യൂറോയുടെ വർധനവും നൽകുക, അടുത്ത വർഷം വരെ കാത്തുനിൽക്കാതെ വേതന ചർച്ചകൾ ഉടൻ ആരംഭിക്കുക എന്നിവയായിരുന്നു ഇവരുടെ ആവശ്യങ്ങൾ.

പ്രാദേശിക ഭരണകൂടങ്ങളിൽ പണിമുടക്ക് പങ്കാളിത്തം 60 ശതമാനം കവിയുകയും ചില സേവനങ്ങളിൽ 100 ശതമാനം വരെ എത്തുകയും ചെയ്തു. ആരോഗ്യ മേഖലയിലും സമാനമായ സമരങ്ങൾ നടക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ ഓപ്പറേറ്ററായ കോംബോയോസ് ഡി പോർച്ചുഗലിലെ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് ട്രെയിൻ ഡ്രൈവേഴ്സ് (SMAQ) നവംബർ 23 മുതൽ നവംബർ 27 വരെ അഞ്ച് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് സംഘടിപ്പിച്ചത്.
തൊഴിലാളികളുടെ വാങ്ങൽ ശേഷി പുനസ്ഥാപിക്കുക, തൊഴിൽപരമായ അംഗീകാരവും സുരക്ഷയും ഉറപ്പാക്കുക, താമസസ്ഥലങ്ങളിൽ നിന്ന് മാറി രാത്രികൾ ചെലവഴിക്കേണ്ടി വരുന്ന തൊഴിൽ ക്രമീകരണങ്ങളിലെ അപാകതകൾ പരിഹരിക്കുക എന്നിവയായിരുന്നു ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ.
പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന നവംബർ 24, 25 തീയതികളിലാണ് ഗതാഗത തടസം ഏറ്റവും രൂക്ഷമായത്. നവംബർ 24-ന് അർദ്ധരാത്രി മുതൽ വൈകുന്നേരം 7 മണി വരെ ഷെഡ്യൂൾ ചെയ്തിരുന്ന 1,062 ട്രെയിനുകളിൽ 795 എണ്ണം (ഏകദേശം 74.9%) റദ്ദാക്കി.
ലിസ്ബണിൽ 500 ട്രെയിനുകളിൽ 373 എണ്ണവും, പോർട്ടോയിൽ 228 സർവീസുകളിൽ 168 എണ്ണവും, ദീർഘദൂര റൂട്ടുകളിൽ 67 ട്രെയിനുകളിൽ 51 എണ്ണവും റദ്ദാക്കപ്പെട്ടു. നവംബർ 25-നും ലിസ്ബണിലെ 65 ശതമാനത്തിലധികം സർവീസുകൾ മുടങ്ങി.
പോർച്ചുഗലിനെയും സ്പെയിനിനെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സെൽറ്റ (Celta) ട്രെയിൻ സർവീസും സമരകാലയളവിൽ നിർത്തിവച്ചു. നവംബർ 27-ഓടെ റെയിൽവേ പണിമുടക്ക് അവസാനിച്ചെങ്കിലും, വേതന വർധനവ് സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യത്തിൽ യൂണിയനുകൾ ഉറച്ചുനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ തുടരാനാണ് സാധ്യത.
ബെൽജിയം: സൈനികവത്ക്കരണത്തിനും ചെലവുചുരുക്കലിനുമെതിരെ ബ്രസ്സൽസിൽ പ്രതിഷേധം
യൂറോപ്പിൽ അതിവേഗം വളർന്നുവരുന്ന സൈനികവത്ക്കരണത്തിനും പ്രധാനമന്ത്രി ബാർട്ട് ഡി വെവറിന്റെ സർക്കാർ നടപ്പിലാക്കുന്ന കടുത്ത ചെലവുചുരുക്കൽ നയങ്ങൾക്കുമെതിരെ ബെൽജിയത്തിൽ തുടർച്ചയായ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.
നവംബർ 20-ന് ഗെന്റ്, മോൺസ്, ബ്രസ്സൽസ്, ലുവൻ, ലീജ്, ആന്റ്വെർപ്, ടൂർണായി എന്നീ ഏഴ് നഗരങ്ങളിൽ നിർബന്ധിത സൈനിക സേവനത്തിനും വിദ്യാഭ്യാസ വെട്ടിക്കുറയ്ക്കലിനുമെതിരെ യുവജന-വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

ഇതിന് പിന്നാലെ നവംബർ 22-ന് ‘സ്റ്റോപ്പ് മിലിറ്ററൈസേഷൻ’ പ്ലാറ്റ്ഫോമിന്റെ നേതൃത്വത്തിൽ വർക്കേഴ്സ് പാർട്ടി ഓഫ് ബെൽജിയം (PTB/PVDA), പ്രമുഖ ട്രേഡ് യൂണിയനുകളായ FGTB , ABVV, CSC , ACV എന്നിവർ ചേർന്ന് ബ്രസ്സൽസിൽ വൻ സൈനികവിരുദ്ധ മാർച്ച് സംഘടിപ്പിച്ചു. 2024-നും 2025-നും ഇടയിൽ ബെൽജിയത്തിന്റെ പ്രതിരോധ ചെലവ് 59 ശതമാനം വർധിച്ച് ജി.ഡി.പിയുടെ രണ്ട് ശതമാനത്തിൽ എത്തിയതും നിലവിലെ പാർലമെന്ററി കാലയളവിൽ 28.4 ബില്യൺ യൂറോ കൂടി അധികമായി വകയിരുത്തുന്നതും ജനവിരുദ്ധമാണെന്ന് ഏകദേശം 5,000 പേർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
‘എഫ്-35 വിമാനങ്ങളല്ല, സമാധാനം കെട്ടിപ്പടുക്കുക’, ‘അവരുടെ യുദ്ധങ്ങൾക്ക് ഞങ്ങൾ പണം നൽകില്ല’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയ സമരക്കാർ, ആയുധശേഖരണത്തിന് പകരം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പെൻഷൻ, കാലാവസ്ഥാ സംരക്ഷണം എന്നിവയിൽ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടു.
2035-ഓടെ പ്രതിരോധ ചെലവുകൾ ജി.ഡി.പിയുടെ 5 ശതമാനമായി ഉയർത്താനുള്ള നാറ്റോയുടെ നീക്കത്തെയും ഇവർ ശക്തമായി എതിർത്തു.
സൈനികവിരുദ്ധ മാർച്ചിന് പിന്നാലെ, സർക്കാരിന്റെ ചെലവുചുരുക്കൽ പരിപാടികൾക്കെതിരെ നവംബർ 24-ന് നടന്ന രാജ്യവ്യാപക പണിമുടക്ക് ബെൽജിയത്തെ പൂർണമായും സ്തംഭിപ്പിച്ചു.
പൊതുഗതാഗതവും സ്കൂളുകളും തടസപ്പെടുകയും ബെൽജിയത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തു. ബ്രസ്സൽസിൽ നടന്ന മറ്റൊരു ദേശീയ റാലിയിൽ 50,000 മുതൽ 70,000 വരെ ആളുകൾ പങ്കെടുത്തു.
ആരോഗ്യമേഖലയിലെ ചെലവുകൾ വെട്ടിക്കുറച്ചും വാറ്റ് വർധിപ്പിച്ചും വരും വർഷങ്ങളിൽ ഏകദേശം 10 ബില്യൺ യൂറോ ലാഭിക്കാനാണ് ഡി വെവർ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് പകരം സമ്പന്നരായ വ്യക്തികളിൽ നിന്നും വൻകിട കോർപ്പറേറ്റുകളിൽ നിന്നും കൂടുതൽ നികുതി ഈടാക്കണമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം.
ബജറ്റ് പ്രതിസന്ധി ഭരണസഖ്യത്തിനുള്ളിലും വലിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. നവംബർ രണ്ടിന് രാജാവിന് സമർപ്പിച്ച രാജിക്കത്ത് നിരസിക്കപ്പെട്ടതിനെത്തുടർന്ന് തുടരുന്ന പ്രധാനമന്ത്രി, ജനുവരി ഒന്നിന് മുമ്പ് ബജറ്റിൽ സമവായമായില്ലെങ്കിൽ സർക്കാരിന്റെ ഭരണശേഷി തന്നെ ഇല്ലാതായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമാനമായ സൈനികവിരുദ്ധ പ്രക്ഷോഭങ്ങൾ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയും അവിടങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു.
ചിലി: വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെ അധ്യാപകരും ജീവനക്കാരും സമരത്തിൽ
പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ് സർക്കാരിന്റെ 2027-ലെ വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറയ്ക്കലിനും തൊഴിൽ പ്രശ്നങ്ങൾക്കുമെതിരെ ചിലിയിൽ അധ്യാപകരും പൊതുമേഖലാ ജീവനക്കാരും രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്.
ബജറ്റ് ക്രമീകരണങ്ങളുടെ ഭാഗമായി 83,000 അധ്യാപന മണിക്കൂറുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം അധ്യാപകരുടെ തൊഴിലിനെയും ക്ലാസ് മുറികളിലെ പഠനനിലവാരത്തെയും വിദ്യാർത്ഥികൾക്കുള്ള പിന്തുണാ പദ്ധതികളെയും തകർക്കുമെന്ന് ചൂണ്ടിക്കാട്ടി നവംബർ അവസാന വാരത്തിൽ ചിലി അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് അധ്യാപകരും വിദ്യാർത്ഥികളും സമരമാരംഭിച്ചു.

സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കുകയാണെന്ന് സംഘടനാ പ്രസിഡന്റ് മരിയോ അഗ്വിലാർ വിമർശിച്ചു. ഇതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടുന്നതിലും തൊഴിൽ ചർച്ചകൾ സ്തംഭിച്ചതിലും പ്രതിഷേധിച്ച് നാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് സെക്ടർ എംപ്ലോയീസും പബ്ലിക് സെക്ടർ റൗണ്ട് ടേബിളിന്റെ ഭാഗമായ മറ്റ് 16 സംഘടനകളും ചേർന്ന് നവംബർ 26-ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.
തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന റാലിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകൾ തകർക്കാനും മൊളോട്ടോവ് കോക്ടെയ്ൽ എറിയാനും ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സർക്കാരുമായി ഇതിനകം നാല് തവണ ചർച്ച നടത്തിയിട്ടും ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്ന് അധ്യാപക സംഘടനകൾ വ്യക്തമാക്കി.
തീരുമാനമെടുക്കാൻ അധികാരമുള്ള ധനകാര്യ, തൊഴിൽ മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തുക, തുടർചർച്ചകൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുക, താത്ക്കാലിക കരാറുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുക, വിരമിക്കൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ പുരോഗതി ഉറപ്പാക്കുക എന്നിവയാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങൾ. രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രതിഷേധ പരിപാടികൾ വ്യാപിപ്പിച്ച് സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യൂണിയനുകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന ഈ ജനകീയ മുന്നേറ്റങ്ങൾ കേവലം പ്രാദേശികമായ വേതന തർക്കങ്ങൾക്കപ്പുറം ആഗോള സാമ്പത്തിക നയങ്ങളോടുള്ള ശക്തമായ വിയോജിപ്പായി മാറുകയാണ്. ലാറ്റിൻ അമേരിക്ക മുതൽ യൂറോപ്പും ഏഷ്യയും വരെയുള്ള രാജ്യങ്ങളിൽ തൊഴിലാളികളും അധ്യാപകരും വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് സാമൂഹിക നീതിയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമാണ്.
സാമ്പത്തിക പ്രതിസന്ധികളുടെയും യുദ്ധച്ചെലവുകളുടെയും ഭാരം സാധാരണക്കാരുടെയും അധ്വാനിക്കുന്ന വർഗ്ഗത്തിന്റെയും ചുമലിലേക്ക് അടിച്ചേൽപ്പിക്കുന്ന നയങ്ങൾക്കെതിരെ ഭൂഖണ്ഡങ്ങൾക്കതീതമായി ഉയരുന്ന തൊഴിലാളി ഐക്യത്തിന്റെ നേർക്കാഴ്ചയാണ് ഈ പ്രക്ഷോഭങ്ങൾ.
ജീവിതച്ചെലവുകൾ കുതിച്ചുയരുമ്പോൾ അതിനനുസരിച്ചുള്ള വേതന വർധനവും പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ സംരക്ഷണവും ഉറപ്പാക്കാതെ ഈ ജനകീയ മുന്നേറ്റങ്ങളെ തണുപ്പിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയില്ല.
ആയുധങ്ങൾക്കും കോർപ്പറേറ്റ് താത്പ്പര്യങ്ങൾക്കും പകരം ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്ന ആഗോള തൊഴിലാളിവർഗത്തിന്റെ ഈ ശക്തമായ താക്കീത് വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും വ്യാപിക്കുമെന്നാണ് നിലവിലെ സമരപ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്.
Content Highlight:Against exploitation and austerity: The working class organizes globally.
