പുത്തന്‍ റിലീസുകള്‍ പലതും വന്നുപോയെങ്കിലും കേരള ബോക്‌സ് ഓഫീസില്‍ രാമായണയുടെ ഹോള്‍ഡിന് ഒരു കുറവും സംഭവിക്കുന്നില്ല. റിലീസ് ചെയ്ത് 25ാം ദിവസവും മികച്ച കളക്ഷന്‍ നേടി ചിത്രം ചരിത്രമെഴുതുകയാണ്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 75 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ജയിലര്‍ 2നെ അധികം വൈകാതെ രാമായണ മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍.

25ാം ദിവസമായ ഇന്നും കേരളത്തില്‍ നിന്ന് മാത്രം ഒരു കോടിക്ക് മുകളില്‍ രാമായണ നേടിക്കഴിഞ്ഞു. രണ്ടാഴ്ചക്ക് ശേഷം ഒരുകോടി നേടാന്‍ പല മലയാള സിനിമകളും പാടുപെടുന്ന സമയത്താണ് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും രാമായണ ഒരു കോടി നേടിക്കൊണ്ടിരിക്കുന്നത്. സമാനതകളില്ലാത്ത ബോക്‌സ് ഓഫീസ് വേട്ടയാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് ആദ്യദിവസം മുതല്‍ ഇന്നുവരെ ഒരു കോടിയില്‍ താഴേക്ക് രാമായണ പോയിട്ടില്ല.

രാമായണ Photo: Screen grab/ T Series

ഒപ്പം റിലീസ് ചെയ്ത സീനും പിന്നീട് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ ഓ.എം, ആകാസം ലോ ഒക്ക താര തുടങ്ങിയവ ഒരു കോടി നേടാന്‍ കഷ്ടപ്പെടുമ്പോഴാണ് രാമായണയുടെ ഈ കുതിപ്പ്. ഈയാഴ്ച തിയേറ്ററുകളിലെത്തിയ കോസ്മിക് സാംസണ്‍, പ്രേംപാറ്റ എന്നീ ചിത്രങ്ങള്‍ക്ക് പോലും രണ്ടാം ദിനം ഒരു കോടി നേടാനായിട്ടില്ല.

രാമായണക്കൊപ്പം ബോക്‌സ് ഓഫീസില്‍ കട്ടക്ക് പിടിച്ച് നില്‍ക്കുന്ന ഒരേയൊരു ചിത്രം ഹെയ്ല്‍ മേരിയാണ്. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറുന്നത്. ആദ്യദിനം വെറും 75 ലക്ഷം മാത്രം നേടിയ ചിത്രം പിന്നീടുള്ള രണ്ട് ദിവസവും ഒരു കോടി വീതം കേരളത്തില്‍ നിന്ന് നേടിക്കഴിഞ്ഞു.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് ശേഷം കുഞ്ചാക്കോ ബോബന്‍ ഭാഗമായ ഹെയ്ല്‍ മേരിക്ക് റിലീസിന് മുമ്പ് വലിയ ഹൈപ്പ് ഉണ്ടായിരുന്നില്ല. ഇമോഷണല്‍ ത്രില്ലറായൊരുങ്ങിയ ചിത്രം മേക്കിങ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിച്ച ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റിലേക്ക് കുതിക്കുകയാണ്.

വന്‍ ഹൈപ്പിലെത്തിയ കോസ്മിക് സാംസണ്‍ ശരാശരി റിപ്പോര്‍ട്ടാണ് സ്വന്തമാക്കിയത്. പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായ സൂപ്പര്‍ഹീറോ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. മിന്നല്‍ മുരളി, ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മിച്ച ചിത്രം കൂടിയാണ് കോസ്മിക് സാംസണ്‍.

Content Highlight: Hail Mary and Ramayana collected more than one crore from Kerala Box Office on Saturday