മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മുമ്പത്തേക്കാൾ പ്രാധാന്യം കുറഞ്ഞെന്നാണ് തനിക്ക് തോന്നുന്നതെന്ന് നടി ശ്രീലക്ഷ്മി. നായികയായി അഭിനയിച്ചിരുന്ന കാലത്ത് പുരുഷ കഥാപാത്രങ്ങൾക്ക് ലഭിച്ചിരുന്നതുപോലെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കും സിനിമയിൽ പ്രാധാന്യമുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും താരം പറയുന്നു. മലയാള സിനിമ തന്നെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്നും ഇപ്പോഴും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ശ്രീലക്ഷ്മി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ നായികയായി അഭിനയിച്ചിരുന്ന കാലത്ത് സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ വരാറുണ്ടായിരുന്നു. ഏത് സിനിമ എടുത്താലും പുരുഷ കഥാപാത്രങ്ങൾക്കൊപ്പം തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള സിനിമകൾ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള സിനിമകളോ ലേഡി സെന്ററിക് സിനിമകളോ ആണ് കൂടുതലായി കാണുന്നത്. മറ്റ് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ പലപ്പോഴും സൈഡിലേക്ക് പോകുകയാണ്,’ നടി പറഞ്ഞു.

രണ്ടാം വരവിൽ അമ്മ വേഷങ്ങളാണ് കൂടുതലായി ലഭിക്കുന്നതെന്നും എന്നാൽ ആ കഥാപാത്രങ്ങൾക്കും സിനിമയിൽ കാര്യമായ പ്രാധാന്യം ലഭിക്കാറില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. നിരവധി അമ്മ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കൊത്ത്, വെള്ളം എന്നീ സിനിമകളിലാണ് കുറച്ചെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചതെന്നും താരം ചൂണ്ടിക്കാട്ടി.

‘ഇപ്പോഴും നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. പല സിനിമകളിലെയും കഥാപാത്രങ്ങൾ കാണുമ്പോൾ അത് എനിക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ചിലരുടെ കൈകളിൽ പോലും ചില കഥാപാത്രങ്ങൾ വേണ്ടത്ര ഭംഗിയായി എത്താതെ പോകുന്നത് കണ്ടിട്ടുണ്ട്. മലയാള സിനിമ എന്നെ നന്നായി ഉപയോഗിച്ചിട്ടില്ല എന്നത് സത്യമാണ്,’ ശ്രീലക്ഷ്മി പറഞ്ഞു.

ഇനി കൂടുതൽ സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീലക്ഷ്മി പറഞ്ഞു. അതിമനോഹരം എന്ന സിനിമയിൽ തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

‘ഇപ്പോൾ ഞാൻ കുറച്ചുകൂടി ഫ്രീയാണ്. ഇനി കൂടുതൽ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. നമുക്ക് നല്ല സിനിമകൾ വരണം. ഇപ്പോൾ വ്യത്യസ്തമായിട്ട് അതിമനോഹരം എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്തു. അത് വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു,’ ശ്രീലക്ഷ്മി പറഞ്ഞു.

Content Highlight: Actress Sreelakshmi says she feels that female characters in Malayalam cinema have less importance now than they used to.