തമിഴിലെ അരങ്ങേറ്റത്തില്‍ തന്നെ സിനിമാപ്രേമികളെ ഞെട്ടിക്കാന്‍ ജിത്തു മാധവനും നസ്‌ലെനും സാധിച്ചു. ദീപാവലി റിലീസായെത്തിയ സീന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 260 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ഴോണറിലേക്ക് കോമഡി മിക്‌സ് ചെയ്തുകൊണ്ടുള്ള ജിത്തു മാധവന്റെ കഥ പറച്ചില്‍ എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്തു.

മലയാളത്തില്‍ സോഫ്റ്റ് നായകന്മാരെ മാത്രം അവതരിപ്പിച്ച നസ്‌ലെന്‍ തമിഴിലെ ആദ്യ ചിത്രത്തില്‍ വില്ലനായി ഞെട്ടിച്ചിരുന്നു. ഈശ്വരന്‍ എന്ന സൈക്കോ കില്ലറായുള്ള പെര്‍ഫോമന്‍സ് നസ്‌ലെനില്‍ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തമിഴിലെ അരങ്ങേറ്റത്തില്‍ ജിത്തു മാധവനെപ്പോലെ നസ്‌ലെനും പലരുടെയും ഫേവറെറ്റായി മാറി.

ജിത്തു മാധവന്‍ Photo: Screen Grab/ Galatta Plus

ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ റൂമറുകള്‍. സീനിന് ശേഷം ജിത്തു മാധവന്റെ അടുത്ത നായകന്‍ ആരാകുമെന്ന തരത്തില്‍ സിനിമാപേജുകളില്‍ ചര്‍ച്ച നടക്കുന്നതിനിടയിലാണ് നസ്‌ലെന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. റോം കോം ഴോണറിലുള്ള ചിത്രമാകും ജിത്തു മാധവന്‍ ഒരുക്കുകയെന്നും നസ്‌ലെന്‍ തന്റെ സേഫ് സോണിലേക്ക് തിരിച്ചെത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സീനിന് ശേഷം ജിത്തുവിന്റെ നായകനായി പല പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മഹേഷ് ബാബുവിന്റെ പേര് വരെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ സീനിന്റെ അതേ കോമ്പോ ഒന്നിക്കുന്നത് നല്ലതിനാകുമെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ പലരും അഭിപ്രായപ്പെട്ടു. പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും.

സീനിന് ശേഷം വന്‍ ഹൈപ്പില്‍ പുറത്തുവന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ വന്‍ പരാജയമായത് നസ്‌ലെന് തിരിച്ചടിയായി മാറി. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു. സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നസ്‌ലെന്റെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു.

ജിത്തു മാധവന്റെ ഫ്രെയിമില്‍ ഒരിക്കല്‍കൂടി നസ്‌ലെനെ കാണാനാകുന്നതിന്റെ ത്രില്ലിലാണ് സിനിമാപേജുകള്‍. അധികം വൈകാതെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നും 2027 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാട്രിക് 100 കോടി നേടുന്ന സംവിധായകനെന്ന നേട്ടവും ജിത്തു മാധവന്റെ മുന്നിലുണ്ട്.

Content Highlight: Rumors that Jithu Madhavan’s next movie with Naslen after Scene